ജോഹന്നസ്ബര്‍ഗ്: ഇന്ത്യ ഉടന്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വരും വര്‍ഷങ്ങളില്‍ ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി രാജ്യം മാറുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ നടന്ന ബ്രിക്സ് ബിസിനസ് ഫോറം നേതാക്കളുടെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. ആഗോള സമ്പദ്വ്യവസ്ഥയിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടരുകയാണെന്നും പ്രധാനന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ വരുത്തിയ പരിഷ്കാരങ്ങള്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് കാരണമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൊതുസേവന വിതരണത്തിലും സദ്ഭരണത്തിലും സര്‍ക്കാര്‍ പ്രത്യേകം ഊന്നല്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ അനുകൂല്യങ്ങള്‍ നല്‍കുന്നത് പദ്ധതി സേവന വിതരണത്തില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുകയും അഴിമതി കുറയ്ക്കുകയും ചെയ്തതായി മോദി വ്യക്തമാക്കി. ഇന്ന് ഇന്ത്യയിലെ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസില്‍, തെരുവ് കച്ചവടക്കാര്‍ മുതല്‍ വലിയ ഷോപ്പിംഗ് മാളുകള്‍ വരെ എല്ലാ തലങ്ങളിലും യുപിഐ ഉപയോഗിക്കുന്നു.
പ്രതിരോധശേഷിയുള്ളതും ഉള്‍ക്കൊള്ളുന്നതുമായ വിതരണ ശൃംഖലകളുടെ പ്രാധാന്യം കോവിഡ് കാലം എടുത്തുകാണിച്ചതായി പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ആഗോള ക്ഷേമത്തിന്, പ്രത്യേകിച്ച് ആഗോള തെക്കന്‍ രാജ്യങ്ങളുടെ ക്ഷേമത്തിന് ബ്രിക്സ് കൂട്ടായ്മയ്ക്ക് കാര്യമായ സംഭാവന നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വികസന യാത്രയില്‍ പങ്കെടുക്കാന്‍ ബ്രിക്സ് വ്യവസായ പ്രമുഖരെയും പ്രധാനമന്ത്രി ക്ഷണിച്ചു.ബ്രിക്സ് കൂട്ടായ്മ വിപുലീകരണത്തിനും ഇന്ത്യക്ക് എതിര്‍പ്പില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ന് പ്രധാനമന്ത്രി മോദി ബ്രിക്സ് ഉച്ചകോടിയുടെ പ്ലീനറി സെഷനുകളില്‍ പങ്കെടുക്കുകയും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ ആതിഥേയത്വം വഹിക്കുന്ന വിരുന്നില്‍ പങ്കെടുക്കുകയും ചെയ്യും.ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയില്‍ ജൊഹാനസ്ബര്‍ഗിലാണ് ത്രിദിന ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ബ്രിക്സ് ഉച്ചകോടി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ബ്രിക്സ്-ആഫ്രിക്ക ബഹുജന സമ്പര്‍ക്ക പരിപാടിയിലും ബ്രിക്സ് പ്ലസ് സമ്മേളനത്തിലും മോദി പങ്കെടുക്കും.
















