ഏഥന്‍സ്: ഗ്രീസ് പ്രസിഡന്റ് കാതറിന സകെല്ലരോപൗലോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ദി ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഓണര്‍’ നല്കി ആദരിച്ചു. 1975ലാണ് ഈ ബഹുമതി നല്കിത്തുടങ്ങിയത്. ബഹുമതിയായി സമ്മാനിക്കുന്ന നക്ഷത്രത്തിന്റെ മുന്‍വശത്ത് അഥീന ദേവിയുടെ ശിരസ്സ് ചിത്രീകരിച്ചിട്ടുണ്ട്. ‘നീതിപതികളെ മാത്രമേ ആദരിക്കാവൂ’ എന്ന് അതില്‍ കുറിച്ചിട്ടുണ്ട്.
ഗ്രീസിന്റെ യശസുയര്‍ത്തുന്നതിനു സംഭാവനയേകിയ പ്രധാനമന്ത്രിമാര്‍ക്കും പ്രമുഖ വ്യക്തികള്‍ക്കുമാണ് ഗ്രീസ് പ്രസിഡന്റ് ‘ഗ്രാന്റ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഓണര്‍’ സമ്മാനിക്കുന്നത്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന വ്യക്തിയിലൂടെ, ഇന്ത്യയിലെ സൗഹൃദ് ജനതയ്ക്ക് ബഹുമതി നല്കുന്നു’ എന്ന് സമ്മാനപത്രത്തില്‍ പറയുന്നു.
‘ഈ സന്ദര്‍ശന വേളയില്‍, തന്റെ രാജ്യത്തിന്റെ ആഗോള വ്യാപ്തിക്ക് അശ്രാന്തമായി പ്രോത്സാഹനമേകുകയും, ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ആസൂത്രിതമായി പ്രവര്‍ത്തിക്കുകയും, ധീരമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന രാഷ്ട്രതന്ത്രജ്ഞനായ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഗ്രീസ് ആദരിക്കുന്നു. പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനവും അന്താരാഷ്ട്ര പ്രവര്‍ത്തനത്തിന്റെ മുന്‍ഗണനകളില്‍ കൊണ്ടുവന്ന രാഷ്ട്രതന്ത്രജ്ഞന്.’ സമ്മാനപത്രത്തില്‍ പറയുന്നു.
പരസ്പര താല്‍പ്പര്യമുള്ള മേഖലകളില്‍ ഗ്രീക്ക്ഇന്ത്യ സൗഹൃദം തന്ത്രപരമായി പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി മോദിയുടെ നിര്‍ണായക സംഭാവനയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഗ്രീസ് പ്രസിഡന്റ് കാതറിന സകെല്ലരോപൗലോയ്ക്കും ഗവണ്മെന്റിനും ജനങ്ങള്‍ക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി എക്സില്‍ സന്ദേശം പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: