ആലപ്പുഴ: ജീവന് രക്ഷിച്ച പോലീസുകാരെ നേരില്‍ കണ്ട് നന്ദി പറയുവാന്‍ ഒരു വയസുകാരിയും കുടുംബവും പോലീസ് സ്റ്റേഷനില്‍ എത്തി. പൂച്ചാക്കല്‍ ശിശു സൗഹൃദ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് സ്നേഹം അറിയിക്കാനാണ് ഇവര്‍ എത്തിയത്. തൈക്കാട്ടുശ്ശേരി പതിനാലാം വാര്‍ഡ് കൊല്ലേഴത്ത് വിനീത് കുമാറിന്റെയും ദിവ്യയുടെയും മകളാണ് ഒരു വയസ്സുകാരി നിരാമയ.കഴിഞ്ഞ പത്തിന് പുലര്‍ച്ചെ നിരാമയക്ക് കടുത്ത പനിയും തുടര്‍ന്ന് ഫിക്സും ഉണ്ടായി.
നിരാമയുടെ വീട്ടില്‍ വാഹനവും ഇല്ലായിരുന്നു. അവശതയിലായ കുട്ടിയുമായി മാതാപിതാക്കള്‍ റോഡിലേക്ക് ഇറങ്ങിയത് സ്റ്റേഷനിലെ പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്ഐ ഹരികുമാറിന്റെയും സിവില്‍ പോലീസ് ഓഫീസര്‍ സൈബിന്റെയും ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തന്നെ പോലീസ് ജീപ്പില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ നില അപകടകരമാണന്ന് ആശുപത്രി അറിയിച്ചതിനാല്‍, പോലീസ് ആംബുലന്‍സ് ഒരുക്കി എറണാകുളത്തെ മള്‍ട്ടി സ്പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുമായിവരുന്നവിവരം പോലീസ് ആശുപത്രിയിലേക്ക് വിളിച്ച് അറിയിച്ചിരുന്നു.
ചികിത്സ കഴിഞ്ഞ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും തിരികെ വീട്ടില്‍ എത്തി. ഇന്നലെ നിരാമയയുടെ ഒന്നാം പിറന്നാള്‍ ആയിരുന്നു. പിറന്നാള്‍ ദിനത്തില്‍ സ്റ്റേഷനില്‍ എത്തി നിരാമയയും അമ്മയും മുത്തച്ഛനും ജിവന് രക്ഷിക്കാന്‍ സഹായിച്ച പോലീസുകാരോട് നന്ദി പറഞ്ഞു. എല്ലാവര്ക്കും മധുര പലഹാരങ്ങള്‍ നല്കി. ജോലിയുടെ ഭാഗമായി ഒരു കുരുന്നിന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് എസ്ഐ ഹരികുമാറും പോലീസുകാരും. കുട്ടിയുടെ ജിവന് രക്ഷിക്കാന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: