ന്യൂദല്‍ഹി: ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ നിന്നും 2.1 കിലോമീറ്റര്‍ മാത്രം അകലെയെത്തിയപ്പോഴാണ് വന്‍ പരാജയമായി മാറിയത്. ചന്ദ്രയാന്‍ 2ലെ പേടകത്തിലെ ലാന്‍ഡറിന്റെ നിയന്ത്രണം അവസാന നിമിഷം നഷ്ടപ്പെടുകയായിരുന്നു. നാല് കാലില്‍ ചന്ദ്രനില്‍ മൃദുവായി ഇറങ്ങിനില്‍ക്കേണ്ട വിക്രം എന്ന ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു.
ചന്ദ്രയാന്‍ 2 പേടകത്തില്‍ വിക്രം എന്ന ലാന്‍ഡര്‍, പ്രഗ്യാന്‍ എന്ന റോവര്‍, ഓര്‍ബിറ്റര്‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു ചന്ദ്രനില്‍ ഇറങ്ങേണ്ട ലാന്‍ഡിംഗ് മൊഡ്യൂള്‍. ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെട്ട ശേഷം ലാന്‍ഡറിനെ നിയന്ത്രിച്ചിരുന്നത് ഒരു ഗൈഡന്‍സ് സോഫ്റ്റ് വെയറായിരുന്നു. എവിടെ ലാന്‍റ് ചെയ്യുമെന്ന് തീരുമാനിക്കുക, ലാന്‍ഡറിന്റെ വേഗവും ദിശയും നിയന്ത്രിക്കുക, നിലത്തിറങ്ങിയ ശേഷം റോവറിനെ പുറത്തിറക്കുക ഇതെല്ലാം ചെയ്യുന്നത് കൃത്യമായ പ്രവര്‍ത്തനവഴി പറഞ്ഞുകൊടുക്കേണ്ട ഈ സോഫ്റ്റ് വെയറാണ്. എന്നാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഇറങ്ങുമ്പോഴുണ്ടായ അവിചാരിത മാറ്റങ്ങള്‍ പേടകത്തെ തകരാറിലാക്കി.ഗൈഡന്‍സ് സോഫ്റ്റ് വെയര്‍ പാളി. ചന്ദ്രന്റെ ഉപരിതലത്തില്‍ മൃദുവായി ഇറങ്ങാന്‍ വേണ്ടി ലാന്‍ഡറിന്റെ വേഗം കുറയ്‌ക്കാന്‍ ചന്ദ്രയാന്‍ 2ല്‍ അഞ്ച് ക്രസ്റ്ററുകള്‍ ഉണ്ടായിരുന്നു. ഈ അഞ്ച് ക്രസ്റ്ററുകള്‍ ഒന്നിച്ച് പ്രവര്‍ത്തിപ്പിച്ചെങ്കിലും ഗുണം ചെയ്തില്ല. ഐഎസ് ആര്‍ഒയുടെ ബെംഗളൂരുവിലെ ഹെഡ്ക്വാര്‍ട്ടേഴ്സും ഓര്‍ബിറ്ററുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.
എന്നാല്‍ ചന്ദ്രയാന്‍ 2ന്റെ പരാജയത്തിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രയാന്‍ 3 വികസിപ്പിച്ചെടുത്തതെന്ന് ഇപ്പോഴത്തെ ഐഎസ് ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറയുന്നു. അതുകൊണ്ട് തന്നെ ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ മൃദുവായി ഇറങ്ങുന്നതില്‍ പരാജയപ്പെടില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം.
‘ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ കൃത്യസമയത്ത് ലാന്‍ഡ് ചെയ്യുമെന്നുറപ്പുണ്ട്’- ഇതാണ് സോമനാഥിന്റെ ഉറപ്പ്. ഇങ്ങിനെ ഉറപ്പുപറയാനുള്ള സാങ്കേതികകാരണങ്ങളും സോമനാഥ് നിരത്തുന്നു. ചന്ദ്രയാൻ-3 ന്റെ ലാൻഡറായ വിക്രമിന്റെ സെൻസറുകളും രണ്ട് എഞ്ചിനുകളും പ്രവർത്തിക്കുന്നില്ലെങ്കിൽ പോലും വിക്രം ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നുറപ്പുണ്ടെന്ന് സോമനാഥ് പറയുന്നു. പിഴവുകള്‍ സംഭവിച്ചാല്‍ പോലും അതിനെയെല്ലാം അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് വിക്രമിനെ രൂപകല്‍പന ചെയ്തിരിക്കുന്നത്. വിക്രമിന്റെ കാലുകള്‍ കൂടുതള്‍ ഉറപ്പുള്ളതാക്കുക മാത്രമല്ല, കൂടിയ വേഗതയില്‍ പോലും കൃത്യമായും മൃദുവായും ഇറങ്ങാനുമുള്ള സാങ്കേതികബലം നല്‍കിയിട്ടുണ്ട്. അതുപോലെ ലാന്‍ഡ് ചെയ്യാനുള്ള വേഗം സെക്കന്‍റില്‍ മൂന്ന് മീറ്റര്‍ വരെ എന്നാക്കിയിട്ടുണ്ട്. ഇത് മൂലം ലാന്‍ഡറിന് അതിനേക്കാള്‍ കുറഞ്ഞ സ്പീഡില്‍ അനായാസം ഇറങ്ങാനാവും.
അതുപോലെ വിക്രം എന്ന ലാന്‍ഡറും പ്രഗ്യാന്‍ എന്ന റോവറും ഉള്‍പ്പെടുന്ന ലാന്‍ഡിംഗ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സംവിധാനത്തില്‍ നിന്നും സുരക്ഷിതമായി വേര്‍പ്പെടുന്ന തരത്തില്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റവും പഴുതടച്ച രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചന്ദ്രയാന്‍ 3ന് ചന്ദ്രയാന്‍ രണ്ടിലേതുപോലെ ഓര്‍ബിറ്റര്‍ ഇല്ല. ഇതിന് കാരണം ചന്ദ്രയാന്‍ 2ലെ ഓര്‍ബിറ്റര്‍ ഇപ്പോഴും വിജയകരമായി പ്രവര്‍ത്തിക്കുന്നു എന്നതാണ്. അതില്‍ നിന്നും ആവശ്യമായ ഡേറ്റ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്.
ചന്ദ്രോപരിത്തലത്തിൽ സുരക്ഷിതമായി ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡറും റോവറും ഉള്‍പ്പെടുന്ന ലാന്‍ഡിംഗ് മൊഡ്യൂള്‍ മൃദുവായി ഇറങ്ങിക്കഴിഞ്ഞാല്‍ അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ചൈനയ്‌ക്കും ശേഷം ചന്ദ്രനിൽ പര്യവേക്ഷണപേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അത് ഇന്ത്യയെ ബഹിരാകാശരംഗത്തെ വന്‍ശക്തിയാക്കി മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: