ഉള്ളില്‍ പകയും വിഷവും നിറച്ച് ജീവജലത്തെ മലിനമാക്കി കാളിന്ദിയില്‍ പതിയിരുന്ന കാളിയനെ പുറത്തെത്തിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍ വകവരുത്തിയത് ശ്രാവണ പഞ്ചമിയിലാണ്. തോഴരുമൊത്ത് കാളിന്ദി നദീതീരത്ത് പന്തുകളിക്കവെ ഉരുണ്ടുപോയ പന്ത് കാളിന്ദി നദിയില്‍ പതിച്ചു. പന്തെടുക്കാന്‍ ചെന്ന ശ്രീകൃഷ്ണനെ കാളിയന്‍ കടന്നാക്രമിച്ചു. കാളിയന്റെ ശിരസില്‍ ശ്രീകൃഷ്ണന്‍ ആനന്ദനടനമായി. ഒടുവില്‍ അഹങ്കാരം ശമിച്ച് ഉള്ളിലെ വിഷം തുപ്പിക്കളഞ്ഞ് അടിയറവു പറഞ്ഞ് കാളിയന്‍ മോക്ഷം നേടി.
ശ്രീകൃഷ്ണഭഗവാന്‍ കാളിയ നിഗ്രഹം നടത്തിയതായി വിശ്വസിക്കപ്പെടുന്നത് ശ്രാവണ പഞ്ചമി നാളിലാണ്. ദര്‍പ്പമടങ്ങിയ നാഗത്തെ പൂജിക്കാന്‍ ഭാരതീയര്‍ വിശേഷദിനമായി തെരഞ്ഞെടുത്തതും നാഗപഞ്ചമി ദിനത്തെയാണ്. ആസ്തിക മുനി നാഗങ്ങളെ രക്ഷിച്ചതും നാഗപഞ്ചമി ദിനത്തിലാണത്രെ.
ശ്രാവണ പഞ്ചമിയില്‍ നാഗപൂജ ചെയ്യുന്നത് ദീര്‍ഘമാംഗല്യത്തിനും സന്താന രക്ഷയ്‌ക്കും ഉത്തമമാണ്. ജാതകദോഷത്തിനും നാഗപൂജ വിശേഷമത്രെ. സര്‍പ്പപുറ്റിലെ മണ്ണ്, ചാണകം, ഗോമൂത്രം, പാല്‍, ചന്ദനം എന്നിവ അടങ്ങിയ പഞ്ചരജസ്സ് കൊണ്ട് നിലത്ത് മെഴുകി അരിമാവില്‍ മഞ്ഞള്‍ കലക്കി വേപ്പിന്‍ കമ്പുകൊണ്ട് നാഗരൂപങ്ങള്‍ വരച്ചു വയ്‌ക്കുന്നതും ഉത്തമമാണ്.
നാഗപഞ്ചമി പ്രധാനമായും ആഘോഷിക്കപ്പെടുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഭാരതത്തെക്കൂടാതെ നേപ്പാളിലും ബുദ്ധ-ജൈന ആരാധനകള്‍ നിലനില്‍ക്കുന്നിടങ്ങളിലും ആഘോഷിക്കുന്നു. കേരളത്തിലെ നാഗക്ഷേത്രങ്ങളിലും കാവുകളിലും നൂറും പാലും നിവേദിക്കും.
അനന്തന്‍, വാസുകി, ശേഷന്‍, പത്മ, കമ്പള, കര്‍ക്കോടകന്‍, അശ്വതാരം, ധൃതരാഷ്‌ട്രര്‍, ശംഖപാലന്‍, കാളിയന്‍, തക്ഷകന്‍, പിംഗളന്‍ എന്നിങ്ങനെ പ്രധാനമായും പന്ത്രണ്ട് നാഗങ്ങളെയാണ് നാഗപഞ്ചമി ദിനത്തില്‍ ആരാധിക്കുന്നത്. പാമ്പിന്‍ മാളങ്ങള്‍ക്ക് മുമ്പില്‍ നൂറും പാലും വയ്‌ക്കുകയും നാഗരക്ഷ ഉറപ്പുവരുത്തുന്നതിനായി പറമ്പിലെ വെട്ടും കിളയലും കൃഷിപ്പണികളും നാഗപഞ്ചമി ദിനത്തില്‍ നിര്‍ത്തിവയ്‌ക്കുകയും ചെയ്യുന്നു.
ജീവിച്ചിരിക്കുന്ന ദൈവങ്ങളാണ് ഭാരതീയന് നാഗങ്ങള്‍. ധാര്‍മ്മികതയുടെയും പുനര്‍ജന്മത്തിന്റെയും പ്രതീകങ്ങളാണവര്‍.
ഉജ്ജയിനിയിലെ നാഗചന്ദ്രേശ്വര ക്ഷേത്രം നാഗപഞ്ചമി ദിനത്തില്‍ മാത്രമാണ് തുറക്കുന്നത്. മധ്യപ്രദേശിലെ പ്രസിദ്ധമായ മഹാകാലേശ്വര്‍ ക്ഷേത്രസമുച്ചയത്തിന്റെ മൂന്നാംനിലയിലെ ശിവന്റെ അപൂര്‍വ പ്രതിഷ്ഠയാണ് നാഗചന്ദ്രേശ്വര ക്ഷേത്രത്തിലേത്. നാഗപഞ്ചമി ദിനത്തില്‍ നാടിന്റെ നാനാഭാഗത്തുനിന്നും നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ധൗലി നാഗക്ഷേത്രം, മണ്ണാറശാലയിലെ നാഗരാജക്ഷേത്രം, ജമ്മുവിലെ പട്‌നിടോപ്പിലുള്ള നാഗ് മന്ദിര്‍, തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ നാഗര്‍ ക്ഷേത്രം എന്നിവിടങ്ങളിലും നാഗപഞ്ചമിക്ക് വിശേഷ പൂജകള്‍ നടക്കും. കര്‍ണാടകയില്‍ കൂര്‍ഗിലും മഹാരാഷ്‌ട്രയിലും ഗുജറാത്തിലും ദല്‍ഹിയിലുമെല്ലാം നാഗപഞ്ചമി വലിയൊരാഘോഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: