ഗുരുവായൂര്‍: ചിങ്ങമഹോത്സവം വാദ്യ-താളമേള-ആധ്യാത്മിക നിറവില്‍ വര്‍ണാഭമായി. ഉച്ചക്ക് 3 ന് കിഴക്കെനടയില്‍ 150 ല്‍പരം വാദ്യകലാകാരന്മാര് പങ്കെടുത്ത മഞ്ജുളാല്‍ത്തറ മേളത്തിന് വാദ്യ പ്രവീണ്‍ ഗുരുവായൂര്‍ ജയപ്രകാശ് പ്രമാണം നല്കി. രണ്ട് മണിക്കൂര്‍ വാദ്യപ്രേമികള്‍ക്ക് ഹരം പകര്‍ന്ന മേളത്തില്‍, പാഞ്ഞാള്‍ വേലുക്കുട്ടി, എടക്കളത്തൂര്‍ അജി, പനമണ്ണ മനോഹരന്, പഴമ്പാലക്കോട് ശെല്‍വരാജ് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് 10,001 രൂപയും, പ്രശസ്തിപത്രവും ഫലകവും അടങ്ങിയ ശ്രീഗുരുവായൂരപ്പന് മേളപുരസ്കാരം വാദ്യകുലപതി സദനം വാസുദേവന്‍ ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട് സമ്മാനിച്ചു.
മമ്മിയൂര്‍ ദേവസ്വം ചെയര്മാന് ജി.കെ. പ്രകാശന് അധ്യക്ഷനായി. പുരസ്കാര വിതരണത്തിന് ശേഷം പഞ്ചവാദ്യം, താലപ്പൊലി, ദേവരൂപങ്ങള്‍, പട്ടുകുട എന്നിവയുടെ അകമ്പടിയോടെ ശ്രീഗുരുവായൂരപ്പന്റെ ചിത്രവുമായി നാമജപ ഘോഷയാത്ര ക്ഷേത്രസന്നിധിയിലെത്തി. ക്ഷേത്രം കിഴക്കെ മണ്ഡപത്തില്‍ പുഷ്പാലംകൃതമായി കമനീയമായി ഉണ്ണിക്കണ്ണന്റെ ചിത്രങ്ങളോടെ അഞ്ഞൂറോളം ഐശ്വര്യ വിളക്കുകള്‍ തിരിതെളിയിച്ച് ഭഗവാന് സമര്‍പ്പിച്ചു. വിളക്ക് സമര്‍പ്പണത്തില്‍ ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് എന്നിവരും പങ്കാളികളായി. പഞ്ചവാദ്യത്തിന് എളനാട് കണ്ണന്, പെരിങ്ങോട് ചന്ദ്രന്, നന്ദകുമാര്‍, പ്രമോദ് കൃഷ്ണ എന്നിവരും നേതൃത്വം നല്കി. ചിങ്ങമഹോത്സവത്തിന് രവി ചങ്കത്ത്, കെ.ടി. ശിവരാമന് നായര്‍, അനില്‍ കല്ലാറ്റ്, ബാലന് വാറണാട്ട്, ശശി കേനാടത്ത്, ശ്രീധരന് മാമ്പുഴ, ഐ.പി. രാമചന്ദ്രന് മുരളി അകമ്പടി, രവി വട്ടരങ്ങത്ത്, ടി. ദാക്ഷായിണി, രാധാ ശിവരാമന്, നിര്‍മല നായകത്ത്, സരള മുള്ളത്ത്, ശ്രീകുമാര്‍ പി. നായര്‍, എ.കെ. ദിവാകരന് എന്നിവര്‍ നേതൃത്വം നല്കി. നേരത്തെ ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് തിരിതെളിയിച്ചു കൊണ്ടാണ് മഞ്ജുളാലില്‍ ചിങ്ങ മഹോത്സവത്തിന് തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: