എഴുപത്തിയേഴാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം പതിവുപോലെ ആവേശോജ്വലവും ജനതയുടെ അഭിമാനം ആകാശത്തോളം ഉയര്‍ത്തുന്നതുമായിരുന്നു. രാജ്യത്തെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ മുതല്‍ സാങ്കേതിക വിദ്യയും വാര്‍ത്താവിനിമയവും വരെ നിരവധി പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി, ഇക്കാര്യത്തില്‍ ലോക നേതാക്കള്‍ കാണിക്കുന്ന താല്‍പ്പര്യം വളരെ വലുതാണെന്ന് ബാലിയില്‍ നടന്ന ജി-20 ഉച്ചകോടിയിലെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി വിശദീകരിക്കുകയുണ്ടായി. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ മഹാനഗരങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും, ചെന്നൈ, ദല്‍ഹി, മുംബൈ എന്നിവയ്ക്കപ്പുറം മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണെന്നും താന്‍ മറുപടി നല്‍കിയതായി പ്രധാനമന്ത്രി പറഞ്ഞു. പരിഷ്കരണം, പ്രകടനം, പരിവര്‍ത്തനം എന്നതാണ് സര്‍ക്കാരിന്റെ ആപ്തവാക്യം. കൊവിഡ് മഹാമാരിയുടെ കാലത്ത് വിശ്വമിത്രമായി ഉയര്‍ന്നുവന്ന ഭാരതം സ്വന്തം ജനതയ്ക്കു മാത്രമല്ല, മറ്റ് രാജ്യങ്ങള്‍ക്കും പ്രതിരോധമരുന്നു നല്‍കിയതിന്റെ ഉദാഹരണം പ്രധാനമന്ത്രി എടുത്തുകാട്ടുകയുണ്ടായി. ലോകക്ഷേമത്തിന് അടിത്തറയിടുകയായിരുന്നു ഇതിലൂടെ. ആഗോളമാറ്റങ്ങളില് ശ്രദ്ധ വയ്ക്കുന്ന ഭാരതം ഇപ്പോള്‍ ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി മാറിയിരിക്കുകയാണ്. കൊവിഡ് മഹാമാരിക്കുശേഷം പുതിയൊരു ലോകക്രമവും പുതിയ ഭൗമ-രാഷ്ട്രീയ സമവാക്യവും ഉയര്‍ന്നുവരികയാണ്. ഈ പുത്തന്‍ ലോകക്രമം രൂപപ്പെടുന്നതില്‍ 140കോടി ഭാരതീയരുടെ കാര്യശേഷി പ്രകടമാകുന്നതു കാണാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഭാരതം നേടിയ പുരോഗതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ ബഹിരാകാശ സാങ്കേതികവിദ്യയിലും ആഴക്കടല്‍ ദൗത്യത്തിലും റെയില്‍വെ വികസനത്തിലും ഉണ്ടായിരിക്കുന്ന കുതിപ്പുകള്‍ പ്രധാനമന്ത്രി ഉദാഹരിക്കുകയുണ്ടായി. എല്ലാ മേഖലയിലും സത്വരമായി പ്രവര്‍ത്തിക്കുകയാണ്. ഇന്റര്‍നെറ്റ് എല്ലാ ഗ്രാമങ്ങളിലും എത്തിയിരിക്കുന്നു. ജൈവ കൃഷിയുടെ മേഖലയില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സാമ്പത്തിക വികസനത്തില്‍ ഭാരതം നേടിക്കൊണ്ടിരിക്കുന്ന പുരോഗതി അഭൂതപൂര്‍വമാണെന്നു പറഞ്ഞ പ്രധാനമന്ത്രി ഇതിന്റെ തെളിവുകളും ഹാജരാക്കുകയുണ്ടായി. 2014 ല്‍ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആഗോള സമ്പദ്വ്യവസ്ഥയില് ഭാരതം പത്താമതായിരുന്നു. ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുന്നു. വെറുതെ ആഗ്രഹിച്ചതുകൊണ്ടു മാത്രമല്ല ഇത് സംഭവിച്ചത്. അഴിമതിയുടെ രാക്ഷസീയമായ പിടിയില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ കഴിഞ്ഞതാണ് ഇതിനൊരു കാരണം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോക സമ്പദ്വ്യവസ്ഥയില് മൂന്നാമത്തെ ശക്തിയായി ഭാരതം മാറുമെന്ന് ഉറപ്പുനല്‍കാനും പ്രധാനമന്ത്രി മറന്നില്ല. പ്രാദേശിക സംഘങ്ങളുടെ വികസനത്തിനായി എഴുപതിനായിരം കോടിയാണ് മുന്‍കാലങ്ങളില്‍ ചെലവഴിച്ചിരുന്നതെങ്കില് ഇപ്പോള്‍ അത് മൂന്നുലക്ഷം കോടിയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒന്‍പത് വര്‍ഷം മുന്‍പ് 30 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങളുടെ വിഹിതമായി നല്കിയിരുന്നതെങ്കില് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അത് 100 ലക്ഷം കോടിയാക്കി ഉയര്‍ത്തിയെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ഇങ്ങനെയൊക്കെ ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുന്ന പ്രധാനമന്ത്രിമാര്‍ നമുക്കുണ്ടായിട്ടില്ല എന്നത് ഒരു വസ്തുത മാത്രമാണ്.
ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുക മാത്രം ചെയ്യുന്ന പ്രധാനമന്ത്രിയല്ല നരേന്ദ്ര മോദി. വാഗ്ദാനങ്ങള്‍ ഒന്നൊഴിയാതെ നടപ്പാക്കുകയും, അതിന്റെ കണക്കുകള്‍ എണ്ണിപ്പറയുകയും ചെയ്യുന്നയാളുമാണ്. പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മുതലിങ്ങോട്ട് വാഗ്ദാനങ്ങള്‍ നിറവേറ്റിയതിന്റെ നീണ്ട പട്ടികതന്നെ അവതരിപ്പിക്കാന്‍ മോദിക്ക് കഴിയും. പാവങ്ങള്‍ക്കു വീടു വയ്ക്കാന്‍ ഇതിനോടകം നാല് ലക്ഷം കോടി രൂപ ചെലവഴിച്ചത് ഇതിലൊന്നാണ്. മുദ്രയോജനയിലൂടെ പത്ത് ലക്ഷം പേര്‍ക്ക് ഗുണം ലഭിച്ചതും ഇതിലൂടെ കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിച്ചതും മറ്റൊരുദാഹരണം. ഇന്ദിരാഗാന്ധിയുടെ ഗരീബി ഹഠാവോ മുദ്രാവാക്യത്തിന്റെ കാലം മുതല്‍ ജനങ്ങളെ വഞ്ചിച്ച ഭരണരീതിയില്‍നിന്ന് തികച്ചും വ്യത്യസ്തമാണിത്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ കുപ്രചാരണം വിലപ്പോവാത്തത് എന്തുകൊണ്ടാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. പതിവില്‍നിന്ന് വ്യത്യസ്തമായി ഇക്കുറി പ്രധാനമന്ത്രി ജനങ്ങളെ സംബോധന ചെയ്തത് ‘എന്റെ കുടുംബാംഗങ്ങളെ’ എന്നുപറഞ്ഞുകൊണ്ടാണ്. രാഷ്ട്രീയത്തിലും ഭരണത്തിലും കുടുംബാധിപത്യം തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ്സ് മോഹിക്കുമ്പോഴാണ് രാജ്യത്തെ ജനതയാണ് തന്റെ കുടുംബമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍ തുടരുമെന്നും ഇതേ ചെങ്കോട്ടയില്‍നിന്ന് വീണ്ടും ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും പറഞ്ഞത് പ്രതിപക്ഷത്തെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. പതിവുപോലെ സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുക്കാതെ സോണിയയും രാഹുലും ഖാര്‍ഗെയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ രാജ്യസ്നേഹമില്ലായ്മ ഒരിക്കല്‍ക്കൂടി തെളിയിക്കുകയുണ്ടായി. അഹങ്കാരമാണ് പ്രതിപക്ഷപാര്‍ട്ടികളെ ജനങ്ങള്‍ അധികാരത്തിന് പുറത്തുനിര്‍ത്താന്‍ കാരണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ശരിവയ്ക്കുന്ന പെരുമാറ്റമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: