കലാരംഗത്തുള്ളവരുടെ പ്രതികരണം എങ്ങിനെ വേണമെന്നതില്‍ ചിറ്റപ്പന് ജയരാജന് ഒരേ അഭിപ്രായമേയുള്ളൂ. അത് ഇടതുവിരുദ്ധത പ്രകടിപ്പിക്കുന്നതാകരുത്. സംഭരിച്ച നെല്ലിന് മുഴുവന്‍ പണം നല്കാന് കഴിഞ്ഞിട്ടില്ലെന്നത് പരമാര്‍ത്ഥമാണ്. നെല്ലിന് പണം നല്കാന് കുറച്ച് കാലതാമസം വന്നിട്ടുണ്ടാകാം. ആ കാലതാമസം വന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കി പ്രതികരിക്കണമെന്നാണ് ഇടതു കണ്‍വീനര്‍ ഇ.പി.ജയരാജന്റെ ഉപദേശം. തങ്ങളുടെ പ്രസ്താവനകള്‍ ഇടതുവിരുദ്ധ മനോഭാവവും യുഡിഎഫിനും ആര്‍എസ്എസിനും അനുകൂലവുമാകാതെ നോക്കണമെന്നും ജയരാജന് അഭിപ്രായമുണ്ട്. നടന് ജയസൂര്യ കളമശ്ശേരിയില്‍ നടത്തിയ പ്രസംഗത്തിനെതിരെ ഇടതു സഖാക്കളിടുന്ന പൊങ്കാലയ്ക്ക് ശക്തിപകരാനുള്ള പ്രയത്നത്തിലായിരുന്നു ജയരാജന്.
കൃഷിമന്ത്രി പ്രസാദ്, വ്യവസായമന്ത്രി രാജീവ്, തദ്ദേശവകുപ്പുമന്ത്രി രാജേഷ് എന്നിവരുടെ മുഖത്തുനോക്കി കര്‍ഷകരുടെ ദയനീയാവസ്ഥ ജയസൂര്യ വിവരിച്ചിരുന്നു. അതിലാകെ ഇടതു മുഖം വികൃതമായി വിറളിപിടിച്ചോടുകയാണ്. രാഷ്ട്രീയ പ്രേരിതമായ കുപ്രചരണങ്ങളാണ് ഇതെല്ലാമെന്നാണ് മന്ത്രി അനില്‍ പ്രതികരിച്ചത്. നെല്ല് സംഭരിച്ചതിന്റെ കാശിനുവേണ്ടി മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. തിരുവോണത്തിന് കര്‍ഷകര്‍ നിരാഹാരം കിടക്കുന്നു. ഇതുകാണുന്ന യുവതലമുറ കൃഷിയിലേക്ക് വരുമോ എന്ന് ചോദിച്ച ജയസൂര്യ പിന്നെയും കുറേ കാര്യങ്ങള്‍ നിരത്തി. ജയസൂര്യപറയുന്നതിങ്ങനെ:
”എന്റെ ഒരു സുഹൃത്തുണ്ട്. കൃഷ്ണപ്രസാദ് എന്നാണ് നടന് കൂടിയായ അദ്ദേഹത്തിന്റെ പേര്. അദ്ദേഹം കൃഷികൊണ്ട് ജീവിക്കുന്ന വ്യക്തിയാണ്. കൃഷ്ണപ്രസാദിനെ പോലെ കര്‍ഷകര്‍ അഞ്ചാറുമാസമായി കാശിനുവേണ്ടി കാത്തിരിക്കുന്നു. തിരുവോണ ദിവസം അവര്‍ ഉപവാസമിരിക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ, നമ്മുടെ കൃഷിക്കാര്‍ അവരുടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ തിരുവോണ ദിവസം പട്ടിണി ഇരിക്കുകയാണ്. എന്തുകൊണ്ടാണ് ഉപവാസമിരിക്കുന്നത് എന്ന് അറിയാമോ? കാര്യങ്ങള്‍ നടത്തിയെടുക്കാനല്ല, അധികാരികളുടെ ശ്രദ്ധയിലേക്ക് ഇതൊന്ന് എത്തിക്കാനായിട്ടാണ് അര് കഷ്ടപ്പെടുന്നത്. അതുകൊണ്ട് അവര്‍ക്കു വേണ്ടിയാണ് ഞാന്‍ ഇക്കാര്യം സംസാരിക്കുന്നത്. ഒരിക്കലും വേറൊരു രീതിയില്‍ ഇതിനെ കാണരുത്.”
പുതിയ തലമുറയിലുള്ള ചെറുപ്പക്കാര്‍ക്ക് ഷര്‍ട്ടില്‍ ചെളി പുരളുന്നതൊന്നും താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ”പക്ഷേ, തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് എങ്ങനെയാണ്, ഇതിലേക്ക് വീണ്ടും ഒരു തലമുറ കൂടി വരുന്നത്? ഒരിക്കലും വരില്ല. കാരണം, കൃഷിക്കാരെന്ന നിലയില്‍ എല്ലാം നല്ല രീതിയില്‍ നടത്തുന്ന അച്ഛനെയും അമ്മയെയും അഭിമാനത്തോടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കിലല്ലേ പുതിയ തലമുറ ഇതിലേക്കു വരൂ. അതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയൊരു നടപടിയുണ്ടാകണം എന്നാണ് എന്റെ അഭ്യര്‍ഥന.”
കളമശേരിയിലെ പൊതുപരിപാടിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയ നടന് ജയസൂര്യയുടെ പരാമര്‍ശത്തിനു പിന്നില്‍ അജന്‍ഡയുണ്ടെന്നാണ് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞത്. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിലാണ് ജയസൂര്യ അഭിനയിച്ചത്. അതു റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയത്രെ.
”ജയസൂര്യ നല്ല അഭിനേതാവാണ്. പക്ഷേ അദ്ദേഹം ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ അഭിനയിക്കാന്‍ പാടില്ലാത്തതാണ്. അദ്ദേഹത്തിലെ നടനെ ആദരവോടെയാണ് കാണുന്നത്. എന്നാല്‍ ജനങ്ങളുടെ മുന്നിലല്ല അഭിനയം കാഴ്ചവയ്ക്കേണ്ടത്. അതു കേവലമായൊരു നാട്യം മാത്രമായിപ്പോയി എന്നാണ് ഇപ്പോള്‍ പറയാനാകുക.”
ജയസൂര്യയ്ക്ക് പിന്തുണയുമായി നടന്മാരായ ജോയി മാത്യു, ഹരീഷ് പേരടി എന്നിവരും രംഗത്തുവന്നു.
ജോയി മാത്യു ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ:
”മന്ത്രിമാരുള്ള വേദിയില്‍ പഞ്ചപുച്ഛമടക്കി തൊഴുതു താണുവണങ്ങി നില്ക്കുന്ന കലാസാഹിത്യകാരാണെങ്ങും. ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്നും കരുതുന്നവര്‍ക്കിടയില്‍ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി. അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യന്‍!”
ഇതിന് പിന്നാലെ ജയസൂര്യയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. പരസ്യമായി നിലപാട് പറയാന്‍ കാണിച്ച തന്റേടത്തെയാണ് ഹരീഷ് പ്രശംസിച്ചത്.
”പറഞ്ഞതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാള്‍ എന്നെ ആകര്‍ഷിച്ചത്, മുഖ്യധാര മലയാള സിനിമാനടന്മാര് പൊതു വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയെന്നതാണ്. പ്രത്യേകിച്ചും രണ്ട് മന്ത്രിമാര്‍ ഇരിക്കുന്ന വേദിയില്‍ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രീയം പറഞ്ഞുവെന്നതാണ്. അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികള്‍ വിഷം പുരട്ടിയാതാണെന്ന ജയസൂര്യയുടെ പ്രസ്താവനയോട് ഞാന്‍ ഒട്ടും യോജിക്കുന്നില്ല. ജൈവ കൃഷികൊണ്ടല്ല, രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി കൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ ഗോഡൗണുകള്‍ സമ്പന്നമായത് എന്നത് ഒരു സത്യമാണ്. അത് തിരിച്ചറിവില്ലാത്ത പ്രസ്താവനയാണ്. അത് അവിടെ നില്ക്കട്ടെ. എന്തായാലും കാര്യങ്ങള്‍ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കയ്യടി അര്‍ഹിക്കുന്നു. സത്യം പറയുന്നവനെ ആര്‍എസ്എസ് ആക്കുന്ന രാഷ്ട്രീയം, അതായിരിക്കുന്നു ഇടതുപക്ഷശൈലി. ആര്‍എസ്എസിന്റെ പേരുപറഞ്ഞാല്‍ എതിര്‍ക്കാന്‍ അത് തന്നെ ധാരാളം.”
എന്തായാലും നന്നായി ‘ജയ’സൂര്യായ നമഃ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: