കരുനാഗപ്പള്ളി: റേഷന്‍ വ്യാപാരികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് 11ന് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കളരിക്കല്‍ എസ്.ജയപ്രകാശ്, സംസ്ഥാന സെക്രട്ടറി എം. വേണുഗോപാലന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റേഷന്‍ വ്യാപാരികള്‍ നേരിടുന്ന വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പലതവണ നിവേദനങ്ങള്‍ കൊടുത്തിട്ടും സര്‍ക്കാര്‍ റേഷന്‍ വ്യാപാരികളോട് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്.
റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക, ആറുവര്‍ഷം മുമ്പ് നടപ്പിലാക്കിയ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ലൈസന്‍സിക്ക് 10,000 രൂപയും സെയില്സ്മാന് 15,000 രൂപയും മിനിമം വേതനം അനുവദിക്കുക, കിറ്റ് വിതരണത്തിന് വ്യാപാരികള്‍ക്ക് അനുകൂലമായ കോടതിവിധി നടപ്പിലാക്കുക, ക്ഷേമനിധി വ്യാപാരികള്‍ക്ക് ഗുണകരമായ നിലയില്‍ പരിഷ്കരിക്കുക, കട വാടകയും, വൈദ്യുതി ചാര്‍ജും സര്‍ക്കാര്‍ നല്‍കുക, കെടിപിഡിഎസ് നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക, മണ്ണെണ്ണയ്ക്ക് വാതില്‍പ്പടി വിതരണം ഏര്‍പ്പെടുത്തുക, ഇ-പോസ് മെഷീനിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കടഅടപ്പ് സമരം.
കൊല്ലം ജില്ലാ പ്രസിഡന്റ് കെ. പ്രമോദ്, വി.ശശിധരന്, കെ.സനില്‍കുമാര്‍, എം.കെ.മജീദ്കുട്ടി, ആര്.സുകുമാരന്‍ നായര്‍, തോമസ് ജോണ്‍ കുറിച്ചിയില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: