കാസര്‍കോട്: സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നതിനിടെ ജമാഅത്ത് അങ്കണത്തില്‍ കൈയാങ്കളി. കാസര്‍കോട് വിദ്യാനഗര്‍ എരുതും കടവ് ജമാഅത്ത് അങ്കണത്തിലായിരുന്നു സംഭവം. ദേശീയപതാക ഉയര്‍ത്തുന്നതിനിടെ ഒരാള്‍ മറ്റൊരാളെ തള്ളി മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. നേതാക്കള്‍ തമ്മില്‍ അധികാര തര്‍ക്കം നില നില്ക്കുന്ന ജമാഅത്തിലാണ് സംഭവം നടന്നത്.
മദ്രസാ വിദ്യാര്‍ത്ഥികളും അധ്യാപകരും നോക്കി നില്‍ക്കെയാണ് ജമാഅത്ത് നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അധികാര തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ഇവിടെ ജമാഅത്ത് കമ്മിറ്റി നിലവിലില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഇതിനിടെയാണ് മുന്‍ ജമാഅത്ത് അംഗമായിരുന്ന മുഹമ്മദും മുസ്ലിം ലീഗ് ചെങ്കള പഞ്ചായത് പ്രസിഡന്റ് ജലീലും ചേര്‍ന്ന് മുഹ്യുദ്ദീന്‍ ജമാഅത്തിന് കീഴിലുള്ള സിറാജുല്‍ ഉലൂം മദ്റസ അങ്കണത്തില്‍ പതാക ഉയര്‍ത്താന്‍ തീരുമാനിച്ചത്. പതാക ഉയര്‍ത്തി കൊണ്ടിരിക്കുന്നതിനിടെ ജലീല്‍ മുഹമ്മദിനെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് ആക്ഷേപം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: