ന്യൂദല്‍ഹി: കണ്‍വീനര്‍ സ്ഥാനത്തെചൊല്ലി പ്രതിപക്ഷ സഖ്യമായ ഐഎന്‍ഡിഐഎയില്‍ ഭിന്നതരൂക്ഷം. പേരിടുന്നതില്‍ തുടങ്ങിയ തര്‍ക്കം ഇപ്പോഴും പരിഹരിക്കാന്‍ നേതൃത്വത്തിനായിട്ടില്ല.
ആദ്യയോഗത്തില്‍ തന്നെ വിയോജിപ്പും വിമര്‍ശനവും ഉയര്‍ന്നിരുന്നെങ്കിലും 26 പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ബിജെപിക്ക് എതിരെ പ്രവര്‍ത്തിക്കുകയെന്ന പൊതുലക്ഷ്യത്തിനു പിന്നില്‍ ബാക്കിയെല്ലാം അസ്ഥാനത്താകുകയായിരുന്നു.
മുംബൈയില്‍ ഐഎന്‍ഡിഐഎയുടെ യോഗത്തിന് ഇന്ന് തുടക്കംകുറിക്കാനിരിക്കെയാണ് പുതിയ തര്‍ക്കം പരസ്യമായത്. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് രാഹുലിനെ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് നീക്കമെങ്കിലും ആംആദ്മി പാര്‍ട്ടിയും ശിവസേന ഉദ്ധവ് വിഭാഗവും ജെഡിയുവും എതിര്‍പ്പറിയിച്ചിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പ്രതിപക്ഷ കൂട്ടായ്മ തകരുമെന്ന് ബിജെപി പ്രതികരിച്ചു. ഇരു സഖ്യത്തിനൊപ്പവുമില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കി.
രാഹുലിന്റെ നേതൃത്വത്തില്‍ മുമ്പോട്ടുപോയാല്‍ നേട്ടമുണ്ടാക്കാനാകില്ലെന്ന അഭിപ്രായമാണ് ആംആദ്മി പാര്‍ട്ടിയുടേത്. അരവിന്ദ് കേജ്രിവാള്‍ പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യനാണെന്ന അഭിപ്രായമാണ് ആം ആദ്മിയുടേത്. അതുകൊണ്ടുതന്നെ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌കുമാര്‍ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കണമെന്ന അഭിപ്രായവും ചില പാര്‍ട്ടികള്‍ക്കുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേതൃസ്ഥാനത്തേക്ക് എത്തണമെന്നും ഒരു വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ട്.
തര്‍ക്കം അനന്തമായി നീണ്ടുപോയാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്‍വീനര്‍ സ്ഥാനത്ത് എത്തിച്ച് പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. സംസ്ഥാനങ്ങളിലെ സഹകരണം സംബന്ധിച്ചും മുംബൈയിലെ യോഗത്തില്‍ ചര്‍ച്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: