നാഷ് വില്ലെ: ഇന്റര്‍ മിയാമി എന്ന അമേരിക്കന്‍ ഫുട്ബോള്‍ ക്ലബ്ബിന് ആദ്യ ലീഗ്സ് കപ്പ് കിരീടം. ഇന്നലെ വെളുപ്പിന് നടന്ന ഫൈനലില്‍ നാഷ് വില്ലെയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു. ഓരോ ഗോള്‍ സമനിലയില്‍ തീര്‍ന്ന നിശ്ചിത സമയ മത്സരത്തില്‍ ആദ്യ ഗോളും ഷൂട്ടൗട്ടില്‍ താരങ്ങള്‍ക്ക് ആവേശമേകി ആദ്യ സ്പോട്ട് കിക്ക് ലക്ഷ്യത്തിലെത്തിച്ചും ലയണല്‍ മെസി ഇന്റര്‍ മിയാമി കിരീടനേട്ടത്തില്‍ നിര്‍ണായകമായി, സ്പെഷ്യലായി.
മത്സര ശേഷം ദീര്‍ഘകാലം ബാഴ്സയില്‍ മെസിയുടെ സഹതാരമായിരിക്കുകയും നിലവില്‍ ഇന്റര്‍ മിയാമിയില്‍ ഒരുമിച്ച് കളിക്കുകയും ചെയ്യുന്ന സ്പാനിഷ് മദ്ധ്യനിരതാരം സെര്‍ജിയോ ബുസ്ക്വെറ്റ്സ് സൂപ്പര്‍ താരത്തെ കുറിച്ച് വാചാലനായി- ‘ഇന്റര്‍ മിയാമി ഇപ്പോള്‍ ഒരു ഉറച്ച ടീമായിരിക്കുന്നു, അതിനൊപ്പം നമുക്ക് ലിയോ ഉണ്ട്, വ്യത്യസ്തമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഈ ലോകത്ത് തന്നെ ബെസ്റ്റ് ആണ് അയാള്‍’.
എംഎല്‍എസില്‍ എത്തിയിട്ട് താരത്തിന്റെ ഏഴാമത്തെ മത്സരം മാത്രമാണ് ഇന്നലെ നടന്നത്. 23-ാം മിനിറ്റില്‍ നേടിയ അത്യുഗ്രന്‍ ഗോളിലൂടെ തന്റെ പുതിയ ക്ലബിനായി ലിയോ പത്താം ഗോളും തികച്ചു. മത്സരത്തിലെയും ലീഗ്സ് കപ്പ് കൂര്ണമെന്റിലെയും താരമായി തെരഞ്ഞെടുക്കപ്പെട്ടതും മെസി തന്നെ. താരത്തിന്റെ കരിയറിലെ 44-ാം കിരീടനേട്ടമാണിത്.
ലീഗ്സ് കപ്പ് ഫൈനല്‍ ആദ്യ പകുതി പുരോഗമിക്കവെ റോബര്‍ട്ട് ടെയ്ലറില്‍ നിന്നും മെസിയുടെ കാല്ക്കല് പന്തെത്തി. തടയാനെത്തിയ നാഷ് വില്ലെ ഡിഫെന്‍ഡര്‍ വാക്കര്‍ സിമ്മെര്മാനെ ഡ്രിബിള്‍ ചെയ്ത മെസി പെനല്‍റ്റി ബോക്സിന് പുറത്തുവച്ച് തൊടുത്തു. വലയ്ക്കകത്തെ ഇടത് മൂലയുടെ മുകള്‍ ഭാഗത്തേക്ക് പന്ത് പതിച്ചു. ഗോളി എലിയറ്റ് പാനിക്കോ സേവ് ചെയ്യാന്‍ ചാടിയെങ്കിലും കിട്ടിയില്ല. ആദ്യപകുതിയില്‍ ഈ ഒരുഗോളിന് ഇന്റര്‍ മിയാമി മേധാവിത്വം പുലര്‍ത്തി.
രണ്ടാംപകുതിയില്‍ കളിയുടെ 56-ാം മിനിറ്റില്‍ നാഷ് വില്ലെ തിരിച്ചടിച്ചു. ബെഞ്ചമിന്‍ ക്രെമാസ്കി തൊടുത്ത കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ ഫാഫാ പികോല്ട്ട് ഗോളാക്കി.
ഇതിനെതിരെ 71-ാം മിനിറ്റില്‍ മെസി ഗോളിലോക്ക് ഷോട്ടുതിര്‍ത്തു. പോസ്റ്റില്‍ തട്ടി തെറിച്ചു. നിശ്ചിത സമയ മത്സരം അവസാനിക്കുന്നതിന് തൊട്ടു മുമ്പ് മിയാമി സ്ട്രൈക്കര്‍ ലിയണാര്‍ഡോ കംപാനയ്ക്കും അവസരം കിട്ടിയെങ്കിലും വീണ്ടും പോസ്റ്റില്‍ തട്ടിയകന്നു.
പിന്നെ നടന്നത് ഷൂട്ടൗട്ട് ചരിത്രം. ഇരുഭാഗത്തു നിന്നും 22 സ്പോട്ട് കിക്കുകള്‍. 11-ാം ഊഴത്തില്‍ മിയാമി ഗോളി ഡ്രെയ്ക് കാളെന്ഡെര് ടീമിനായി പത്താം സ്പോട്ട് കിക്ക് വലയിലാക്കി. ഇതിനെതിരെ ഗോള്‍ ലക്ഷ്യമിട്ടെത്തിയ എലിയറ്റ് പാനിക്കോയുടെ ഷോട്ട് മിയാമി ഗോളി തടുത്തു. ടീം കപ്പടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: