കളമശേരി: പര്‍ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയില്‍ കയറി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്കിലെ പ്രമുഖ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്ന കണ്ണൂര്‍, ഓണക്കുന്ന് സ്വദേശി കരുവള്ളൂര്‍, മുല്ലേഴിപ്പാറ വീട്ടില്‍ അഭിമന്യു എം.എ എന്ന യുവാവിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ബിടെക് ബിരുദധാരിയാണ്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ലുലു മാളില്‍ വെച്ചാണ് സംഭവം നടന്നത്.
ലുലു മാളില്‍ എത്തിയ ഇയാള്‍ കൈയില്‍ കരുതിയിരുന്ന പര്‍ദ ഒരു ഒഴിഞ്ഞ സ്തലത്ത് വെച്ച് ധരിക്കുകയും, തുടര്‍ന്ന് സ്ത്രീകളുടെ ശുചിമുറിക്കുള്ളില്‍ കയറുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചതിനു ശേഷം അതില്‍ ചെറിയ ദ്വാരം ഉണ്ടാക്കി ശുചിമുറിയുടെ വാതിലിനോട് ചേര്‍ത്ത് ഒട്ടിച്ചു വെച്ചു. ശേഷം അവിടെ നിന്നും പുറത്തിറങ്ങിയ ഇയാള്‍ ശുചിമുറിയുടെ പ്രധാന വാതിലിന് മുന്‍പില്‍ നിന്നു പരുങ്ങുകയും, ഇയാളുടെ ചേഷ്ടകളും പെരുമാറ്റവും കണ്ട് സംശയം തോന്നിയ മാളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ പെണ്‍ വേഷം കെട്ടിയതാണെന്നും, ശുചിമുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന കാര്യവും വെളിവാകുന്നത്.
ചോദ്യം ചെയ്യലില്‍ പാലാരിവട്ടത്തുള്ള ഒരു തുണിക്കടയില്‍ നിന്നാണ് ഇയാള്‍ പര്‍ദ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ വീഡിയോ പകര്‍ത്തുവാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ധരിച്ചിരുന്ന പര്‍ദയും മറ്റും പൊലീസ് പിടിച്ചെടുത്തു. കളമശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, അസ്സി സബ് ഇന്‍സ്‌പെക്ടര്‍ മനാഫ് സീനിയര്‍ സി പി.ഒ. സുമേഷ് , അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (വോയൂറിസം) സെക്ഷന്‍ 354(C), (ആള്‍മാറാട്ടം) 419 & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 66(E) എന്നീ വകുപ്പുകള്‍ ചുമത്തി കേസടുത്തു. ഇയാള്‍ മറ്റ് സ്ഥാപനങ്ങളില്‍ ചെന്ന് ഇപ്രകാരം വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: