കൊല്‍ക്കത്ത : ഡ്യൂറണ്ട് കപ്പിലെ രണ്ടാം മത്സരത്തിലും വിജയിക്കാനാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്. ബെംഗളൂരു എഫ് സിയുമായി ഇന്ന് നടന്ന മത്സരം സമനിലല് കലാശിച്ചു. സ്കോര്‍ 2-2. തുടക്കത്തില്‍ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്.
ആദ്യ പകുതിയുടെ തുടക്കത്തില്‍ നിരവധി അവസരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു. എന്നാല്‍ ഒരു ഗോള്‍ മാത്രമേ നേടാനായുളളൂ.
യുവ വിദേശ താരം ജസ്റ്റിന് കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ പകുതിയില്‍ മികവ പുറത്തെടുത്തു. 14ാം മിനുട്ടില്‍ വിപിന്‍ മോഹനന്റെ അസിസ്റ്റില്‍ ജസ്റ്റിന് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചു. 38ാം മിനുട്ടില്‍ ബെംഗളൂരു എഫ് സിക്ക് ലഭിച്ച അവരുടെ ആദ്യ അവസരം തന്നെ ലക്ഷ്യത്തില്‍ എത്തിച്ച് എഡ്മുണ്ട് ലാല്റണ്ടിക സമനില നല്കി. ആദ്യ പകുതി 1-1 എന്ന നിലയിലായിരുന്നു.
52ാം മിനുട്ടില്‍ ആശിഷ് ബെംഗളൂരു എഫ് സിക്ക് ലീഡ് നല്കി. സ്കോര്‍ 2-1.ഹോര്‍മിപാം ഇതിനിടയില്‍ ചുവപ്പ് കണ്ട് പുറത്ത് പോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
തുടര്‍ന്ന് 84ാം മിനുട്ടില്‍ യുവതാരം മുഹമ്മദ് ഐമന് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടി. സ്കോര്‍ 2-2. ഇന്നത്തെ സമനില കേരള ബ്ലാസ്റ്റേഴ്സിന്റെ നോക്കൗട്ട് പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ്. 2 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബ്ലാസ്റ്റേഴ്സിനും ബെംഗളൂരുവിനും 2 പോയിന്റ് വീതമാണുള്ളത്. ഗോകുലം കേരള 6 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് കടന്നു. ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തില്‍ എയര്ഫോഴിനെ നേരിടും. ഗോകുലം ബെംഗളൂരു എഫ് സിയെയാണ് അടുത്തതായി നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: