അരൂര്‍ : തുറവൂര്‍-അരൂര്‍ ഉയരപ്പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നു. സ്ഥാപിക്കുന്ന 280 പില്ലറുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഭൂമി കുഴിച്ച് സ്ഥാപിക്കുന്ന പില്ലറുകള്‍ക്കു മുകളിലാണ് 373 കൂറ്റന്‍ തൂണുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നത്. ആകെ 2,984 പില്ലറുകളാണ് തയ്യാറാക്കുന്നത്. ഒരുതൂണ് സ്ഥാപിക്കാന്‍ ഭൂമിക്കടിയില്‍ 1.20 മീറ്റര്‍ അകലത്തില്‍ എട്ടു പില്ലറുകളാണു വേണ്ടത്.
35 തൂണുകള്‍ സ്ഥാപിക്കാനുള്ള 280 പില്ലറുകളുടെ നിര്‍മാണമാണു പൂര്‍ത്തിയായത്. 55 മുതല്‍ 65 വരെ മീറ്റര്‍ താഴ്ചയില്‍ ഭൂമി തുരന്നശേഷമാണ് കോണ്‍ക്രീറ്റ് പില്ലറുകള്‍ സ്ഥാപിക്കുന്നത്. ഭൂമി കുഴിക്കുന്നതിനായി 10 അത്യാധുനിക യന്ത്രങ്ങളാണെത്തിച്ചിരിക്കുന്നത്.രാത്രിയും പകലും നിര്‍മാണജോലികള്‍ പുരോഗമിക്കുന്നുണ്ട്.9.5 മീറ്റര്‍ ഉയരമുള്ള തൂണുകളുടെ മുകളില്‍ ഗര്ഡറുകള്സ്ഥാപിക്കും. ഇതിനു മുകളില്‍ 24 മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായിട്ടാണ് പാത നിര്‍മിക്കുന്നത്. ആദ്യഘട്ടമെന്നോണം തുറവൂരില്‍ അഞ്ചു തൂണുകളാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്.നിര്‍മ്മാണം നടക്കുന്നതിനാല്‍ പലയിടത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹനം നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഇതില്‍ അരൂര്‍ കെല്‍ട്രോണ്‍ ജങ്ഷന്, ചന്തിരൂര്‍ ഗവ.സ്കൂളിനു സമീപം,
എരമല്ലൂര്‍ ജങ്ഷനു തെക്കുഭാഗത്ത്, കോടംതുരുത്ത് മുതല്‍ കുത്തിയതോടുവരെ, തുറവൂര്‍ എന്‍സിസി. കവല മുതല്‍ തുറവൂര്‍ ജങ്ഷന് വരെ. എന്നിങ്ങനെ തിരഞ്ഞെടുത്തയിടങ്ങളിലാണ് ഭൂമി കുഴിച്ച് പില്ലറുകള്‍ സ്ഥാപിക്കുന്ന പണി നടക്കുന്നത്. ഇവ പൂര്‍ത്തിയാകുന്ന മുറയ്ക്കാകും ബാക്കി സ്ഥലങ്ങളില്‍ നിര്‍മാണം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: