തിരുവനന്തപുരം: ഗണപതിമിത്തല്ല സ്വത്വമാണെന്ന് മഹാമന്ത്രം ഉരുവിട്ട് തലസ്ഥാന നഗരിയില്‍ നാമജപ ഘോഷയാത്ര. ഗണപതി മിത്താണെന്ന് പറഞ്ഞ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മാപ്പ് പറയാത്തതില്‍ പ്രതിഷേധിച്ച് ഹൈന്ദവ ജനതയുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ വിശ്വാസ സമൂഹത്തിന്റെ നേതൃത്വത്തിലായിരുന്നു നാമജപ ഘോഷയാത്ര. പാളയം സിദ്ധി വിനായക ക്ഷേത്ര സന്നിധിയില്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്ത നാമജപഘോഷയാത്ര പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തില്‍ നാളികേരം ഉടച്ച് സമാപിച്ചു.
സന്യാസി ശ്രേഷഠരും വിവിധ സാമുദായിക സംഘടനാ നേതാക്കളും സാംസ്‌ക്കാരിക നേതാക്കളും നാമജപഘോഷ യാത്രയെ നയിച്ചു. ഗണപതി സ്തുതികളുമായി നീങ്ങിയ ഘോഷയാത്രയില്‍ നൂറ്കണക്കിന് വനിതകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. ഗണപതി വിഗ്രഹം വഹിച്ചുകൊണ്ട് നിരവധി ഫ്‌ളോട്ടുകളും ഘോഷയാത്രയില്‍ അണിനിരന്നപ്പോള്‍ വിശ്വാസ സമൂഹത്തിനെ മുറിവേല്‍പ്പിച്ച ഭരണാധിപന്‍മാര്‍ക്കുള്ള താക്കീതായി നാമജപ ഘോഷയാത്ര.
ഉദ്ഘാടന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കരി മുഖ്യപ്രഭാഷണം നടത്തി. ഹൈന്ദവ ജനതയ്‌ക്കെതിരെ കലാസാംസ്‌കാരിക മേഖലകളിലുള്ളവര്‍ നടത്തുന്ന ഏകപക്ഷീയമായ സംവാദങ്ങളും അപവാദപ്പെടുത്തലുകളും ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്. പക്ഷേ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളുകള്‍ ഏകപക്ഷീയമായി നടത്തിക്കൊണ്ടിരിക്കുന്ന അധിക്ഷേപങ്ങള്‍ ഇനി കൈയ്യും കെട്ടി നോക്കിയിരിക്കാനാകില്ലെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു.
ഷംസീറിന്റെ മതഗ്രന്ഥത്തെ പരിശുദ്ധമെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. എന്ത് കൊണ്ട് ഹിന്ദു മതത്തെ മാത്രം അധിക്ഷേപിക്കുന്നു എന്ന ചോദ്യത്തിന് ഒരു മാര്‍ക്‌സിസ്റ്റ് നേതാവ് പറഞ്ഞത് മുസ്ലീം മതത്തെ അധിക്ഷേപിച്ചു കൊണ്ട് ഒന്നും പറയാന്‍ പാടില്ലെന്ന് പാര്‍ട്ടിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നാണ്. ഷംസീര്‍ എന്ന അറബി നാമത്തിന് അര്‍ത്ഥം വാള്‍ എന്നാണ്. മിത്ത് വിവാദം ഹിന്ദുവിന് നേരെ ഉയര്‍ത്തിയ വാളാണ്. ഇത് ചെറുക്കുക തന്നെ വേണം.
അതിനാലാണ് സന്യാസ സമൂഹം രംഗത്ത് വന്നത്. സാധാരണ സന്യാസിമാര്‍ പൊതുവേദികളില്‍ ഇങ്ങനെ വരാറില്ല.എന്നാല്‍ അവര്‍ ആഹ്വാനം ചെയ്താല്‍ പ്രാണന്‍ പോലും കൊടുക്കാന്‍ തയ്യാറുള്ളവരാണ് ഹിന്ദു സമൂഹമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.
മാര്‍ഗ്ഗദര്‍ശക് മണ്ഡല്‍ ജനറല്‍ സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ അധ്യക്ഷം വഹിച്ചു. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമിനി ഗുരുപ്രിയ പുരി, സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍, കെ എസ് നാരായണന്‍, വഴയില ഉണ്ണി എന്നിവര്‍ സംസാരിച്ചു
ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന രക്ഷാധികാരി സ്വാമി അയ്യപ്പദാസ്, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പിഎന്‍. ഇശ്വരന്‍, ധര്‍മചരാണന്‍ പ്രമുഖ് വിശ്വംബാപ്പ, ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ നാമജപ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: