ലേ: അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ- ചൈന സൈനികതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ ഭാഗത്തുള്ള ചുഷുല്‍-മോള്‍ഡോ അതിര്‍ത്തിയിലാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള 19-ാം റൗണ്ട് സൈനിക ചര്‍ച്ചകള്‍ നടക്കുന്നത്.
14-ാമത് കോര്‍പ്‌സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ റാഷിം ബാലിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ ദിവസം തുടങ്ങിയ ചര്‍ച്ചകള്‍ ഇന്ന് അവസാനിച്ചേക്കും. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സംഘര്‍ഷം പരിഹരിക്കാമെന്ന പ്രതീക്ഷയാണുളളത്.
നേരത്തെ വിപുലമായ നയതന്ത്ര, സൈനിക ചര്‍ച്ചകള്‍ക്ക് ശേഷം പല മേഖലകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ദെപ്സാങ്, ഡെംചോക്ക് പ്രദേശങ്ങളിലെ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ പക്ഷം ശക്തമായി സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ സൈനിക ചര്‍ച്ചയുടെ 18-ാം റൗണ്ട് നടന്നു.
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും മുഖാമുഖം വരുന്നതിന് ഒരാഴ്ച മുമ്പാണ് 19-ാം റൗണ്ട് ചര്‍ച്ച. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അടുത്തിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി അതിര്‍ത്തി പ്രശ്നങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിന്റെയും വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: