മണര്‍കാട് (കോട്ടയം): മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും സിപിഎമ്മിന്റെ ഉന്നത നേതാക്കളും അഴിമതിയില്‍ കുടുങ്ങി ജനങ്ങളുടെ മുന്നില്‍ വിവസ്ത്രരായി നില്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ മകളുടെത് വ്യാജകമ്പനിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പുതുപ്പള്ളി മണ്ഡലം എന്‍ഡിഎ കുറ്റപത്രം പ്രകാശന ചടങ്ങിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ആദായനികുതി വകുപ്പിന്റെ രേഖ പുറത്തുവന്നപ്പോള്‍ എന്തിനാണ് കമ്പനി അടച്ചുപൂട്ടിയതെന്ന് മുഹമ്മദ് റിയാസ് പറയണം. ഇത്രയും വിദഗ്ധമായ ഉപദേശം വ്യവസായികള്‍ക്ക് നല്‍കിയിരുന്ന ഭാര്യയെ വീട്ടിലിരുത്തുന്നത് പുരോഗമനം പറയുന്ന റിയാസിന് അപമാനമല്ലേ? മകളുടെ സ്ഥാപനത്തിന്റെ സാമ്പത്തിക ക്രമക്കേടുകളെ പറ്റി മുഖ്യമന്ത്രിയും മറുപടി പറഞ്ഞേതീരൂ.
സിഎംആര്‍എല്ലിന്റെ അടുത്ത് നിന്ന് മാത്രമല്ല മറ്റ് കമ്പനികളില്‍ നിന്നും പണം വാങ്ങിക്കാനുള്ള സംവിധാനമാണ് വീണയുടെ കമ്പനി. വിദ്യാഭ്യാസ കച്ചവടക്കാരില്‍ നിന്നും ചാരിറ്റിയുടെ മറവില്‍ തട്ടിപ്പ് നടത്തുന്നവരില്‍ നിന്നുമെല്ലാം വീണ മുഹമ്മദ് റിയാസിന്റെ കമ്പനി പണം വാങ്ങിയത് എന്തിനാണ്? മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെ പണം സംഭരിക്കാനാണ് കമ്പനി തുടങ്ങിയത്.
നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് മുഖ്യമന്ത്രി നടത്തിയത്. കമ്പനിയുടെ അക്കൗണ്ടിലേക്കും സ്വകാര്യ അക്കൗണ്ടിലേക്കും കോടികളാണ് ഒഴുകിയത്. മാസപ്പടി വിഷയം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യവിഷയമാക്കുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു. കെ.കെ. ശൈലജയുടെ ആത്മകഥ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതുപോലെ പി. ജയരാജന്റെ ആത്മകഥ കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും. കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: