Categories: VicharamArticle

ചന്ദ്രന്‍ ചിരിച്ചു, വിക്രം വാതില്‍ തുറന്നു

Published by

ഹിരാകാശപദ്ധതികളുടെ കൂടെപ്പിറപ്പാണ് പരാജയങ്ങള്‍. അന്തരീക്ഷമോ വായുവോ ഇല്ലാത്ത, പ്രവചനാതീതമായ ഗുരുത്വവ്യതിയാനങ്ങളുള്ള, സൗരവാതങ്ങളും അയോണിക് പ്രതിഭാസങ്ങളും എല്ലാം ചേര്‍ന്ന് അത്യന്തം സങ്കീര്‍ണ്ണമായ ചന്ദ്രനില്‍ ഒരു സോഫ്റ്റ് ലാന്‍ഡിങ് ദുഷ്‌കരമായ സാങ്കേതിക വെല്ലുവിളിയാണ്. ഭാരതമടക്കം നാല് രാജ്യങ്ങള്‍ നടത്തിയ ദൗത്യങ്ങളില്‍ പകുതിയിലേറെയും പരാജയപ്പെടുകയാണ് ചെയ്തത്. അമേരിക്കയുടെ അപ്പോളോ ദൗത്യങ്ങള്‍ ഒന്നൊഴികെ എല്ലാം വിജയമായിരുന്നു. അതിനു പ്രധാനകാരണം അവ കൃത്യമായി പൈലറ്റ് ചെയ്ത് ഇറക്കിയത് മനുഷ്യന്‍ നേരിട്ടായിരുന്നു. മനുഷ്യന്റെ വിവേചനബുദ്ധിയോ തീരുമാങ്ങളെടുക്കാനുള്ള കഴിവോ ഇല്ലാത്ത കമ്പ്യൂട്ടറുകള്‍, നേരത്തെ ഫീഡ് ചെയ്ത കമാന്‍ഡുകള്‍ മാത്രം അനുസരിച്ച് സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആകസ്മികമായുണ്ടാകുന്ന പ്രശ്‌നങ്ങളില്‍പെട്ടാല്‍ കാര്യങ്ങള്‍കുഴയും. അത് തന്നെയാണ് ആദ്യകാല ലൂണ, വോയേജര്‍, ചന്ദ്രയാന്‍ രണ്ട് അടക്കമുള്ള ദൗത്യങ്ങള്‍ക്കു സംഭവിച്ചത്.
എഴുപതുകളുടെ അവസാനമാണ് ഭാരതം സ്വന്തമായി റോക്കറ്റ് നിര്‍മ്മിച്ച് വിക്ഷേപണങ്ങള്‍ നടത്താന്‍ തുടങ്ങിയത്. ഒരു രാജ്യവും കൈമാറാത്ത റോക്കറ്റ് സാങ്കേതികവിദ്യ പൂജ്യം മുതല്‍ സ്വന്തമായി ഉണ്ടാക്കിയെടുക്കണം. വന്‍ മുതല്‍മുടക്ക്, ഭാവിയില്‍ മാത്രം ലഭിച്ചേക്കാവുന്ന പ്രയോജനങ്ങള്‍, വലിയ പരാജയസാധ്യതകള്‍. ഇതെല്ലാം മറികടന്ന് നമ്മള്‍ തോറ്റു തോറ്റ് ജയിച്ചു കീഴടക്കിയ മേഖലയാണ് സ്‌പേസ് സയന്‍സ്.
ചാന്ദ്രപ്രതലത്തിന് ഒരു കിലോമീറ്റര്‍ അടുത്ത് എത്തുന്നതുവരെയുള്ള പ്രക്രിയകളില്‍ ചന്ദ്രയാന്‍ രണ്ട് പൂര്‍ണ്ണമായും വിജയിച്ച സ്ഥിതിക്ക്, ലാന്‍ഡിങ്ങിലെ സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക മാത്രമേ ചാന്ദ്രയാന്‍ മൂന്നില്‍ ചെയ്യാനുണ്ടായിരുന്നുള്ളു. ചാന്ദ്രയാന്‍ രണ്ടിന്റെ ഒപ്പമുണ്ടായിരുന്ന ഓര്‍ബിറ്റര്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഈ ദൗത്യത്തില്‍ ഓര്‍ബിറ്ററിന്റെ ആവശ്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ആ ഓര്‍ബിറ്ററിന്റെ ഭാരം കൂടി ലാന്‍ഡറിലെ സുരക്ഷക്ക് വേണ്ടി ഉപയോഗിച്ചു. മൂന്ന് ഘട്ടമായി നടക്കുന്ന ലാന്‍ഡിങ്ങില്‍ ക്യാമറ ഫെയ്‌സ് എന്ന ഘട്ടത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള സോഫ്റ്റ് വെയറുകള്‍ ലോക്ക് ചെയ്തിരുന്നതാണ് കഴിഞ്ഞതവണ ലാന്‍ഡിംഗ് പരാജയപ്പെടാനുള്ള പ്രധാനകാരണം. ആ സോഫ്റ്റ് വെയര്‍ കൂടുതല്‍ അപ്‌ഗ്രെയ്ഡ് ചെയ്ത്, സ്വയം തീരുമാനമെടുക്കാനുള്ള കൃത്രിമബുദ്ധിയും ഉള്‍പ്പെടുത്തി. വേണ്ടിവന്നാല്‍ പറ്റിയ ഇടംതേടി പോകാനും തുമ്പിയെപ്പോലെ വായുവില്‍ തങ്ങിനിന്നു നിരീക്ഷിക്കാനുമുള്ള കൂടുതല്‍ ഇന്ധനം കരുതി. ഇറങ്ങേണ്ട സ്ഥലം സൂക്ഷ്മമായി വിലയിരുത്താനുള്ള ലേസര്‍ സ്‌കാനിങ് ക്യാമറകള്‍ ഉള്‍പ്പെടുത്തി. കൂടുതല്‍ ശക്തിയോടെ ഇറങ്ങേണ്ടിവന്നാല്‍ പേടകത്തിന് കുഴപ്പം വരാതിരിക്കാന്‍ കാലുകളുടെ ബലം കൂട്ടി. ഈ സംവിധാനങ്ങളെല്ലാം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നുറപ്പുവരുത്താന്‍ ചന്ദ്രന്റെ പ്രതലവും പരിസ്ഥിതിയും കൃത്രിമമായി ഉണ്ടാക്കി പല പ്രാവശ്യം പരീക്ഷിച്ചു.
ചാന്ദ്രപദ്ധതികളുടെ ട്രയലുകള്‍ക്ക് അത്യാവശ്യമുള്ള ഒന്നാണ് ലൂണാര്‍ ലിഗോരിത്ത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണ്. ഒട്ടേറെ അയോണിക് പ്രത്യേകതകള്‍ ഉള്ള അത്യന്തം നേര്‍ത്ത ഈ മണ്ണിലാണ് ലാന്‍ഡര്‍ ഇറങ്ങേണ്ടതും റോവര്‍ ഉരുളേണ്ടതും. അപ്പോള്‍ ആ സാഹചര്യത്തിലെ ട്രയലുകള്‍ നടത്താന്‍ ഇതും അത്യാവശ്യമാണല്ലോ. ചന്ദ്രനില്‍നിന്നു കൊണ്ടുവന്ന മണ്ണിനെ അപഗ്രഥിച്ചു പഠിച്ച് അമേരിക്കയും സോവിയറ്റ് യൂണിയനും ലിഗോരിത്ത് ഉണ്ടാക്കിയിട്ടുണ്ട്. അവര്‍ അതിനു പറഞ്ഞ വില, ചന്ദ്രയാന്‍ പദ്ധതിയുടെ ആകെ ബജറ്റിനേക്കാള്‍ വലിയ തുകയായിരുന്നു. അതോടെ ലിഗോരിത്തും ഇവിടെ ഉണ്ടാക്കി. തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് ഏകദേശം ഈ പ്രത്യേകതകള്‍ ഉള്ള പാറകള്‍ പൊടിച്ചുണ്ടാക്കിയ പൊടി ട്രീറ്റ് ചെയ്തുണ്ടാക്കിയ ലൂണാര്‍ ലിഗോരിത്ത് ആണ് ട്രയലുകള്‍ക്ക് ഉപയോഗിച്ചത്. ഇതിനു ഇസ്രോ പെറ്റന്‍ഡും നേടിക്കഴിഞ്ഞു.
2019ല്‍ സംഭവിച്ചതെന്ത് എന്ന് കൃത്യമായി പഠിച്ച് അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, നാലു വര്‍ഷത്തെ കഠിന ശ്രമങ്ങളും വിലയിരുത്തലുകളും ആവര്‍ത്തിച്ചുറപ്പിക്കലുകളും കഴിഞ്ഞാണ് 2023 ജൂലായ് 14 നു ഉച്ചക്ക് ശ്രീഹരിക്കോട്ടയുടെ തെളിഞ്ഞ മാനത്തേക്ക് സ്വപ്‌നപദ്ധതിയുമായി ബാഹുബലി പറന്നുയര്‍ന്നത്. ഇന്നുവരെ പരാജയമറിഞ്ഞിട്ടില്ലാത്ത റോക്കറ്റാണ് ബാഹുബലി. അതുകൊണ്ടുതന്നെ വിക്ഷേപണം, ഭ്രമണപഥ ഉയര്‍ത്തലുകള്‍, ട്രാന്‍സ് ലൂണാര്‍ പ്രവേശനം, ചന്ദ്രനിലേക്കുള്ള യാത്ര, ചന്ദ്രനിലെ ഭ്രമണപഥ പ്രവേശനം എന്നിവയൊക്കെ ടെക്സ്റ്റ് ബുക്ക് കൃത്യതയോടെ നടന്നു.
2023 ആഗസ്റ്റ് 23. കൃത്യം 5.40നു തന്നെ മുപ്പത് കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് വിക്രം ലാന്‍ഡറിന്റെ എഞ്ചിനുകള്‍ എതിര്‍ദിശയില്‍ ജ്വലിക്കാന്‍ തുടങ്ങി. മണിക്കൂറില്‍ ആറായിരം കിലോമീറ്റര്‍ എന്ന വേഗം കുറയുന്നതിനനുസരിച്ച്, ഒരു മാരുതി കാറിന്റെ വലിപ്പമുള്ള പേടകം താഴേക്ക് വന്നു. 2019 ല്‍ പരാജയപ്പെട്ട, ഇപ്പോള്‍ അള്‍ട്ടിട്യൂഡ് ഹോള്‍ഡിങ് ഫെയ്‌സ് എന്ന പത്ത് സെക്കന്‍ഡ് നീളുന്ന ഘട്ടത്തില്‍ പേടകത്തിന്റെ കാലുകള്‍ ചന്ദ്രന് അഭിമുഖമായി തിരിഞ്ഞു. കണ്‍തുറന്ന ക്യാമറകളും സ്‌കാനറുകളും ചാന്ദ്രപ്രതലം അരിച്ചു പെറുക്കി .സമയം കൃത്യം ആറുമണി കഴിഞ്ഞു മൂന്ന് മിനിറ്റില്‍ വിക്രം ലാന്‍ഡര്‍ ഒരു അപ്പൂപ്പന്‍ താടിപോലെ ചന്ദ്രന്റെ ചാരമണ്ണില്‍ പദമൂന്നി നിവര്‍ന്നു നിന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവം എന്ന ബാലികേറാമലയില്‍ ഭാരതം വെന്നിക്കൊടി നാട്ടി.
ലാന്‍ഡിംഗ് എന്ന സുപ്രധാന ദൗത്യം കഴിഞ്ഞെങ്കിലും ലക്ഷ്യങ്ങള്‍ ബാക്കിയായിരുന്നു. എഞ്ചിനുകള്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള പൊടിപടലങ്ങള്‍ അടങ്ങി. ചന്ദ്രനില്‍ സൂര്യന്‍ ഉദിക്കാന്‍ തുടങ്ങി. പുഞ്ചിരി വിരിയുംപോലെ ചന്ദ്രന്റെ മുഖം തെളിഞ്ഞു. പ്രഭാതത്തില്‍ ഉമ്മറവാതില്‍ തുറക്കും പോലെ വിക്രം ലാന്‍ഡറിന്റെ വാതില്‍ തുറന്നു. അതൊരു നീണ്ട റാമ്പ് ആയി താഴേക്ക് നീണ്ടു. അതിലൂടെ, ഇരുപത്താറു കിലോഗ്രാം ഭാരമുള്ള പ്രജ്ഞാന്‍ റോവര്‍ അരിച്ചരിച്ച് ചന്ദ്രപ്രതലത്തിലേക്ക് ഇറങ്ങി. റോവറിന്റെ ചക്രങ്ങളില്‍ പതിച്ച അശോകസ്തംഭവും, സത്യമേവ ജയതേ എന്ന മുണ്ഡകോപനിഷത്തിലെ മഹാവാക്യവും ഇസ്രോയുടെ ലോഗോയും ചന്ദ്രന്റെ മണ്ണില്‍ ആലേഖനം ചെയ്ത് ഉരുണ്ടുനീങ്ങിയപ്പോള്‍ രാജ്യം കോരിത്തരിക്കുക മാത്രമല്ല ലോകം അമ്പരന്നു നില്‍ക്കുക കൂടിയായിരുന്നു. ഒരിക്കല്‍ നമുക്ക് സാങ്കേതികവിദ്യകള്‍ നിഷേധിച്ച, ക്രയോജനിക് എഞ്ചിന് തുരങ്കം വെച്ച, പാമ്പാട്ടികളുടെ രാജ്യമെന്ന് ഭാരതത്തെ പരിഹസിച്ച പാശ്ചാത്യരാജ്യങ്ങള്‍ അന്തം വിട്ടുപോയി.

പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ പ്രപഞ്ച ഗോളങ്ങളെ നിരീക്ഷിക്കാനും
ചന്ദ്രയാന്‍ രണ്ടിലെ ഓര്‍ബിറ്റര്‍ ചന്ദ്രയാന്‍ മൂന്നില്‍ ഇല്ലെന്ന് സൂചിപ്പിച്ചല്ലോ. അതിനു പകരം ഭ്രമണപഥങ്ങള്‍ ഉയര്‍ത്താനും താഴ്‌ത്താനുമുള്ള എഞ്ചിന്‍ ഉള്ള ലാന്‍ഡറിനെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുന്ന ഒരു പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ആണുള്ളത്. ലാന്‍ഡര്‍ വേര്‍പെട്ടതിനു ശേഷവും ഈ ഭാഗം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടര്‍ന്ന് ഭൂമിയെ നിരീക്ഷിക്കാനും ഭൂമിയില്‍ നിന്ന് സ്വാഭാവികമായുണ്ടാകുന്ന സിഗ്‌നലുകളില്‍ നിന്ന് ഒരു സിഗ്‌നേച്ചര്‍ രേഖപ്പെടുത്താനുമുള്ള ഉപകരണം ഈ മോഡ്യൂളില്‍ ഉണ്ട്. ഈ വിവരവുമായി താരതമ്യം ചെയ്ത് പ്രപഞ്ചത്തിലെ ഗോളങ്ങളില്‍ എവിടെയെങ്കിലും മനുഷ്യവാസ സാധ്യതയുണ്ടോ എന്ന് പഠിക്കും.
ചന്ദ്രപ്രതലത്തിലെ തെര്‍മോ ഫിസിക്കല്‍ പരീക്ഷണങ്ങള്‍ക്കും ഭൂകമ്പത്തിനു സമാനമായ ചന്ദ്രനിലെ സീസ്മിക് പ്രകമ്പനങ്ങള്‍ അളക്കാനുമുള്ള സംവിധാനങ്ങള്‍, ചന്ദ്രന്റെ പരിസ്ഥിതിയില്‍ ഉള്ള പ്ലാസ്മയുടെ സാന്നിധ്യം പഠിക്കാനുള്ള ഉപകരണം, സൂര്യരശ്മികള്‍ നേരിട്ട് പതിക്കുമ്പോള്‍ ചന്ദ്രന്റെ പ്രതലത്തിലുണ്ടാകുന്ന അയോണിക്, താപ വ്യതിയാനങ്ങള്‍, പ്രതലത്തോട് ചേര്‍ന്ന പ്ലാസ്മ ഒക്കെ പഠിക്കാനുള്ള സംവിധാനം തുടങ്ങിവയാണ് വിക്രം ലാന്‍ഡറില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍. കൂടാതെ ചന്ദ്രോപരിതലത്തില്‍ ഉരുണ്ടിറങ്ങി പഠിക്കുന്ന പ്രഗ്യാന്‍ റോവറില്‍ ധാതുക്കള്‍ കണ്ടെത്താനും മഗ്‌നീഷ്യം, കാല്‍ഷ്യം തുടങ്ങിയവയുടെ സാന്നിദ്ധ്യം കണ്ടെത്തലിനുമുള്ള ഉപകരണങ്ങളുമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by