ബംഗളുരു: ചന്ദ്രനിലേക്കുള്ള യാത്ര തുടരുന്ന ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 3 ദൗത്യം ചാന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി ഏകദേശം വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ എത്തി. 174 കിലോമീറ്റര്‍ മുതല്‍ 1437 കിലോമീറ്റര്‍ വരെ ദീര്‍ഘവൃത്ത ഭ്രമണപഥത്തില്‍ ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്ന പേടകം ഇന്നലെ രാത്രി 151 കിലോമീറ്റര്‍ ചന്ദ്രന്റെ അടുത്തും 179 കിലോമീറ്റര്‍ അകലെയുമുളള ഭ്രമണപഥത്തിലേക്ക് മാറി.
അടുത്ത ഘട്ടം ഭ്രമണപഥം താഴ്ത്തല്‍ നാളെയാണ്. ഇതിനുശേഷം, പേടകം ചന്ദ്രന് 100 കിലോമീറ്റര്‍ അകലെയും 100 മീറ്റര്‍ അടുത്തുമുളള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഈ മാസം 23 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് ചെയ്യാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.
ചന്ദ്രനില്‍ പേലോഡ് ഇറക്കുന്ന നാലാമത്തെ രാജ്യമാകാനുളള നീക്കത്തിലാണ് ഇന്ത്യ . ഈ മാസം 11 ന് വിക്ഷേപിച്ച റഷ്യയുടെ ലൂണ 25 ബഹിരാകാശ പേടകം 21 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: