തിരുവനന്തപുരം: എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി സപ്ലിമെന്ററി പാഠപുസ്തകം തയാറാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് എന്‍ടിയു.
ബുധനാഴ്ച വൈകിട്ട് നാലിന്, കോട്ടണ്‍ഹില്‍ സ്കൂളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന അഡീഷണല്‍ പാഠപുസ്തകങ്ങളുടെ പുറത്തിറക്കല്‍ ചടങ്ങ് ബഹിഷ്കരിക്കും. സൂക്ഷ്മമായ വിലയിരുത്തലിനും കൂടിയാലോചനകള്‍ക്കും ശേഷമാണ് കൊവിഡ് കാലത്ത് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കാന്‍ എന്‍സിഇആര്‍ടി തീരുമാനമെടുത്തത്. ആ സ്ഥിതി ഈ വര്‍ഷവും തുടരുന്നു എന്ന് മാത്രം.
സപ്ലിമെന്ററി പാഠപുസ്തകം തയാറാക്കിയത് വിദ്യാഭ്യാസ വകുപ്പിന്റെ അമിതാവേശമാണ്. പല കാര്യങ്ങളിലും വകുപ്പിന്റെ വേഗം ഒച്ചിനെ വെല്ലുന്നതാണ്. വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന പന്ത്രണ്ടായിരത്തോളം ദിവസ വേതനക്കാരായ അധ്യാപകര്‍ക്ക് ഓണത്തിന് പോലും ശമ്പളം ലഭിക്കുമോ എന്ന ആശങ്ക നിലനില്ക്കുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ പരീക്ഷാ ജോലി ചെയ്ത അധ്യാപകരുടെ പ്രതിഫലം നല്കാന് പണമില്ലെന്നാണ് പറയുന്നത്. സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണതുക വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.
അടിയന്തര പ്രാധാന്യമുള്ള ഇത്തരം വിഷയങ്ങളോട് സാമ്പത്തിക പരാധീനതയുടെ പേരില്‍ മുഖം തിരിഞ്ഞ് നില്ക്കുന്ന സര്‍ക്കാര്‍ ഈ കാര്യത്തില്‍ കാണിക്കുന്ന അമിതമായ താത്പര്യം ദുരുദ്ദേശ്യപരമാണെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: