ചെന്നൈ: തമിഴ്നാട്ടിലെ കട്ടുപള്ളി തുറമുഖം അദാനി പോര്‍ട്ട് വികസിപ്പിക്കാനൊരുങ്ങുമ്പോള് അതിനെതിരെ എന്‍ജിഒ-കമ്മ്യൂണിസ്റ്റ്-ലിബറല്‍ സംഘങ്ങള്‍ എത്തിക്കഴിഞ്ഞു. ഇപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളെ അഴിച്ചുവിട്ട് പോസ്റ്റര്‍ ക്യാമ്പയില്‍ തുടങ്ങിക്കഴിഞ്ഞു.
53301 കോടി രൂപ ചെലവഴിച്ച് ഈ തുറമുഖം വികസിപ്പിക്കുന്നതിലൂടെ ചരക്ക് നീക്കം ഇപ്പോഴത്തെ വര്‍ഷം തോറും കൈകാര്യം ചെയ്യുന്ന 24.65 മില്ല്യണ്‍ ടണ്ണിന് പകരം 320 മില്ല്യണ്‍ ടണ്ണിലേക്ക് ശേഷി ഉയര്‍ത്താനാണ് അദാനിയുടെ ലക്ഷ്യം. അപൂര്‍വ്വ മത്സ്യസമ്പത്തിന്റെ ഉറവിടമാണ് കട്ടുപള്ളി തീരദേശം എന്നാണ് സിപിഎം വാദം. തീരദേശ നിയന്ത്രണച്ചട്ടം ലംഘിച്ചുകൊണ്ടാണ് തുറമുഖം വികസിപ്പിക്കുന്നതെന്നും വാദമുണ്ട്. കോസതലൈ പുഴയുടെ ഗതി തന്നെ ഈ പദ്ധതി മാറ്റിമറിയ്ക്കുമെന്ന ഭയവും പരിസ്ഥിതി വാദികള്‍ ജനങ്ങളില്‍ നിറയ്ക്കുന്നു. പുലികാറ്റ് പക്ഷിസങ്കേതത്തിന്റെ നിലനില്പ് തന്നെ ബാധിക്കുമെന്ന ഭീതിയും പരിസ്ഥിതി വാദികള്‍ നിറച്ചിരിക്കുന്നു.
എന്നോര് പാഴവേര്കാട് പ്രദേശത്തെ ഈ പദ്ധതി ബാധിക്കുമെന്നും പഴവേര്‍കാട് തടാകവും ബക്കിംഗ് ഹാം കനാലും ഇല്ലാതാകുമെന്ന ഭീതിയും എന്‍ജിഒകള്‍ പരത്തുന്നു.
തമിഴ് നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സെപ്തംബര്‍ അഞ്ചിന് പൊതുജനങ്ങളുടെ പരാതി കേള്‍ക്കാന്‍ പോവുകയാണ്. ഡിഎംകെയും ഈ പദ്ധതിയ്ക്കെതിരെ രംഗത്തുള്ളതായി ആരോപണമുയരുന്നു. എക്സില്‍ ഇപ്പോള്‍ അദാനിയുടെ കട്ടുപള്ളി തുറമുഖത്തിനെതിരായ പ്രചാരണം വൈറലാക്കി മാറ്റിയിരിക്കുകയാണ് എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും ലിബറലുകളും.
വാസ്തവത്തില്‍ അദാനി നിര്‍മ്മിച്ച തുറമുഖമല്ല ഇത്. എല്‍ ആന്റ് ടി നിര്‍മ്മിച്ച തുറമുഖം പിന്നീട് അദാനി ഏറ്റെടുത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: