വെളുക്കെ ചിരിച്ച് വര്‍ത്തമാനം പറയുന്ന പിബി മെമ്പറാണ് എം.എ.ബേബി. പറയുന്ന കാര്യങ്ങളും സംഭവിക്കുന്നതും തമ്മില്‍ എന്തെങ്കിലും പൊരുത്തം വേണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനില്ല. അതിലേറെ പാര്‍ട്ടിക്കുമില്ല. വായില്‍ വന്നത് കോതയ്ക്ക് പാട്ട് എന്നപോലെയേ ഈ പിബി മെമ്പറുടെ വിഷയം ബ്രാഞ്ച് സഖാക്കള്‍ പോലും കരുതുകയുള്ളൂ. അതുപോലുള്ള വര്‍ത്തമാനമാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. ഇ.പി. ജയരാജന് പറഞ്ഞതുപോലെ ‘പാവം പെണ്‍കുട്ടിയുടെ’ മാസപ്പടിയെക്കുറിച്ചുതന്നെ. മുഖ്യമന്ത്രിയുടെ മകള്‍ വീണ സ്വകാര്യ കരിമണല്‍ കമ്പനിയില്‍നിന്ന് പണം വാങ്ങിയെന്ന വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ബേബി വച്ചുകാച്ചിയത്. പുറത്തുവിട്ടത് കേന്ദ്ര ഏജന്‍സിക്ക് വേണ്ടി ടാര്‍ഗറ്റ് ചെയ്ത റിപ്പോര്‍ട്ടാണെന്നും ഇത് എല്ലാവര്ക്കും മനസ്സിലാവുന്ന കാര്യമാണെന്നുമാണ് ബേബി തട്ടിവിട്ടത്. എറണാകുളത്തെ കമ്പനിയുമായി ബന്ധപ്പെട്ട് സാധാരണ നിലയിലുള്ള റിപ്പോര്‍ട്ടല്ല കേന്ദ്ര ഏജന്‍സിക്ക് നല്‍കിയത്. ആര്‍എസ്എസിന്റെ ടാര്‍ഗറ്റിങ്ങിന്റെ ഭാഗമായുള്ള ഗൂഢാലോചനയാണിത്. വിവാദത്തിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. ആര്‍എസ്എസിന്റെ ടാര്‍ഗറ്റിങ്ങിന്റെ ഭാഗമാണ് വിവാദമെന്ന വെളിപ്പെടുത്തല്‍ എന്തിനായിരുന്നു. ബേബിയുടെ വര്‍ഗീയ അജണ്ട വീണയുടെ പേരില്‍ എടുത്തിട്ടതിന്റെ ലക്ഷ്യം വേറെയാണ്. ആര്‍എസ്എസിന്റെ പേര് പറഞ്ഞാല്‍ കേന്ദ്രം പ്രകോപിതമാകുമെങ്കില് ആകട്ടെ എന്നുകരുതിയിട്ടുതന്നെ. ആരൊക്കെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കി പുറത്തുവിട്ട കശ്മലന്മാര്. ആദായനികുതിവകുപ്പിലെ അക്രവള്ളിദാസ്, രാമേശ്വര്‍ സിംഗ്, എം.ജഗദീശ് ബാബു എന്നിവരോ? ചിറ്റപ്പന് സഖാവ് ജയരാജന് പോലും അറിയാത്തതും പറയാത്തതുമായ കാര്യമാണ് ബേബിപറഞ്ഞിരിക്കുന്നത്. എല്ലാം അറിയുന്നവനാണല്ലോ ചിറ്റപ്പന് ഇ.പി. സഖാവ്. അദ്ദേഹത്തിന്റെ വര്‍ത്തമാനം ശ്രദ്ധിച്ചില്ലെ. മുഖ്യമന്ത്രിയെ ആക്രമിക്കാനായി ഒരു പാവം പെണ്‍കുട്ടിയെ ആക്രമിക്കുന്നത് എന്തിനാണെന്ന് എല്‍ഡിഎഫ് കണ്‍വീനറുടെ ചോദ്യം. കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തുന്നതില്‍ തെറ്റില്ല. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കള്‍ ഇത്തരം സ്ഥാപനം നടത്തുന്നുണ്ടെന്നും ഇപി ചോദിച്ചു.
സേവനത്തിന്റെ പ്രതിഫലം എല്ലാ നികുതിയും അടച്ച് അക്കൗണ്ട് വഴിയാണു നല്‍കിയത്. 2017ലെ സംഭവം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതു ദുരുദ്ദേശപരമാണ്. വ്യക്തിഹത്യ പാടില്ല. ഇടതു പക്ഷത്തെ തകര്‍ക്കാനുള്ള വലതുപക്ഷ ശക്തികളുടെ അജന്‍ഡയും ഇതിനു പിന്നിലുണ്ടെന്ന് ഇ.പി.ജയരാജന് പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്കു കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍നിന്നു 1.72 കോടി രൂപയാണു 3 വര്‍ഷത്തിനിടെ ലഭിച്ചത്. ഈ പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നായിരുന്നു ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് തീര്‍പ്പു കല്പിച്ചത്.
2017-20 കാലയളവില്‍ മൊത്തം 1.72 കോടി രൂപയാണു വീണയ്ക്കും എക്സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നുമായിരുന്നു ആദായനികുതി വകുപ്പിന്റെ വാദം. ലഭിക്കാതിരുന്ന സേവനങ്ങള്‍ക്കാണ് പണം നല്‍കിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ ആദായനികുതി വകുപ്പിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മരുമകന് മന്ത്രി വീണയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസ് ഒടുവില്‍ വായതുറന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സെക്രട്ടറിയും ഇതു സംബന്ധിച്ച നിലപാടു വ്യക്തമാക്കിയതാണെന്നും എത്ര ആവര്‍ത്തിച്ചു ചോദിച്ചാലും ഇതു തന്നെയാണു പറയാനുള്ളതെന്നും റിയാസ് പറഞ്ഞു. പാര്‍ട്ടിക്ക് ബന്ധമില്ലാത്തകാര്യത്തിന് എന്തിന് പാര്‍ട്ടി മറുപടി നല്‍കണം? തൊഴില്‍ മന്ത്രിയുടെ വാദമാണ് വിചിത്രം. തൊഴില്‍ ചെയ്യാന്‍ വിടില്ലെ എന്നാണ് ചോദ്യം. വീണ ഒരു തൊഴിലിലും ചെയ്യാതെയാണ് പണം പറ്റിയത്. ഇതിനെ മാസപ്പടി എന്നല്ല, നോക്കുകൂലി എന്നാണ് പറയേണ്ടത്. വ്യക്തികളുടെ കാര്യത്തിന് പാര്‍ട്ടി മറുപടി നല്‍കേണ്ടതില്ലെന്ന മുന്‍നിലപാടിന് വിരുദ്ധമാണ് ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയും മന്ത്രിയും പറയുന്നതെന്നകാര്യം വേറെ.
മാസപ്പടി വിവാദത്തില്‍ ദൃശ്യമാധ്യമ ചര്‍ച്ചകളുടെ പ്രമോ കൊടുക്കുമ്പോള്‍ തന്റെ ചിരിക്കുന്ന മുഖമാണു നല്‍കുന്നതെന്നും പേടിച്ച മുഖം നല്‍കുന്നതായിരിക്കും നല്ലതെന്നും റിയാസ് പറയുന്നു. ദൃശ്യമാധ്യമങ്ങളിലെ അന്തിച്ചര്‍ച്ച ജനങ്ങള്‍ വിശ്വസിച്ചിരുന്നെങ്കില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കെട്ടിവച്ച കാശു കിട്ടുമായിരുന്നില്ലെന്നും റിയാസ് അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് ഇതൊക്കെ കുറെ നേരിട്ടതാണ്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
ചിറ്റപ്പന് സഖാവിന് അറിയാത്തതും അറിയേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അവ ഇതാണ്.
ബിജെപി രൂപംകൊള്ളുന്നത് 1980 ലാണ്. അങ്ങിനെയിരിക്കെ എങ്ങിനെ ബിജെപിക്കാര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കും? അതിലും മുമ്പേ പ്രവര്‍ത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റുകാരില്‍ എത്ര പേര് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ഇന്നത്തെ മുഖ്യമന്ത്രി സ്വാതന്ത്ര്യം നേരിടുന്നതിന് രണ്ടുവര്‍ഷം മുമ്പ് മാത്രമാണ് ജനിച്ചത്. അദ്ദേഹം ഏത് സ്വാതന്ത്ര്യസമരത്തിലാണ് പങ്കെടുത്തത്. 1950 ല്‍ ജനിച്ച ഇ.പി.ജയരാജന് സ്വാതന്ത്ര്യ സമരസേനാനിയാണോ? 1960 ല്‍ ജനിച്ച എം.വി.ജയരാജനും 1952 ല്‍ ജനിച്ച പി.ജയരാജനും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഷ്ഠിച്ചവരാണെന്ന് പറയാനുള്ള ചങ്കൂറ്റം കാട്ടാനും മടിയുണ്ടാവില്ല! അതേസമയം ജയരാജന് അറിയാമോ വിഷ്ണു ഭാരതീയനെ. അദ്ദേഹം ജനസംഘം നേതാവായിരുന്നു. ജയരാജന്റെ വീട്ടില്‍ നിന്നും ദൂരെയല്ലാത്ത കരിങ്കല്‍ കുഴിക്കാരനായ ഈ സ്വാതന്ത്ര്യ സമരനായകനെ ചിറ്റപ്പന് സഖാവിന് അറിയാതിരിക്കാന്‍ വഴിയില്ലല്ലോ അല്ലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: