പൂവാര്‍: തന്റെ അച്ഛനെ കൊന്ന കൊലയാളികളെ കണ്ടെത്താന്‍ രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ വിഭാഗമായ സിബിഐയെ കൊണ്ട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട മകനെ കൊലയാളിയാക്കി സിബിഐ ജീവപര്യന്തം ശിക്ഷിച്ചു. വാദി പ്രതിയായ സംഭവത്തില്‍ ഒന്‍പതര വര്‍ഷത്തെ ജയില്‍ വാസത്തിനിടയില്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 17ന് ഹൈക്കോടതി കുറ്റവിമുക്തനാക്കി. പലചരക്ക് വ്യാപാരി വില്‍സണ്‍ വധക്കേസിലെ പ്രതിയായി കണ്ടെത്തിയ വില്‍സന്റെ മകന് കാഞ്ഞിരംകുളം ചാണി തന്‍പൊന്‍കാല എ.ജെ. ഭവനില്‍ ജ്യോതികുമാര്‍ (49)നെയാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വെറുതെ വിട്ടത്.
2004 ഫെബ്രുവരി 16ന് കത്തികൊണ്ട് കുത്തേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവെ ഒമ്പതാം നാള് വില്സന് മരണപ്പെട്ടു. കാഞ്ഞിരംകുളം പോലീസ് അന്വേഷിച്ച കേസില്‍ റിട്ട. ജയില്‍ സൂപ്രണ്ട് വില്‍ഫോര്‍ഡ്, മകന് റോളണ്ട് എന്നിവരാണ് പ്രതികള്‍. വില്‍ഫോര്‍ഡിന്റെ വീട്ടുമുറ്റത്ത് രാവിലെ 6.15 ഓടെയാണ് വില്‍സണ്‍ മാരകമായി കുത്തേറ്റ് കിടന്നത്. വില്‍സനും വില്‍ഫോര്‍ഡും തമ്മില്‍ സാമ്പത്തിക ഇടപാട് തര്‍ക്കമുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന വീട്ടുകാരുടെ സംശയം മൂലം ജ്യോതികുമാറും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവ് സമ്പാദിച്ചു. എന്നാല്‍ സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ കേസില്‍ പുതിയ കഥകള്‍ രചിക്കപ്പെട്ടു. വാദിയായ ജ്യോതികുമാറിനെ പ്രതിയാക്കി മുന്‍ പ്രതികളെ ഒഴിവാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
എറണാകുളം സിബിഐ കോടതിയില്‍ നടന്ന വിചാരണയില്‍ പ്രോസിക്യൂഷന് 80 സാക്ഷികളെ വിസ്തരിച്ചു. 88 രേഖകളും 7 തൊണ്ടി മുതലുകളും തെളിവായി ഹാജരാക്കി. ജ്യോതികുമാര്‍ ബ്രെയിന്‍ മാപ്പിംഗ് പരിശോധനയ്ക്ക് തയ്യാറാണെന്നും കോടതിയില്‍ സമ്മതപത്രം നല്കി. വിചാരണയ്ക്കൊടുവില് പ്രതിയായ ജ്യോതികുമാറിനെ കുറ്റക്കാരനാണെന്ന് കണ്ട് ജീവപര്യന്തം തടവിനും 50,000 രൂപ പിഴയൊടുക്കാനും സിബിഐ കോടതി ഉത്തരവിടുകയായിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്കാന് ഒരു വക്കീലിനെ ഏര്‍പ്പാടാക്കിയെങ്കിലും അപ്പീല്‍ നല്‍കാതെ അയാളും ചതിച്ചു. ഒടുവില്‍ നെയ്യാറ്റിന്‍കര സ്വദേശിയായ അഡ്വ. സുനില്‍ രാജിന്റെ സഹായത്താല്‍ ഹൈക്കോടതിയില്‍ അഡ്വ.ഷാജിന് എസ്.ഹമീദ് കേസ് ഏറ്റെടുത്ത് 2018 ല്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഹൈക്കോടതി വിധിയിലാണ് പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് ജസ്റ്റിസുമാരായ പി.ബി സുരേഷ്കുമാര്‍, സി.എസ്.സുധ എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് ജ്യോതികുമാറിനെ വെറുതെ വിട്ടു കൊണ്ട് ഉത്തരവായത്. ജ്യോതികുമാറിനെ കേസില്‍ പ്രതിയാക്കപ്പെട്ടതോടെ കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍ ജോലി നഷ്ടപ്പെട്ടു. അച്ഛനെ കൊന്നവനെന്ന് മുദ്രകുത്തി നാട്ടുകാര്‍ ഒറ്റപ്പെടുത്തി. കളിയാക്കല്‍ ഭയന്ന് ഗവ.നഴ്സായ ഭാര്യയും രണ്ട് പെണ് മക്കളും തൃശൂര്‍ കുന്നംകുളത്തേയ്ക്ക് താമസം മാറ്റി. ജയില്‍ വാസവും മാനസിക പീഡനവും കാരണം ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ച നാളുകള്‍ നിരവധിയാണെന്ന് ജ്യോതികുമാര്‍ പറയുന്നു.
സിബിഐ അന്വേഷണ ഉദ്യോഗസ്ഥന് കൈമള്‍, ഒന്നാം പ്രതിയായിരുന്ന വില്‍ഫോര്‍ഡ് എന്നിവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
വ്യാപാരിയായ വില്‍സനെ കുത്തിക്കൊന്ന കൊലയാളി ആരെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. “എന്റെ ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദികളായ യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്തേണ്ടത് ഇനി നിയമവ്യവസ്ഥയുടെ കര്‍ത്തവ്യമാണെന്ന് വില്‍സന്റെ ഭാര്യ ബേബി ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: