ഇന്ത്യ ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ പാതയിലാണ്. ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബഹിരാകാശത്ത് വിസ്മയം തീര്‍ത്ത് ചന്ദ്രയാന്‍ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചു. ആദിത്യനെ തേടിയുള്ള ആദ്യ സംരംഭമായ പിഎസ്എല്‍വി സി- 57 കുതിച്ചുയര്‍ന്നു കഴിഞ്ഞു. മറ്റൊരു ചരിത്രം സൃഷ്ടിക്കാന്‍. ആദിത്യ എല്‍-1. കേവലം 9 വര്‍ഷം കൊണ്ട് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയും, നാലാമത്തെ സൈനികശക്തിയുമായി വളര്‍ന്നു. നിത്യവൃത്തിക്കായി അന്യരാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് 42 ട്രില്യണ്‍ ഭക്ഷ്യ ശേഖരമുള്ള രാജ്യമാണ്. ലോകരാജ്യങ്ങളെ ആകെ ഉലച്ച കോവിഡ് മഹാമാരിയെ അനായാസം മറികടക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഭക്ഷ്യസുരക്ഷിതത്വവും, ഇരുപതിനായിരം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് പോലുള്ള പദ്ധതികളുമാണ് കോവിഡ് കാലത്തും ഇന്ത്യയുടെ വളര്‍ച്ച 7.8% ആയി നിലനിര്‍ത്താന്‍ സഹായിച്ചത്. ജി20 അധ്യക്ഷപദവിയില്‍ നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യ ലോകത്തിന് മാതൃകയും ചോദ്യം ചെയ്യപ്പെടാന്‍ ആകാത്ത ലോക നേതാവായി മാറുകയുമുണ്ടായി. കേന്ദ്രഗവണ്മെന്റ് ആവിഷ്കരിച്ച് നടപ്പാക്കിയ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റവും ജനങ്ങളുടെ ജീവിത സുരക്ഷയും ഉറപ്പുവരുത്തി.
എന്നാല്‍ നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതി എന്താണ്?. ദൈവത്തിന്റെ സ്വന്തം നാട് എന്ന സംജ്ഞ തന്നെ കേരളത്തിന്റെ ഗതകാല പ്രൗഢി വ്യക്തമാക്കുന്നു. കഴിഞ്ഞ ആറ് ദശകമായി കേരളം മാറിമാറി ഭരിച്ച കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് മുന്നണികള്‍ കേരളത്തെ നരക തുല്യമാക്കി. ഉല്പാദനമാന്ദ്യം, അഴിമതി, ധൂര്‍ത്ത്, തൊഴിലില്ലായ്മ, മയക്കുമരുന്ന് വ്യാപാരം, ഭീകരവാദം, കുറ്റകൃത്യങ്ങള്‍, സ്ത്രീപീഡനം, നികുതി വര്‍ദ്ധന, വിലക്കയറ്റം തുടങ്ങി എല്ലാവിധ സാമൂഹിക വിപത്തുകളുടെയും വിള നിലമായിരിക്കുന്നു. കേരളത്തിന്റെ പ്രധാന നാണ്യവിള കൃഷി റബ്ബറാണ്. എന്നാല്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ഒന്നും കേരളത്തിലില്ല. റബ്ബറിന്റെ ഉല്പാദനവും, വിപണനവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളൊന്നും ഇടത് വലതു മുന്നണികള്‍ കൈകൊണ്ടിട്ടില്ല. അതോടൊപ്പം മറ്റു നാണ്യ വിളകളായ കാപ്പി, തേയില, ഏലം, കുരുമുളക് എന്നിവയുടെ ഉല്പാദനവും, വിലയും ഇടിഞ്ഞിരിക്കുന്നു. ഭക്ഷ്യ വിളയായ നെല്ല്, തേങ്ങ എന്നിവയുടെ ഉല്പാദനത്തിലും കേരളം പിന്നാക്കം പോയി. ഇവയ്ക്ക് കേന്ദ്രം അനുവദിച്ച താങ്ങു വില പോലും നല്കാന് പിണറായി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില നല്കാത്തതിനാല് നെല്‍ കര്‍ഷകര്‍ ആത്മഹത്യയുടെ മുനമ്പിലാണ്.
കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറുന്നു. സ്വകാര്യ സംരംഭകരൊന്നും കേരളത്തില്‍ മുതല്‍ മുടക്കാന്‍ തയ്യാറല്ല. ആകെയുള്ള 125 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 82 എണ്ണവും നഷ്ടത്തില്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 210 കോടി. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം പാടെ തകര്‍ന്നു. അനര്‍ഹരായ സ്വന്തക്കാരെ നിയമിക്കാനുള്ള തൊഴില്‍ മേഖലയായി യൂണിവേഴ്സിറ്റികള്‍ മാറി. 40 ലക്ഷം അഭ്യസ്ത വിദ്യര് തൊഴില്‍ ലഹിതരായിരിക്കെ പിഎസ്സിയെ നോക്കുകുത്തിയാക്കി ആയിരക്കണക്കിന് പുറംവാതില്‍ നിയമനങ്ങളാണ് നടന്നത്.
അഴിമതിയെക്കുറിച്ച് മലയാളിക്ക് വായിച്ചുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അഴിമതിയെ അനുഭവമാക്കി എന്നതാണ് ഇരുമുന്നണികളുടെയും മഹത്തായ നേട്ടം. ലാവലിന്‍, സിംഗ്ലര്‍, സ്വര്‍ണക്കടത്ത്, ബാര്‍കോഴ, ഫ്ളാറ്റ് തട്ടിപ്പ്, എ.ഐ.ക്യാമറ, മോണ്സണ് പുരാവസ്തു, മാസപ്പടി, ഭൂമി തട്ടിപ്പ് തുടങ്ങി ഒരു ഡസണ്‍ അഴിമതിയാണ് ഇന്ന് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അമ്പു കെള്ളാത്തവരില്ല കുരുക്കളില്‍. ഈ അഴിമതികളില്‍ മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും, സംശയത്തിന്റെ നിഴലിലാണ്. സഹകരണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപവും അഴിമതിയും, നിക്ഷേപതട്ടിപ്പുമാണ് അഴിമതിയുടെ ഏറ്റവും പുതിയ മുഖം. സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ് പരീക്ഷണാര്‍ത്ഥം നടപ്പാക്കിയത് മന്ത്രി വി.എന്‍ വാസവന് ചെയര്‍മാനായിരുന്ന ഇളംകുളം സഹകരണ ബാങ്കിലാണ്. ഇന്ന് മുന്‍ മന്ത്രി എ.സി.മൊയ്തീന് ചെയര്‍മാനായ കരുവന്നൂര്‍ ബാങ്ക് ഉള്‍പ്പെടെ 25 സഹകരണ ബാങ്കുകള്‍ ഇ.ഡിയുടെ നിരീക്ഷണത്തിന്റെ നിഴലിലാണ്.
കേന്ദ്രഭരണം പിടിച്ച് അഴിമതിയില്‍ നിന്നും തലയൂരാന്‍ രൂപീകരിച്ച അവിയില്‍ മുന്നണിയുടെ മൂന്നാം യോഗം ബോംബെയില്‍ പൊടിക്കുമ്പോഴാണ് മുന്നണിയുടെ ഘടകകക്ഷികളായ കോണ്‍ഗ്രസ്സും, സിപിഎമ്മും പുതുപ്പള്ളിയില്‍ പരസ്പരം പോരടിക്കുന്നത്. ഈ അധാര്‍മിക രാഷ്ട്രീയം പുതുപ്പള്ളിയില്‍ ചര്‍ച്ചയാകണം.
കേരളത്തിന്റെ വികസന പ്രതിസന്ധിയുടെ നേര്‍ക്കാഴ്ചയാണ് പുതുപ്പള്ളി മണ്ഡലം. കുടിവെള്ളക്ഷാമം, ജലസേചന ദൗര്‍ലഭ്യം, കാര്‍ഷിക മേഖലയിലെ ഉല്പാദന മാന്ദ്യം, വ്യവസായ സ്ഥാപനങ്ങളുടെ അഭാവം, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, പാലങ്ങള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം, ചികിത്സാ സൗകര്യമില്ലായ്മ തുടങ്ങി ഇല്ലായ്മയുടെ കഥകളാണ് പുതുപ്പള്ളിക്ക് പറയാനുള്ളത്. 35 വര്‍ഷം കേരളം ഇടതുപക്ഷം ഭരിച്ചിട്ട് 53 വര്‍ഷം ഒരാള്‍ തന്നെ എംഎല്‍എ ആയും രണ്ടുവട്ടം മുഖ്യമന്ത്രിയായും, പ്രതിപക്ഷ നേതാവായും മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും മണ്ഡലത്തില്‍ എട്ടില്‍ ആറു പഞ്ചായത്തിലും എല്‍ഡിഎഫ് ഭരിച്ചിട്ടും ഒരു നേട്ടവും ഈ മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല.
കെ.ഗുപ്തന്
(ലേഖകന്‍ ബിജെപി സംസ്ഥാന സമിതിയംഗമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: