ന്യൂദല്‍ഹി: ജര്‍മന്‍ മന്ത്രി വോള്‍ക്കര്‍ വിസിങ് ബെംഗളൂരുവില്‍ പച്ചക്കറി വാങ്ങാന്‍ യുപിഐ ഉപയോഗിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ശനിയാഴ്ച ബെംഗളൂരുവില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ ഡിജിറ്റല്‍ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് വിസിങ് ഇന്ത്യയില്‍ എത്തിയത്.
ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ പ്രശംസിച്ച് ജര്‍മന്‍ എംബസി എക്സില്‍ പങ്കുവെച്ച കുറിപ്പും ഇതോടൊപ്പം ലോകശ്രദ്ധ നേടുകയാണ്. വോള്‍ക്കര്‍ വിസിങ് ബെംഗളൂരുവിലെ പച്ചക്കറി മാര്‍ക്കറ്റില്‍ യുപിഐ ഇടപാട് നടത്തുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ജര്‍മന്‍ എംബസി എക്സില്‍ പങ്കുവെച്ചു.
”ഇന്ത്യയുടെ വിജയഗാഥകളിലൊന്നാണ് ഇവിടുത്തെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ പണമിടപാടുകള്‍ നടത്താന്‍ യുപിഐയിലൂടെ സാധിക്കുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ജര്‍മനിയിലെ ഫെഡറല്‍ ഡിജിറ്റല്‍, ട്രാന്‍സ്പോര്‍ട്ട് മന്ത്രി വോള്‍ക്കര്‍ വിസിങ്ങിനും അത് നേരിട്ട് മനസിലാക്കാന്‍ സാധിച്ചു. ഈ സംവിധാനം അദ്ദേഹത്തെ വളരെയേറെ ആകര്‍ഷിച്ചു”, ജര്‍മന്‍ എംബസി എക്സില്‍ കുറിച്ചു. പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് നിരവധി ഇന്ത്യക്കാരാണ് രംഗത്തെത്തുന്നത്. ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്പത്തിക വിപ്ലവത്തിന്റെ ഭാഗമായതിന് വിസിങ്ങിനോട് പലരും നന്ദി പറയുന്നുമുണ്ട്.
German Minister Volker Wissing was fascinated after making United Payments Interface (UPI) payment in India!
He called India's digital infrastructure one of the country's success stories! pic.twitter.com/we3yiIOXdH
— BJP (@BJP4India) August 21, 2023
ശ്രീലങ്ക, ഫ്രാന്‍സ്, യുഎഇ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ ഇതിനോടകം യുപിഐ സംവിധാനം ഉപയോഗിക്കാന്‍ ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിലാണ് യുപിഐക്ക് ശ്രീലങ്ക അംഗീകാരം നല്‍കിയത്. ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ന്യൂദല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സുപ്രധാന പ്രഖ്യാപനം. യുപിഐയുടെ നേട്ടങ്ങള്‍ ലോകമെമ്പാടും വ്യാപിക്കുന്നതോടെ ഇന്ത്യയുടെ ഡിജിറ്റല്‍ രംഗത്തെ മികവും അഭിമാനവുമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: