ന്യൂദല്‍ഹി: ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച വളരെ മെച്ചപ്പെട്ട നിലയില്ത്തന്നെയെന്ന് പുതിയ കണക്ക്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമാസ പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി (മൊത്തം ആഭ്യന്തര ഉത്പാദനം അഥവാ സാമ്പത്തിക വളര്‍ച്ച) 7.8 ശതമാനമായി കുതിച്ചു.
കഴിഞ്ഞ നാല് ത്രൈമാസ പാദത്തിലേതിനെക്കാള്‍ ശക്തമായ വളര്‍ച്ചയാണ് പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നേടിയതെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട സ്ഥിതി വിവരക്കണക്കില്‍ പറയുന്നു.
അടിസ്ഥാന മേഖലകളിലെ മൂലധന നിക്ഷേപങ്ങള്‍ വര്‍ധിച്ചതും ഉപഭോക്തൃ ഡിമാന്‍ഡ് കുത്തനെ കൂടിയതും സേവനം അടക്കമുള്ള മേഖലകളിലെ ശക്തമായ പ്രവര്‍ത്തനങ്ങളുമാണ് വളര്‍ച്ചയ്ക്കു കാരണം. വരുംദിവസങ്ങളില്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ വേഗത്തില്‍ വളരുമെന്നും കണക്കില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യതന്നെയാണ് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്നു ചൂണ്ടിക്കാട്ടുന്ന പഠനത്തില്‍ ചൈനയുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസ പാദത്തിലെ വളര്‍ച്ച 6.3 ശതമാനം മാത്രമാണെന്നും എടുത്തു പറയുന്നു.
ചില മേഖലകളിലെ വളര്‍ച്ച അല്‍പ്പം കുറഞ്ഞെങ്കിലും മറ്റു മേഖലകളിലെ വളര്‍ച്ച ഗുണം ചെയ്തെന്നാണ് സൂചന. നാലു മാസത്തെ ധനക്കമ്മി 6.06 ലക്ഷം കോടിയാണ്. മുന്‍വര്‍ഷത്തെക്കാള്‍ കൂടി. മൂന്നാമതും അധികാരത്തിലെത്താന്‍ ഒരുങ്ങുന്ന മോദി സര്‍ക്കാര്‍ ശക്തമായ സാമ്പത്തിക നടപടികള്‍ സ്വീകരിക്കുമെന്ന ആശങ്ക കാരണമാണ് ധനക്കമ്മി കൂടിയതെന്നു സൂചനയുണ്ട്.
സ്വകാര്യ ഉപഭോഗം ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള 2.8 ശതമാനത്തില്‍ നിന്ന് ആറു ശതമാനമായി കൂടി. കാര്‍ഷിക മേഖലയിലും മികച്ച വളര്‍ച്ചയാണ്, 3.5 ശതമാനം. അടിസ്ഥാന മേഖലയില്‍ 8 ശതമാനമാണ് വളര്‍ച്ച, കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 4.8 ശതമാനമായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ പ്രതീക്ഷിച്ചതിനെക്കാള്‍ (5.9 ശതമാനം) കൂടുതല്‍ (6.1 ശതമാനം) വളരുമെന്ന് ലോക ബാങ്ക് വ്യക്തമാക്കിയതിനിടെയാണ്, പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ കണക്കു പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: