ന്യൂദല്‍ഹി: കല്ലേറുണ്ടായതിനെ തുടര്‍ന്ന് മുടങ്ങിപ്പോയ വിശ്വഹിന്ദു പരിഷത്തിന്റെ ജലാഭിഷേക ഘോഷയാത്രയ്ക്ക് പകരം ആഗസ്ത് 28ന് ശോഭായാത്ര നടത്താനുള്ള സര്‍വ് ജാതിയ ഹിന്ദു മഹാപഞ്ചായത്തിന്റെ തീരുമാനത്തെ തുടര്‍ന്ന് കനത്ത പൊലീസ് കാവലിലായിരുന്നു ഹരിയാനയിലെ നൂഹ് പ്രദേശം. ദല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിപ്രദേശം മുതല്‍ നൂഹ് വരെ ഏഴ് ബാരിക്കേഡുകളാണ് പൊലീസ് ഉയര്‍ത്തിയത്. നൂഹിലേക്ക് ഹിന്ദു ശോഭായാത്രയ്ക്ക് തിരിച്ച സന്യാസിമാരുടെ സംഘത്തെ പൊലീസ് ഗുരുഗ്രാമില്‍ അറസ്റ്റ് ചെയ്തിരുന്നു.
മൂന്നാമത്തെ ചെക് പോസ്റ്റിനപ്പുറം മാധ്യമപ്രവര്‍ത്തകരെയും പൊലീസ് കടത്തിവിട്ടില്ല. ജൂലായ് 31ലെ ഹിന്ദു ഘോഷയാത്രയ്ക്ക് നേരെ നടന്ന കല്ലേറാക്രമണവും വര്‍ഗ്ഗീയകലാപവും നടന്ന നൂഹ് പ്രദേശം വിജനമായിരുന്നു. തിങ്കളാഴ്ച ജനങ്ങള്‍ ആരും പുറത്തിറങ്ങിയില്ല. എല്ലാ കടകളും അടഞ്ഞുകിടന്നു.
നൂഹിനടുത്തുള്ള നല്‍ഹാര്‍ പ്രദേശത്തെ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ 15 സന്യാസിമാരെ നൂഹ് ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നു. ഈ ശിവക്ഷേത്രത്തിന് ചുറ്റും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ജൂലായ് 31ന് വിശ്വഹിന്ദുപരിഷത്ത് നടത്തിയ ബ്രിജ് മണ്ഡല് ജലാഭിഷേക യാത്രയ്ക്ക് നേരെ നാല് പാട് നിന്നും കല്ലേറും പെട്രോള്‍ ബോംബുമെറിഞ്ഞപ്പോള്‍ നൂറുകണക്കിന് ഹിന്ദു വിശ്വാസികള്‍ക്ക് അഭയമായത് നല്‍ഹാറിലെ ശിവക്ഷേത്രമായിരുന്നു. ഹിന്ദു വിശ്വാസികള്‍ ഈ ശിവക്ഷേത്രത്തിനുള്ളിലേക്ക് ഓടിക്കയറി അഭയം തേടുകയായിരുന്നു.
അയോധ്യയില്‍ നിന്നുള്ള ഹിന്ദു സന്യാസിയായ ജഗദ് ഗുരു പരമഹംസ് ആചാര്യയെയും അനുയായികളെയും ഘമോര്ജ് ടോള്‍ പ്ലാസയില്‍ തടഞ്ഞു. സരയൂ നദിയെ ജലവും അയോധ്യയിലെ മണ്ണും വഹിച്ചുകൊണ്ടായിരുന്നു പരമഹംസ് ആചാര്യയുടെ നല്‍ഹാര്‍ ശിവക്ഷേത്രത്തിലേക്കുള്ള യാത്ര. പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയതിനെ തുടര്‍ന്ന് അദ്ദേഹം അല്പനേരം ടോള്‍ പ്ലാസയില്‍ നിരാഹാരസമരം അനുഷ്ഠിച്ചു. തുടര്‍ന്നാണ് നൂഹിലെ ഡപ്യൂട്ടി കമ്മീഷണര്‍ ധീരേന്ദ്ര ഖാഡ് ഗാഠ 15 സന്യാസിമാരെ നല്‍ഹാര്‍ ശിവക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്താന്‍ അനുവദിച്ചത്.
ജലാഭിഷേക യാത്ര നടത്തി നല്‍ഹാര്‍ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ സന്യാസിമാര്‍ ചില ഗ്രാമവാസികളുമായി ചേര്‍ന്ന് സന്യാസിമാര്‍ ഫിറോസ് പൂര് ജിര്കയിലെ ഝീര് ക്ഷേത്രവും സന്ദര്‍ശിച്ചു. വളരെ കുറച്ചുപേര്‍ മാത്രമാണ് യാത്രയില്‍ പങ്കെടുത്തതെന്ന് ബജ് രംഗ് ദളിന്റെ ഗുരുഗ്രാം ജില്ലയിലെ കണ്‍വീനര്‍ പ്രവീണ്‍ ഹിന്ദുസ്ഥാനി പറഞ്ഞു. ഹരിയാന ഭരിയ്ക്കുന്നത് ബിജെപി സര്‍ക്കാരാണെങ്കിലും നിരവധി ഹിന്ദു നേതാക്കളെയും സന്യാസിമാരെയും മുന്‍കരുതല്‍ എന്ന നിലയില്‍ ഹരിയാന സര്‍ക്കാര്‍ വീട്ടുതടങ്കലില്‍ വെച്ചു. ഇത് ഹിന്ദു വിശ്വാസത്തിനെതിരായ ആക്രമണമാണെന്ന് ബജ്രംഗ് ദള്‍ നേതാവ് കുല്ഭൂഷണ് ഭരദ്വാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: