പിറായൂസ്(ഗ്രീസ്): ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ സൂപ്പര്‍ കപ്പ് കിരീടം. വാശിപ്പോരില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി. സ്കോര്‍ 5-4നാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ സംഘം കപ്പടിച്ചത്.
ഷൂട്ടൗട്ടില്‍ പിറന്നത് ഒമ്പത് ഗോളുകള്‍. പത്താമത്തെ കിക്കെടുത്ത സെവിയ്യ ഡിഫെന്‍ഡര്‍ നെമാന്‍ജ ഗുഡേല്ജ് തൊടുത്ത ഷോട്ട് ശക്തമായി ചെന്നിടിച്ചത് ക്രോസ് ബാറില്‍. ഗ്വാര്‍ഡിയോളയും സംഘവും ആഘോഷം തുടങ്ങി.
നിശ്ചിത സമയ മത്സരം സമനിലയില്‍ കലാശിച്ചതോടെ ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.
റെഗുലര്‍ ടൈമില്‍ കളത്തില്‍ നിറഞ്ഞത് സിറ്റി ആയിരുന്നു. വിജയഗോളിന് വഴി മടുക്കിയായത് സെവില്ലയുടെ ഗോളി യാസീന്‍ ബോണോ ആണ്. ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയുടെ ആയുസ് സെമിവരെ നീട്ടിയെടുത്ത ഗോളിയെ ആരും പെട്ടെന്ന് മറക്കാന്‍ വഴിയില്ല. സിറ്റി തൊടുത്ത ഏഴ് ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളില്‍ ഒരെണ്ണം മാത്രമാണ് വലയില്‍ കയറിയത്. ബാക്കിയുള്ളതില്‍ അഞ്ചും യാസീന്‍ ബോണോയുടെ മിടുക്ക് അറിയിക്കുന്നതായിരുന്നു.
കൗണ്ടര്‍ അറ്റാക്കുകളിലാണ് സെവില്ല ശ്രദ്ധ കേന്ദ്രീകരിച്ചത്. സര്‍വരേയും ഞെട്ടിച്ച് 25-ാം മിനിറ്റില്‍ ഡെഡ്ലോക്ക് ബ്രേക്ക് ചെയ്ത് അവര്‍ മുന്നിലെത്തി. മൊറോക്കോ സ്ട്രൈക്കര്‍ യൂസഫ് എന്‍ നെസിറി ആണ് ഗോളടിച്ചത്. ആദ്യപകുതി തീരും മുമ്പേ പിന്നെയും സെവിയ്യ ഭീഷണി സിറ്റി ഗോള്‍ മുഖത്തുണ്ടായിരുന്നു. കണക്കില്‍ സെവില്ലയുടെ ആധിപത്യത്തോടെ ആദ്യപകുതി തീര്‍ന്നു.
രണ്ടാം പകുതി സിറ്റി ഊര്‍ജ്ജം വീണ്ടെടുത്തു വീണ്ടും ഉണര്‍ന്നു. പക്ഷെ ഓരോ മുന്നേറ്റവും നിര്‍വീര്യമാക്കാന്‍ ബോണോ വലയ്ക്ക് മുന്നില്‍ മാറ്റമില്ലാതെ നിലകൊണ്ടു. 63-ാം മിനിറ്റില്‍ വലത് വിങ്ങര്‍ കോള്‍ പാല്‍മര്‍ നേടിയ ഷോട്ടില്‍ സിറ്റി ഒപ്പമെത്തി.
സിറ്റിയുടെ മുന്നേറ്റം പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നെങ്കിലും ഗോളി വീണ്ടും വിലക്ക് തീര്‍ത്തു തന്നെ നിന്നു. പക്ഷെ ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ സിറ്റിക്കായി കിക്കെടുത്ത എല്ലാവരും സെവിയ്യ ഗോളിയെ കീഴടക്കി പന്ത് ലക്ഷ്യത്തിലെത്തിച്ചു.
പെപ്പ് ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ നേടുന്ന 15-ാം കിരീടമാണിത്. കമ്യൂണിറ്റി ഷീല്‍ഡ് ഫൈനലില്‍ ആഴ്സണലിനോട് പരാജയപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് സൂപ്പര്‍ കപ്പ് നേട്ടത്തിലൂടെ ആശ്വാസം കണ്ടെത്തിയിരിക്കുന്നത്. 2016ലാണ് പെപ്പ് സിറ്റിയുടെ ചാര്‍ജ് ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: