കിളിമാനൂര്‍: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രതിസന്ധി നേരിടുന്ന നഗരൂര്‍ തണ്ണീക്കോണം കോളനി നിവാസികള്‍ക്ക് ഓണക്കോടിയുമായി ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ മല കയറിയെത്തി. സമുദ്രനിരപ്പില്‍ നിന്ന് 2000 അടിയില്‍ കൂടുതല്‍ ഉയരമുള്ള കുന്നിനു മുകളില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ താമസിക്കുന്ന നാല് കുടുംബങ്ങള്‍ക്കാണ് ഓണക്കോടിയും മറ്റും എത്തിച്ചത്. കഴിഞ്ഞ ജൂലൈ 15 ന് ഇവിടെ സന്ദര്‍ശിച്ച് ദുരിതം നേരിട്ട് മനസ്സിലാക്കിയ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. ഷംനാദും പാരാ ലീഗല്‍ വാളണ്ടിയര്‍ സാഹിറയും 40 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇവിടെ ഓണക്കോടിയുമായി എത്തുകയായിരുന്നു.
കോളനിവാസികള്ക്കായുള്ള വഴി ഇപ്പോള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ജല അതോറിറ്റി പൈപ്പ് ലൈനും ഭൂജല വകുപ്പ് കുഴക്കിണറും സ്ഥാപിക്കാനുള്ള നടപടിയും സ്വീകരിച്ചുകഴിഞ്ഞു. എസ് സി എസ് ടി വകുപ്പ് എല്ലാ കുടുംബങ്ങള്‍ക്കും കക്കൂസ് നല്‍കാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ്. ഓണക്കോടികള്‍ കൈമാറുന്നതിനൊപ്പം നടപടിയുടെ പുരോഗതികളും സബ് ജഡ്ജി കോളനി നിവാസികളെ അറിയിച്ചു.
നിരവധി കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നുവെങ്കിലും വാസയോഗ്യമായ വീടുകളും മറ്റു സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ ഇവരൊക്കെയും മറ്റിടങ്ങളിലേക്ക് പോയി. ബാക്കിയുള്ളവര്‍ ദുരിതവും പേറി കഴിയുകയായിരുന്നു. വിഷയം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടത്തിനെ തുടര്‍ന്നാണ് ജൂലൈയില്‍ സംഘം ഇവിടെ നേരിട്ടെത്തിയത്. തുടര്‍ന്ന് പ്രശ്നപരിഹാരത്തിനായി ജില്ലാ ജഡ്ജിയുടെ ചേമ്പറില്‍ അധികൃതരെ വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്നാണ് പ്രശ്നപരിഹാരങ്ങള്‍ക്ക് വഴിയൊരുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: