മഹാബലി എന്ന പ്രജാവല്‍സല ഭരണാധികാരി പ്രകൃതിയെ അറിഞ്ഞ ദിവസമത്രെ തിരുവോണം. മോക്ഷപ്രാപ്തിക്ക് അര്‍ഹത നേടിയിരുന്ന മഹാബലിക്ക് ഒരു നേരിയ കുറവേ ഉണ്ടായിരുന്നുള്ളു. മനസ്സില്‍ അഹങ്കാരത്തിന്റെ കറ. അതുകൂടി തുടച്ചു കളഞ്ഞാല്‍ ബലി സമ്പൂര്‍ണനാകും. ആ പൂര്‍ണത നല്‍കാനാണ് മഹാവിഷ്ണു വാമനനായി പ്രത്യക്ഷപ്പെട്ടത്. ചോദിക്കുന്നതെന്തും തരാമെന്നു മഹാബലി ആ ബാലനു വാക്കു കൊടുത്തതു തനിക്ക് എന്തും സാധിക്കുമെന്ന അഹംഭാവത്തില്‍ നിന്നുണ്ടായ ധൈര്യത്തിലാണ്.
എങ്കില്‍ മൂന്നടി മണ്ണു മതി എന്നു വാമനന് പറയുന്നു. പക്ഷേ, അതു പോലും നല്കാന് കരുത്തനായ ഭരണാധികാരിക്കു കഴിഞ്ഞില്ല. വാമനന് രണ്ടടി അളന്നപ്പോള്‍ത്തന്നെ മൂന്നു ലോകവും കഴിഞ്ഞു. മൂന്നാമത്തേ അടി എവിടെ വയ്ക്കും? വാക്കു തന്ന ഭൂമി എവിടെ? അത് എനിക്ക് അവകാശപ്പെട്ടതാണ് എന്നു വാമനന്.
ആ നിസ്സഹായാവസ്ഥയില്‍ മഹാബലി ഒരു സത്യം തിരിച്ചറിഞ്ഞു. തന്റേതെന്ന് അഹങ്കരിച്ചതൊന്നും യഥാര്‍ത്ഥത്തില്‍ തന്റേതല്ല. അതിന്റെ സൂക്ഷിപ്പുകാരന് മാത്രമായിരുന്നു താന്‍. എല്ലാം ഭഗവാന്റേതു മാത്രം. അതെല്ലാം ഭഗവാന് തിരിച്ചെടുത്തു. ഇന്നു താന്‍ ഒരടി മണ്ണുപോലും സ്വന്തമായില്ലാത്തവന്. ആ തിരിച്ചറിവില്‍ ബലി സ്വയം സമര്‍പ്പിച്ചു. മൂന്നാമത്തേ കാലടി തന്റെ തലയില്‍ത്തന്നെയാകട്ടെ. സ്വയം സമര്‍പ്പണത്തിന്റെ ആ നമിഷം മഹാബലി പൂര്‍ണത നേടി. ആ ബലിയേയാണ് മഹാവിഷ്ണു തനിക്കൊപ്പം സുതലത്തിലേയ്ക്കു കൊണ്ടു പോയത്. അവിടെ ബലിയുടെ കാവല്‍ക്കാരനാവുകയും ചെയ്തു.
കഥാംശം മാറ്റിവയ്ക്കാം. ഭഗവാന് എന്നാല്‍ പരംപുരുഷന്. പ്രപഞ്ചശക്തി. ആ പ്രപഞ്ചമാണ് മഹാബലിയോടു ചോദിച്ചത്, എല്ലാം നിന്റേതാണെങ്കില്‍ മൂന്നാമത്തേ അടി മണ്ണ് എവിടെ എന്ന്. പ്രകൃതി മനുഷ്യനോടു ചോദിക്കുന്ന ചോദ്യമാണത്. മനുഷ്യന് പ്രകൃതിയെ തിരിച്ചറിയുന്ന ആ ദിവസത്തിന്റെ ഓര്മ പുതുക്കലാണ് ഓരോ ഓണവും. താന്‍ പ്രകൃതിയുടെ ഭാഗം മാത്രമാണെന്നു തിരിച്ചറിയുന്ന ദിവസം. ഓണത്തിന് ഈച്ചയ്ക്കും ഉറുമ്പിനും ഭക്ഷണം നല്‍കുകയും മകം നാളില്‍ മുറ്റത്തു കളം മെഴുകി കന്നിനേയും പോത്തിനേയും പൂജിക്കുകയും ചെയ്യുന്ന ചടങ്ങുണ്ടായിരുന്നു പഴയ തറവാടുകളില്‍. എത്ര മഹത്തായ സന്ദേശം!
കര്‍ക്കടകം കടന്നാണല്ലോ ഓണത്തിന്റെ വരവ്. കര്‍ക്കടകം സംഭരണമാസമാണ്. ഭൂമി ജലവും വളവും ജൈവാംശങ്ങളും ചെടികള്‍ പോഷകങ്ങളും ഔഷധ മൂല്യങ്ങളും സംഭരിക്കുന്ന സമയം. മനുഷ്യന് അറനിറയ്ക്കുന്ന സമയം. ഇല്ലം നിറയുടെ കാലം.
മേഘം മൂടിയ ആ കര്‍ക്കടകത്തിനു പിന്നാലെ വരുന്ന ചിങ്ങം പ്രസരിപ്പിന്റെ മാസമാണ്. കരഞ്ഞു കലങ്ങിയ മുഖത്തു പുഞ്ചിരി വരിയുന്നതു പോലെ കുളിച്ചൊരുങ്ങി ഭുമി സുന്ദരിയാകും. വര്‍ണപ്പകിട്ടിന്റെ ദിനങ്ങളാണു പിന്നെ. പൊന്‍വെയിലും പൂക്കളും പൂത്തുമ്പികളും ശലഭങ്ങളും പ്രകൃതിക്കു പുത്തന്‍ ഉണര്‍വേകും. പ്രകൃതിയുടെ ആ ഉന്മേഷത്തില് പങ്കാളികളാവുകയാണ് നമ്മളും. കോടിമുണ്ടും പൂക്കളങ്ങളും പാട്ടും കളിയും അതിന്റെ ഭാഗം.
മഹാബലി വാമനനോടു ചോദിച്ചതു പോലെ പില്ക്കാലത്തു മറ്റൊരു ചക്രവര്‍ത്തി ചോദിച്ചുവത്രെ. എല്ലാ നാടും കീഴടക്കി ലോകരാഷ്ട്രം കെട്ടിപ്പടുക്കാന്‍ പുറപ്പെട്ട അലക്സാണ്ടറായിരുന്നു ആ ചക്രവര്‍ത്തി. ഇന്ത്യയിലെത്തിയ അലക്സാണ്ടര്‍, നദീതീരത്ത് ഇളവെയിലിലിരുന്നു പ്രാര്‍ഥിക്കുന്ന ഒരു സന്യാസിയെ കണ്ടു. ചടച്ച ശരീരവും ചെമ്പിച്ച നീളന്‍ മുടിയും അല്പ വസ്ത്രവും കണ്ട അലക്സാണ്ടര്‍ ധരിച്ചത് പട്ടിണി കിടന്നു കോലം കെട്ടതാണെന്നായിരുന്നു. അങ്ങേയ്ക്ക് എന്തു സഹായം വേണം? ചോദിച്ചുകൊള്ളൂ. എന്തും തരാന്‍ തനിക്കാവും എന്നായി അലക്സാണ്ടര്‍.
നിസ്സംഗനായി സന്യാസി മറുപടി നല്കി: ”സൂര്യ ഭഗവാന് സൗജന്യമായി തരുന്നതാണ് ഈ വെയില്. അതു മറയ്ക്കാതെ ഒന്നു മാറി നിന്നാല്‍ മതി.”
സൂര്യനും പ്രകൃതിയുടെ ഭാഗമാണല്ലോ. ഒന്നും പകരം ചോദിക്കാതെയും ഉപാധികളില്ലാതെയും അമ്മയെപ്പോലെ ഉള്ളതെല്ലാം നമുക്കു വാരിക്കോരിതരുകയാണ് പ്രകൃതി. ഒന്നും പ്രതീക്ഷിക്കാത്ത; ഒന്നിനും കണക്കു വയ്ക്കാത്ത ആ പ്രകൃതിയേ നമുക്കു സ്നേഹിച്ചു കൂടേ?
അത് ഓര്‍മിപ്പിക്കാന്‍ ഓണം വരുന്നു; ഓരോ വര്‍ഷവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: