മെയ്തെയ് രാജ്യത്തെ മലനിരകളില്‍ വസിച്ചിരുന്ന ഗോത്രങ്ങളാണ് നാഗന്മാര്. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഇന്നത്തെ മ്യാന്മറിലെ മിസോ ചിന് സംസ്ഥാനത്തെ മലനിരകളില്‍ വസിച്ചിരുന്ന ഗോത്രവര്‍ഗങ്ങള്‍ ബ്രിട്ടീഷുകാരുമായി ഗൊറില്ല യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. 1917 ല്‍ ബ്രിട്ടീഷുകാര്‍ അവരെ പരാജയപ്പെടുത്തുകയും അവരില്‍ നിരവധി ആളുകളെ പിന്നീട് വന്ന യുദ്ധങ്ങളില്‍ ഉപയോഗിക്കുകയും മണിപ്പൂരിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അവര്‍ നടത്തിയ ഏറ്റവും ചെലവേറിയ യുദ്ധമായിരുന്നു ഗൊറില്ല യുദ്ധം. പിന്നീട് നാഗകളുമായി യുദ്ധം ഉണ്ടായപ്പോഴും ബ്രിട്ടീഷുകാര്‍ അത് തടുക്കുന്നതിനായി കുക്കി ഗോത്രത്തെ ഉപയോഗിച്ചു. 17-18 നൂറ്റാണ്ടുകളില്‍ ധാരാളം കുക്കി ഗോത്രങ്ങള്‍ ബര്‍മയിലെ ചിന് മലനിരകളില്‍ നിന്നും നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ കുടിയേറി. അങ്ങനെ മെയ്തെയ്കള്‍ക്കും നാഗകള്‍ക്കും ഇടയിലുള്ള വനമേഖലകളില്‍ കുക്കികള്‍ വസിക്കാന്‍ തുടങ്ങി.
വില്യം പെറ്റിഗ്രൂ എന്ന ബ്രിട്ടീഷ് മിഷനറിയാണ് 1894 ല്‍ മെയ്തെയ്കള്‍ക്കിടയില്‍ ആദ്യമായി മിഷനറി പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ തദ്ദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം ഉക്രുള്‍ എന്ന മലമ്പ്രദേശത്തേക്ക് പ്രവര്‍ത്തനം മാറ്റുകയും ആണ്‍കുട്ടികള്‍ക്കായി ആദ്യത്തെ പ്രൈമറി സ്കൂള്‍ സ്ഥാപിക്കുകയും ചെയ്തു. അതുവരെ അമേരിക്കന്‍ ബാപ്റ്റിസ്റ്റ് ഫോറിന് മിഷനറി ആയിരുന്നു ചെറിയതോതില്‍ മണിപ്പൂരില്‍ മിഷനറി പ്രവര്‍ത്തനം നടത്തിയിരുന്നത്. 1951 ല്‍ അരുണാചലിലെ ദിബ്രുഘര്‍ ആസ്ഥാനമായി രൂപത സ്ഥാപിച്ചതോടെ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടി. എങ്കിലും കൂടുതലും ഗോത്രവര്‍ഗങ്ങള്‍ ആയ നാഗകളും കുക്കികളുമായിരുന്നു അവരുടെ ലക്ഷ്യം. പിന്നീട് അത് മെയ്തെയ് ഗ്രാമങ്ങളെ ലക്ഷ്യമാക്കി പ്രവര്‍ത്തനമാരംഭിച്ചു. ഇതിനിടയില്‍ കുറച്ച് മെയ്തികള്‍ (7 ശതമാനം) ഇസ്ലാംമതം സ്വീകരിച്ച് മെയ്തെയ് പംഗല്‍സ് എന്നറിയപ്പെട്ടു തുടങ്ങി.
പെറ്റിഗ്രുവിന്റെ അഭിപ്രായത്തില്‍ നാഗകള്‍ക്ക് പലതരത്തിലും മെയ്തെയ് വിശ്വാസങ്ങളുമായി പൊരുത്തപ്പെടല്‍ ഉണ്ടായിരുന്നു. ആത്മാവിലുള്ള വിശ്വാസം അതിനുദാഹരണമാണ്. ജനങ്ങള്‍ക്ക് പ്രാദേശിക ഭാഷ മാത്രം അറിയാവുന്നതു കൊണ്ട് ബൈബിള്‍ ആ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്ത് അവതരിപ്പിച്ചു. ഇന്ന് കേരളത്തിലാണ് ഈ അച്ചടി നടക്കുന്നത്. അദ്ദേഹത്തിന് ശേഷം വാറ്റ്കിന്‍ ഗോബര്‍, യു. എം. ഫോക്സ്, ജി. ജ.ി ക്രോസിയര്‍ തുടങ്ങിയ നിരവധി മിഷനറിമാര്‍ മതപ്രചാരവേലകളില് ഏര്‍പ്പെട്ടു. ഇന്ന് 30 ലധികം വിവിധ വിഭാഗങ്ങളിലുള്ള ക്രിസ്തീയ സഭകള്‍ അവിടെ പ്രവര്‍ത്തനം നടത്തുന്നു. തദ്ദേശീയരോട് അവരുടെ മതം പ്രാകൃതമാണെന്നും മറ്റും പഠിപ്പിച്ച് ക്രിസ്തീയതയിലേക്ക് അടുപ്പിച്ചു ഏകദൈവത്തില്‍ വിശ്വസിക്കാനും പ്രാര്‍ത്ഥിക്കാനും പ്രേരണ നല്കി. ഇത് അവരുടെ അസ്തിത്വം തന്നെ തുടച്ചുനീക്കുകയോ പറിച്ചുമാറ്റുകയോ ചെയ്യുന്നതിന് തുല്യമായിരുന്നു ഇങ്ങനെ മതം മാറ്റപ്പെട്ട നിരവധി മണിപ്പൂരി കുട്ടികള്‍ ഇന്ന് കേരളത്തിലെ വിവിധ ക്രിസ്തീയ കലാലയങ്ങളില്‍ വന്ന് പഠിക്കുന്നുണ്ട്. എന്നാല്‍ മെയ്തെയ്കളുടെ ഇടയില്‍ അധികം സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് തുടക്കത്തില്‍ സാധിച്ചിരുന്നില്ല. കാരണം സനമാഹിയില് ഉള്ള അവരുടെ അടിയുറച്ച വിശ്വാസമായിരുന്നു
ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് ഭരണപരമായി മണിപ്പൂരിനെ രണ്ടു ഭാഗങ്ങളായി തിരിച്ചു. ഹില്‍ ഏരിയ എന്നും സമതല പ്രദേശമെന്നും. രണ്ടും രണ്ട് ഭരണപരമായ മേഖലകളായി. എന്നാല്‍ ഭൂ ഉടമസ്ഥാവകാശത്തിന്മേല് ഈ നിയമം ഒരു വിലങ്ങുതടി ആയിരുന്നില്ല. മണിപ്പൂരിലെ ഏതൊരു പൗരനും സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും സ്ഥലം വാങ്ങുന്നതിനും ജീവിക്കുന്നതിനും തടസമുണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം ആസൂത്രണ കമ്മീഷന് ശുപാര്‍ശ പ്രകാരം 1960ല്‍ മണിപ്പൂരില്‍ ഇന്ത്യ ഗവണ്മെന്റ് ഒരു ഭൂപരിഷ്കരണ നയം നടപ്പാക്കി. 1974 ല്‍ ഭരണഘടനയില്‍ അതിനായി തിരുത്തലുകള്‍ വരുത്തി. അങ്ങനെ ആര്‍ട്ടിക്കിള്‍ 371 സി ഉണ്ടായി. ഇത് പ്രകാരം താഴ്വരയില് ഉള്ളവര്‍ക്ക് മലമ്പ്രദേശങ്ങളില്‍ സ്ഥലം വാങ്ങാനും താമസിക്കാനും അവകാശമില്ല. എന്നാല്‍ മലമ്പ്രദേശങ്ങളിലുള്ള ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്ക് താഴ്വരയില് ഇതിന് തടസം ഉണ്ടായിരുന്നില്ല.
ആദിവാസികളെ പുറമേ നിന്നുള്ള ചൂഷണം ഒഴിവാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് ഇത്തരം ഒരു നിയമം കൊണ്ടുവന്നത് എന്നാണ് പറയുന്നത്. അങ്ങനെ ഭൂരിപക്ഷ വിഭാഗമായ മെയ്തെയ്കള്ക്ക് ഹില്‍ ഏരിയകളിലേക്ക് അവകാശം ഭരണഘടനാപരമായി ഇല്ലാതായി. അന്ന് താഴ്വര നിവാസികള്‍ക്ക് അതൊരു ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല. എന്നാല്‍ സ്വാതന്ത്ര്യാനന്തരം, 2023 ആകുമ്പോഴേക്കും സമതല ജനസംഖ്യ പതിന്മടങ്ങ് വര്‍ദ്ധിക്കുകയും പ്രദേശം വാസത്തിനായി തികയാതെ വരികയും ചെയ്തു. ജനസംഖ്യയുടെ കേവലം 15-20 ശതമാനം മാത്രം ഉണ്ടായിരുന്ന ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ 90 ശതമാനം ഭൂമിയും 70-80 ശതമാനം വരുന്ന മെയ്തെയ്കള്ക്ക് സമതലത്തിലെ വെറും 10 % ഭൂമിയും എന്ന രീതിയിലുമായി. കേവലം 13% മാത്രം സംസ്ഥാനത്തുണ്ടായിരുന്ന കുക്കി ജനസംഖ്യ അനധികൃത കുടിയേറ്റം വഴി ധാരാളമായി വര്‍ദ്ധിച്ചു. ഇന്ത്യന്‍ പട്ടാളത്തിന്റെ ചില വിലയിരുത്തലുകളില്‍ ഇത്തരം കുടിയേറ്റക്കാരുടെ ധാരാളം ഗ്രാമങ്ങള്‍ പുതുതായി ഉടലെടുത്തു വരുന്നതായി കാണുന്നു. കൂടാതെ ഇക്കൂട്ടരില്‍ ചിലര്‍ സംരക്ഷിത വനമേഖല വെട്ടിത്തെളിച്ച് പള്ളികള്‍ പണിയുകയും അനധികൃത പോപ്പി കൃഷി കാടുകളില്‍ ചെയ്യുകയും അത് ബര്‍മ്മ അതിര്‍ത്തി വഴി കച്ചവടം ചെയ്ത് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്നതായി പരാതിയുണ്ട്.
മെയ്തെയകള് ഇന്ന് അധിവസിക്കുന്ന 10 ശതമാനം സമതലപ്രദേശം സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയായതിനാല്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, പുതിയ റെയില്‍വെ, വിമാനത്താവളം, ഇന്‍ഡോ മ്യാന്മാര് ഹൈവേ തുടങ്ങിയ വികസന പദ്ധതികള്‍ മൂലം വലിയ മെയ്തെയ് ജനസംഖ്യ വീണ്ടും സ്ഥലം നഷ്ടമായി 6-7 ശതമാനം സ്ഥലത്തേക്ക് ഒതുക്കപ്പെടുന്നു എന്നത് വിസ്മരിക്കാനാവുന്ന വസ്തുതയല്ല. പുതിയ സംസ്ഥാന സര്‍ക്കാര്‍ അനധികൃത വനം കയ്യേറ്റം തടയുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും അവര്‍ക്ക് വേണ്ട മറ്റ് താമസ സൗകര്യങ്ങള്‍ ഒരുക്കാതിരിക്കുകയും ചെയ്യുന്നത് അനധികൃത കുടിയേറ്റക്കാരെ സര്‍ക്കാരിനെതിരാക്കി. ഗോത്രവര്‍ഗങ്ങള്‍ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത് കാരണം മതം മാറി ക്രിസ്ത്യാനി ആയാലും എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിക്കുകയും, ഉന്നത ജോലികളില്‍ അവര്‍ ധാരാളമായി പ്രവേശിക്കുകയും ചെയ്യുന്നു. മെയ്തെയ്കള്‍ ജനറല്‍ വിഭാഗത്തിലും ചെറിയൊരു വിഭാഗം ഒബിസിയിലും പെടുന്നു, കാരണം അവരിലെ ജാതി വ്യവസ്ഥ തന്നെ. അതിനാല്‍ ചെറിയ ഒരു ശതമാനം മാത്രം ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുകയും ബാക്കിയുള്ളവര്‍ പിന്തള്ളപ്പെട്ടു പോവുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി 2012 ല്‍ മെയ്തെയ്കള്‍ എസ് ടി പദവിക്കായി കോടതിയില്‍ കേസ് കൊടുത്തു. അതിന്റെ വിധി അവര്‍ക്ക് അനുകൂലമായി കഴിഞ്ഞ ഏപ്രില്‍ മാസം വന്നതു മുതലാണ് കുക്കികള്‍ അവരുടെ വിദ്യാര്‍ഥി യൂണിയന് സമരത്തിലൂടെ സംഘര്‍ഷം തുടങ്ങിവെക്കുന്നത്. സംവരണം തങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുമോ എന്ന് കുക്കികള്‍ ഭയന്നു. ഇന്ന് പിന്നാക്കാവസ്ഥ കാരണം മെയ്തെയ്കള്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് ധാരാളമായി പൊയ്ക്കൊണ്ടിരിക്കുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും ലഭിക്കുമെന്ന വിശ്വാസമാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. ഹിന്ദുമതത്തിലെ ഉച്ചനീചത്വങ്ങള്‍ ഒഴിവായി തുല്യത ലഭിക്കുമെന്ന് അബ്രഹാമിക് മതങ്ങള്‍ അവരെ പറഞ്ഞു പഠിപ്പിച്ചു.
ചൂരാചന്ദ്പൂര്‍ എന്ന ഹിന്ദു മുന്നോക്ക ജില്ലയില്‍ ഇന്ന് (2021 സെന്‍സസ്) പ്രകാരം വെറും 9925 ഹിന്ദുക്കള്‍ മാത്രമാണുള്ളത്. 1248 മുസ്ലീങ്ങളും 164453 ക്രിസ്ത്യാനികളും 192 സിഖുകാരും നാല് ബൗദ്ധന്മാരും 14 ജൈനന്മാരുമാണുള്ളത്. ഏറ്റവും അധികം ക്രിസ്തീയ പുരോഹിതന്മാരെയും മത പ്രചാരകരെയും വാര്‍ത്തെടുത്തത് ഈ ജില്ലയില്‍ നിന്നാണ് എന്ന് ക്രിസ്തീയ സഭ തന്നെ പറയുന്നു. ഇന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 90 ശതമാനം ക്രിസ്ത്യാനിറ്റി നിലനില്ക്കുമ്പോള് മണിപ്പൂര്‍, ത്രിപുര, അരുണാചല്‍ പ്രദേശ്, ആസാം എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് വ്യക്തമായ ഹിന്ദു ജനസംഖ്യ ഉള്ളത്. 1931 ല്‍ രണ്ടും 1951 ല്‍ 12 %വും ആയിരുന്ന ക്രിസ്ത്യാനികള്‍ 2011 ആയപ്പോഴേക്കും 41.29 ശതമാനവും ഹിന്ദുക്കള്‍ 41.39 ശതമാനവുമായി നില്ക്കുന്നു. 10 വര്‍ഷത്തെ പുതിയ ജനസംഖ്യാ കണക്കെടുപ്പ് ഇതുവരെ നടന്നിട്ടില്ലാത്തതിനാല്‍ ക്രിസ്ത്യന്‍ ജനസംഖ്യ മെയ്തെയ് ഹിന്ദു ജനസംഖ്യയെക്കാള്‍ വളരെ ഉയര്‍ന്നിട്ടുണ്ട് എന്നതില്‍ സംശയമില്ല.
മതപരമായും സാമ്പത്തികമായും ജനസംഖ്യാപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം പോയ മെയ്തെയ്കള്‍ അവരുടെ അസ്തിത്വം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇങ്ങനെ മുന്നോട്ട് പോയാല്‍ അധികം വൈകാതെ അവരുടെ സംസ്കാരം തന്നെ ഇല്ലാതാവും എന്ന ഭയം അവരെ കൂടുതല്‍ അരക്ഷിതരാക്കി ക്കൊണ്ടിരിക്കുന്നു. അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന പോപ്പി കൃഷി, ജനസംഖ്യാ വര്‍ദ്ധനവ് മുതലായ ഘടകങ്ങളും അവരെ വല്ലാതെ ആകുലപ്പെടുത്തുന്നു. അങ്ങനെ സനമാഹികള്‍ അസ്തിത്വം നഷ്ടപ്പെട്ടവരായി മാറിക്കഴിഞ്ഞു.
മതപ്രചാരണത്തിന് അനിയന്ത്രിതമായി അനുവാദം നല്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 തിരുത്തി എഴുതണമെന്ന് മുന്‍ ഗവര്‍ണര്‍ ആയിരുന്ന ജനതാ പാര്‍ട്ടി നേതാവ് പാര്‍ലമെന്റില്‍ ആവശ്യമുന്നയിച്ചപ്പോള്‍ പലരും അതിന് അനുവദിച്ചില്ല. ഇന്ത്യയിലെ ഹിന്ദുമതത്തിന്റെ മരണം അതിവിദൂരമല്ല എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഹിന്ദുമതം അങ്ങനെ ഒരു ഭീഷണി നേരിടുന്നില്ല എന്നാണ് മറ്റു പാര്‍ട്ടി നേതാക്കന്മാര് പറഞ്ഞത്. അവരെ സംബന്ധിച്ചിടത്തോളം ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങള്‍ അവരുടെ ഒരു വോട്ട് ബാങ്ക് ആണ്. അവരുടെ വര്‍ദ്ധന അത്തരം പാര്‍ട്ടികളുടെ നിലനില്‍പ്പിന് അത്യാവശ്യവുമാണ്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളായ മലേഷ്യ ഇന്തോനേഷ്യ, ബ്രൂണെ തുടങ്ങിയ ഭാരതീയ സംസ്കാരങ്ങള്‍ പേറിയിരുന്ന രാജ്യങ്ങള്‍ക്ക് സംഭവിച്ച മാറ്റം ഇന്ത്യ എന്ന മഹത്തായ പാരമ്പര്യം പേറുന്ന രാജ്യം മനസിലാക്കേണ്ട കാലം അതിക്രമിച്ചു. ഇല്ലെങ്കില്‍ നാളെ ഭാരതഭൂമി മറ്റൊരു സംസ്കാരത്തില്‍ പുലരും.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: