ന്യൂദല്‍ഹി: പരമ്പരാഗത കൈത്തൊഴിലാളികളെയും കരകൗശല തൊഴിലാളികളേയും പിന്തുണയ്‌ക്കുന്ന തിനുള്ള പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം പദ്ധതിക്ക് അംഗീകാരം നല്‍കുകയും ആദ്യഘട്ടത്തിനായി 13,000 കോടി രൂപ അനുവദിക്കുകയുമായിരുന്നു.
പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍ ആദ്യഘട്ടത്തില്‍ പദ്ധതിയ്‌ക്കുകീഴില്‍ ഉള്‍പ്പെടുത്തും. 2023-24 മുതല്‍ 2027-28 സാമ്പത്തിക വര്‍ഷം വരെ അഞ്ചു വര്‍ഷത്തേക്കാണ് 13,000 കോടി രൂപ അനുവദിച്ചത്. പദ്ധതിക്കായി 13,000 കോടി മുതല്‍ 15,000 കോടി രൂപവരെ വകയിരുത്തുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ രാഷ്‌ട്രത്തോടുള്ള അഭിസംബോധനയില്‍ വ്യക്തമാക്കിയിരുന്നു.
കൈത്തൊഴിലാളികളുടെയും കരകൗശലതൊഴിലാളികളുടെയും ഗുരു-ശിഷ്യ പാരമ്പര്യം അല്ലെങ്കില്‍ കുടുംബാധിഷ്ഠിത പരമ്പരാഗത വൈദഗ്ധ്യം ശക്തിപ്പെടുത്താനും പരിപോഷിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണ നിലവാരവും എത്തിച്ചേരലും മെച്ചപ്പെടുത്തുന്നതിനും വിശ്വകര്‍മ്മജരെ ആഭ്യന്തരവും ആഗോളവുമായ മൂല്യ ശൃംഖലയുമായി സംയോജിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
പി.എം വിശ്വകര്‍മ്മ പദ്ധതിക്ക് കീഴില്‍, കൈതൊഴിലാളികള്‍ക്കും കരകൗശല തൊഴിലാളികള്‍ക്കും പി.എം വിശ്വകര്‍മ്മ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയിലൂടെ അംഗീകാരം ലഭ്യമാക്കുകയും വായ്പാപിന്തുണയായി ഇളവുള്ള പലിശയായ 5% നിരക്കില്‍ ഒരു ലക്ഷം രൂപ വരെ ആദ്യ ഗഡുവായും രണ്ടുലക്ഷം രൂപവരെ രണ്ടാം ഗഡുവായും നല്‍കും. അതിനുപുറമെ വൈദഗ്ധ്യം കാലാനുസൃതമാക്കല്‍ (സ്‌കില്‍ അപ്ഗ്രഡേഷന്‍), ടൂള്‍കിറ്റ് ഇന്‍സെന്റീവ് (പണിയാധുങ്ങള്‍ക്കുള്ള ആനുകൂല്യ പ്രോത്സാഹനം), ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ആനുകൂല്യ പ്രോത്സാഹനം, വിപണന പിന്തുണ എന്നിവയും ഈ പദ്ധതി നല്‍കും.
ആദ്യഘട്ടത്തില്‍ പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍
ഗ്രാമ-നഗര പ്രദേശങ്ങളിലെ കൈതൊഴിലാളികള്‍ക്കും കരകൗശല തൊഴി ലാളികള്‍ക്കും പദ്ധതി പിന്തുണ നല്‍കും. പ്രധാനമന്ത്രി വിശ്വ കര്‍മ്മയുടെ കീഴില്‍ ആദ്യഘട്ടത്തില്‍ പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍ ഉള്‍പ്പെടുത്തും. (1).ആശാരി, (2). വള്ളം നിര്‍മ്മാണം, (3). കവചനിര്‍മ്മാണം, (4). കൊല്ലന്‍, (5). ചുറ്റികയും പണിയായുധങ്ങളും നിര്‍മ്മാണം, (6). താഴ് നിര്‍മ്മാണം, (7). സ്വര്‍ണ്ണപണിക്കാര്‍, (8). കുശവന്‍, (9). ശില്‍പികള്‍, കല്ല് കൊത്തുപണിക്കാര്‍, കല്ല് പൊട്ടിക്കുന്നവര്‍, (10). ചെരുപ്പുപണിക്കാര്‍, പാദരക്ഷ കൈതൊഴിലാളികള്‍, (11). കല്ലാശ്ശാരി, (12). കൊട്ട,പായ, ചൂല് നിര്‍മ്മാണം, കയര്‍ പിരിക്കല്‍ (13). പാവ-കളിപ്പാട്ട നിര്‍മ്മാണം (പരമ്പരാഗതം), (14) ക്ഷുരകന്‍, (15). മാല നിര്‍മ്മിക്കുന്നവര്‍, (16). അലക്കുകാര്‍, (17). തയ്യല്‍ക്കാര്‍, (18). മത്സ്യബന്ധന വല നിര്‍മ്മിക്കുന്നവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: