കോട്ടയം: പിണറായി സര്‍ക്കാര്‍ വ്യവസായം, കൃഷി, ആരോഗ്യം തുടങ്ങി കേരളത്തിന്റെ എല്ലാ മേഖലകളെയും തകര്‍ത്തുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്. മദ്യ വ്യവസായം മാത്രമാണ് കേരളത്തില്‍ ലാഭത്തിലുള്ളതെന്നും വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
സപ്ലൈകോയെ ഓണത്തിന് സര്‍ക്കാര്‍ സഹായിച്ചിരുന്നെങ്കില്‍ പാവപ്പെട്ടവരുടെ കുടിലില്‍ അടുപ്പെരിയുമായിരുന്നു. ഓണം വറുതിയിലാക്കിയതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. പൊതുവിതരണ കേന്ദ്രങ്ങളെ സര്‍ക്കാര്‍ തകര്‍ത്തു. സ്വകാര്യമരുന്ന് കമ്പനികളെ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുന്നത് കൊണ്ടാണ് 1,100 കോടി രൂപ മലയാളികള്‍ക്ക് ഓരോ വര്‍ഷവും നഷ്ടപ്പെടുന്നത്. അന്യസംസ്ഥാനങ്ങളിലെ മരുന്ന് ലോബികളെ പിണറായി വിജയന് സര്‍ക്കാര്‍ സഹായിക്കുകയാണ്. അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മരുന്നിന്റെ പേരില്‍ കമ്മിഷന് അടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ശോഭ പറഞ്ഞു.
കശുവണ്ടി വ്യവസായം പോലെയുള്ള പരമ്പരാഗത വ്യവസായങ്ങളൊക്കെ കേരളത്തില്‍ തകര്‍ന്നു കഴിഞ്ഞു. കേരളത്തെ തകര്‍ത്തതില്‍ ഒന്നാം പ്രതി കോണ്‍ഗ്രസാണോ സിപിഎമ്മാണോയെന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കമുള്ളൂ. യുവാക്കള്‍ക്ക് കേരളം വിട്ട് പോവേണ്ടി വന്നതിലും നാടിന്റെ വികസനമുരടിപ്പിലും ഇരുകൂട്ടര്‍ക്കും തുല്ല്യപങ്കാണുള്ളത്. പിണറായി വിജയന് മക്കള്‍ക്ക് വേണ്ടി അഴിമതി നടത്തുകയാണ്. വീണാ വിജയനെ ന്യായീകരിക്കുന്ന പണിയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുള്ളത്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും സാധിക്കാത്ത സാഹചര്യമാണുള്ളത്. നെല്‍കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിച്ചതിന് നടന് ജയസൂര്യയെ മന്ത്രിമാര്‍ പോലും വളഞ്ഞിട്ടാക്രമിക്കുകയാണ്.
പാലക്കാടും കുട്ടനാടുമുള്ള ആയിരക്കണക്കിന് കര്‍ഷകരുടെ പക്കല്‍ നിന്നും നെല്ല് വാങ്ങിയിട്ട് പണം നല്‍കാതെ പറ്റിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നെല്‍കര്‍ഷകര്‍ക്ക് നല്കാന് പണമില്ലെങ്കിലും മുഖ്യമന്ത്രി ലക്ഷങ്ങള്‍ പൊടിച്ച് ഹെലികോപ്റ്ററില്‍ പറക്കുകയാണ്. ഇത് ചൂണ്ടിക്കാണിച്ചതാണ് ജയസൂര്യ ചെയ്ത കുറ്റം. യുഡിഎഫും എല്‍ഡിഎഫും പരസ്പരം അഡ്ജസ്റ്റ്മെന്റ് ചെയ്യുകയാണെന്നും ശോഭാ സുരേന്ദ്രന് കുറ്റപ്പെടുത്തി.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ അകലകുന്നം പഞ്ചായത്തില്‍ ഗൃഹസമ്പര്‍ക്കം നടത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: