കോഴിക്കോട്: ടിടിഇക്കു നേരെ വീണ്ടും ട്രെയിനിൽ ആക്രമണം. കോഴിക്കോട് വടകരയിൽ വച്ചായിരുന്നു ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനാണ് ടിടിഇയെ ആക്രമിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളാണ് ആക്രമിച്ചത്. പരിക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥ് ഷൊർണൂർ റെയിൽവേ ഹോസ്പിറ്റലിൽ ചികിത്സ തേടി. പ്രതി ബിജുകുമാറിനെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുലർച്ചെ 3.30നു ട്രെയിൻ വടകര പിന്നിട്ടപ്പോഴാണ് ആക്രമണം ഉണ്ടായത്. എസ് 10 കോച്ചിൽ വച്ച് മദ്യ ലഹരിയിൽ ആയിരുന്ന അക്രമി ടിടിഇയ്‌ക്ക് നേരെ കത്തിയുമായി പാഞ്ഞടുക്കുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാർ അക്രമിയെ പിടിച്ചുമാറ്റുകയായിരുന്നു. കത്തി വീശുന്നതിനിടെ ഋഷിയുടെ കഴുത്തിൽ പരിക്കേറ്റു. മദ്യലഹരിയിലായിരുന്ന ബിജുകുമാറിനെ കണ്ണൂരിലേയ്‌ക്ക് പോകുന്ന മറ്റൊരു ട്രെയിനിൽ നിന്നും ഇറക്കി വിട്ടിരുന്നു. തുടർന്നാണ് ഇയാൾ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിലെ എസ്10 കോച്ചിലേയ്‌ക്ക് കയറിയത്.
ടിക്കറ്റില്ലാത്തതിനാൽ ഇറങ്ങണമെന്ന് ടിടിഇ ആവശ്യപ്പെട്ടു. ശേഷം ആർപിഎഫിനെ വിവരമറിയിച്ചു. തുടർന്ന് അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ ആർപിഎഫ് വന്ന് ഇയാളെ പിടികൂടി. തന്റെ ബാഗ് ട്രെയിനിനുള്ളിലാണെന്ന് പറഞ്ഞ് ആർപിഎഫിന്റെ അനുവാദത്തോടെ കോച്ചിനുള്ളിൽ കയറിയ അക്രമി ട്രെയിൻ പുറപ്പെട്ടെങ്കിലും പുറത്തിറങ്ങിയില്ല. തുടർന്ന് ഋഷി ശശീന്ദ്രനാഥ് അടുത്ത സ്റ്റേഷനായ വടകരയിലെ ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇതിൽ പ്രകോപിതനായാണ് ആക്രമണം നടത്തിയത്.
ഇന്നലെയും ടിടിഇക്ക് നേരെ ട്രെയിനിൽ ആക്രമണമുണ്ടായി. വനിതാ ടിടിഇയെ യാത്രക്കാരൻ മർദ്ദിക്കുകയായിരുന്നു. മംഗളുരു -ചെന്നൈ എക്സ്പ്രസിലാണ് സംഭവം. ടിടിഇ രജിതയ്‌ക്കാണ് മർദ്ദനമേറ്റത്. പ്രതി വടകര സ്വദേശി റൈരുവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക