ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ എപ്പോഴയാലും തെരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. എപ്പോള്‍ വേണമെന്നത് തെരഞ്ഞെടുപ്പു കമ്മിഷന് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണു കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചത്. വോട്ടര്‍പട്ടിക പരിഷ്കരിക്കല്‍ ഏകദേശം പൂര്‍ത്തിയായി.
പഞ്ചായത്തു, മുന്‍സിപ്പില്‍ തിരഞ്ഞെടുപ്പുകള്‍ക്കു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനാകുമെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.
ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശ പദവി താല്ക്കാലികമാണ്. എന്നാല്‍ സംസ്ഥാന പദവി എപ്പോള്‍ തിരികെ നല്കുമെന്നു കൃത്യമായി പറയാനാകില്ലെന്നും തുഷാര്‍ മേത്ത കോടതിയില്‍ വിശദീകരിച്ചു. നിലവിലെ ക്രമീകരണം അവസാനിപ്പിക്കേണ്ടതുണ്ടെന്നും കശ്മീരില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള സമയക്രമം വ്യക്തമാക്കണമെന്നും ചൊവ്വാഴ്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: