ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം മുഹമ്മദ് ഹബീബ്(74) വിട പറഞ്ഞുകഴിഞ്ഞു. ലോക ഫുട്ബോള്‍ ഇന്നോളം കണ്ടതില്‍ ഏറ്റവും വലിയ താരമായി ആരാധിക്കപ്പെടുന്ന ഫുട്ബോള്‍ മാന്ത്രികന് പെലെയുടെ പ്രശംസയ്ക്ക് പാത്രമായ ഒരേയൊരു ഇന്ത്യന്‍ താരമാണ് മുഹമ്മദ് ഹബീബ്.
വെറുമൊരു പ്രശംസയല്ല, അടുത്തെത്തി നേരില്‍ കണ്ട് ആശ്ലേഷിച്ച് പുറത്തുതട്ടി അഭിനന്ദിക്കുകയായിരുന്നു. 1977, ഹബീബ് കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ ബഗാന് വേണ്ടി കളിക്കുന്ന കാലം. കോസ്മോസ് ക്ലബ്ബ് ഇന്ത്യയിലെത്തി മോഹന്‍ ബഗാനെ സൗഹൃദ മത്സരത്തില്‍ നേരിടാന്‍ തീരുമാനിച്ചു, കളിച്ചു. കളിയില്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ ഏകഗോള്‍ നേടിയത് ഹബീബ് ആയിരുന്നു. കളി കഴിഞ്ഞപ്പോളാണ് സാക്ഷാല്‍ പെലെ ഹബീബിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത്. പില്കാലത്ത് ഇന്ത്യന്‍ പെലെ എന്നറിയപ്പെട്ടിരുന്ന ഹബീബിന്റെ കളിയില്‍ ആകൃഷ്ടനായാണ് പെലെ അഭിനന്ദിച്ചത്. പ്രമുഖ മാധ്യമത്തില്‍ ഹബീബിന്റേതായി മുന്‍പൊരിക്കല്‍ പ്രസിദ്ധീകരിച്ച ഇന്റര്‍വ്യൂവിലാണ് ഈ ഓര്മ്മക്കുറിപ്പുള്ളത്.
1960കളുടെ രണ്ടാം പകുതിയിലും 70കള്‍ പൂര്‍ണമായിട്ടും ഹബീബ് ഇന്ത്യന്‍ ഫുട്ബോളില്‍ നിറഞ്ഞു നിന്നു. ഇന്നത്തെ തെലങ്കാന സംസ്ഥാനമായ 1965 കാലത്തെ ആന്ധ്രയിലെ ഹൈദരാബാദില്‍ നിന്നും കാല്പന്ത് കളിയാണ് തന്റെ ജീവനാഡിയെന്ന് തിരിച്ചറിഞ്ഞ ഹബീബ് കളിക്ക് വേണ്ടി ജീവിതം തന്നെ നല്കാന് തുടങ്ങി. ഹബീബിലെ പ്ലേമേക്കറെ തിരിച്ചറിഞ്ഞ കൊല്‍ക്കത്തയിലെ ഫുട്ബോള്‍ വമ്പന്മാര് താരത്തെ നോട്ടമിട്ടു. കാല്പന്തിനെ പുല്‍കിയുള്ള പിന്നീടത്തെ ജീവിതം ബംഗാള്‍ കേന്ദ്രീകരിച്ചായി. മോഹന്‍ ബഗാന് പുറമെ ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബ് എന്നീ വമ്പന്മാര്ക്ക് വേണ്ടിയും ബൂട്ട് കെട്ടി. 1969ല്‍ സന്തോഷ് ട്രോഫി കിരീടമുയര്‍ത്തിയ ബംഗാള്‍ ടീമില്‍ ഹബീബ് ഉണ്ടായിരുന്നുവെന്ന് മാത്രമല്ല ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ കൂടിയായിരുന്നു.
ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമിനുവേണ്ടി 35 കളികളില്‍ കളിച്ചു. 11 ഗോളുകളും നേടി. ഹബീബ് ഇന്ത്യന്‍ ഫുട്ബോളില്‍ നിറഞ്ഞുനിന്ന കാലത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഫുട്ബോളിലൂടെ ഒരു വെങ്കലം സ്വന്തമാക്കി. 1970ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലായിരുന്നു ഈ അപൂര്‍വ്വ നേട്ടം. പി.കെ. ബാനര്‍ജി പരിശീലകനായ ഇന്ത്യന്‍ ടീമിന്റെ അന്നത്തെ നായകന് ഹൈദരാബാദുകാരന് തന്നെയായിരുന്ന സയിദ് നയീമുദ്ദിന്‍ ആയിരുന്നു.
കാലം കഴിഞ്ഞുപോകവെ പിന്നീട് വന്ന ഇന്ത്യന്‍ ഫുട്ബോള്‍ തലമുറയെ വല്ലാതെ സ്വാധീനിച്ചൊരു പ്രതിഭാസമായി നിലകൊള്ളുകയായിരുന്നു മുഹമ്മദ് ഹബീബ്. ഏതാനും വര്‍ഷങ്ങളായി ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് സിന്‍ഡ്രോം രോഗങ്ങളുടെ അവശത ഉണ്ടായിരുന്നു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: