തിരുവനന്തപുരം: ഡിവൈ എഫ് ഐ നേതാവിന് പെറ്റി ചുമത്തിയ സംഭവത്തിൽ പേട്ട പോലീസ് സ്റ്റേഷനിലെ രണ്ട് എസ്ഐമാരെയും ഡ്രൈവറെയും സ്ഥലം മാറ്റി. എസ്ഐ അഭിലാഷിനെതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ പരാതിയിലാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നത്. ഇതിൽ പോലീസ് സേനയിൽ തന്നെ അമർഷം ഉയർന്നുകഴിഞ്ഞു.
എസ്ഐ സ്റ്റേഷനിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ബ്ലോക്ക് സെക്രട്ടറിയുടെ പരാതി. വാഹന പരിശോധനയ്‌ക്കിടെ ഡിവൈഎഫ്‌ഐ വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി എം.നിതീഷിനെ അസഭ്യം വിളിച്ചുവെന്നും മര്‍ദ്ദിച്ചു എന്നും ആരോപിച്ച് ഡിവൈഎഫ്ഐ, സി പി എം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ആക്രമണത്തിൽ കണ്ടാലറിയാവുന്ന 35 ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.
ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതീഷിന് പിഴയിട്ടതാണ് പ്രകോപന കാരണം. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് ഉള്‍പ്പടെയുള്ളവര്‍ സ്റ്റേഷനിലെത്തി പ്രതിഷേധമുയര്‍ത്തിയിരുന്നു. അനുരജ്ഞന ചര്‍ച്ചയ്‌ക്കിടെ പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തള്ളിക്കയി. തുടര്‍ന്ന് പൊലീസുമായി ഉന്തും തളളുമുണ്ടായി. ഡിസിപി സിപിഎം ജില്ലാ സെക്രട്ടറിയുമായി ചര്‍ച്ച നടത്തവെയാണ് തള്ളിക്കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: