കായിക രംഗത്ത് ഇന്ത്യയുടെ മികച്ച പ്രകനം തുടര്‍ന്നുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ച് ഹോക്കിയിലും ഫുട്‌ബോളിലും. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഹോക്കിയില്‍ ഇന്ത്യ കിരീടം സ്വന്തമാക്കി. ഫൈനലില്‍ മലേഷ്യയെ 43ന് തോല്‍പ്പിച്ച്, ചാമ്പ്യന്‍ഷിപ്പിലെ നാലാം കിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഫൈലനില്‍, കൈവിട്ട കളിയാണ് മൂന്നും നാലും ക്വാര്‍ട്ടറുകളിലെ ഉജ്ജ്വല പ്രകടനത്തിലൂടെ ഇന്ത്യ തിരിച്ചുപിടിച്ചത്. ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ 31ന് പിന്നിട്ടുനിന്നശേഷമായിരുന്നു ഹര്‍മന്‍പ്രീത് സിങ്ങും സംഘവും കിരീടത്തിലേക്ക് കുതിച്ചത്. ഒരു മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യയുടെ മുന്നേറ്റം. ഒമ്പതു ഗോളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ടോപ് സ്‌കോററായപ്പോള്‍ ഇന്ത്യയുടെതന്നെ മന്‍ദീപ് സിങ് ടൂര്‍ണമെന്റിലെ മികച്ച താരവുമായി. അടുത്തമാസം ചൈനയിലെ ഹ്വാങ്ഷുവില്‍ ഏഷ്യന്‍ ഗെയിംസ് തുടങ്ങുകയാണ്. അടുത്തവര്‍ഷം പാരീസില്‍ ഒളിംപിക്‌സും നടക്കാനിരിക്കുന്നു. ഒളിംപിക്‌സിനുള്ള യോഗ്യതാമത്സരം കൂടിയാണ് ഏഷ്യന്‍ ഗെയിംസ്. ഈ സാഹചര്യത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് കിരീടം ഇന്ത്യക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ നടത്തുന്ന പ്രധാന ടൂര്‍ണമെന്റായ പ്രൊ ലീഗില്‍ ഇക്കുറി നാലാംസ്ഥാനത്തായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം.
രാജ്യം സ്വതന്ത്രമായതിനുശേഷം ഒളിംപിക്‌സ് ഹോക്കിയില്‍ സ്വര്‍ണം നേടിയതിന്റെ 75-ാം വാര്‍ഷികദിനത്തിലായിരുന്നു ഇത്തവണ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിലെ കിരീടധാരണം. മലയാളികള്‍ക്ക് അഭിമാനമായി ഇന്ത്യന്‍ ഹോക്കി സമീപകാലത്തു നേടിയ വിജയങ്ങളിലെല്ലാം ഗോള്‍വലയ്‌ക്ക് മുന്നില്‍ നിറസാന്നിധ്യമായി പി.ആര്‍. ശ്രീജേഷും ഉണ്ടായിരുന്നു. മുന്നൂറോളം മത്സരങ്ങളിലാണ് ശ്രീജേഷ് ഇന്ത്യക്കായി ഗോള്‍വലയം കാത്തിട്ടുള്ളത്. മറ്റൊരു മലയാളി താരവും ഇത്രയധികം മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുമില്ല.
48 വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം കഴിഞ്ഞ ടോക്കിയോ ഒളംപിക്‌സില്‍ വെങ്കലം നേടിയാണ് ഇന്ത്യന്‍ ഹോക്കി തിരിച്ചുവരവിന്റെ വഴിയിലെത്തിയത്. എന്നാല്‍ അതിനുശേഷം ഈ വര്‍ഷം ഭുവനേശ്വറില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോലും പ്രവേശിക്കാതെ പുറത്തായിരുന്നു. അതിനുശേഷം പ്രൊ ഹോക്കി ലീഗില്‍, കരുത്തരായ ഓസ്‌ട്രേലിയ, ജര്‍മനി, ബെല്‍ജിയം, ഇംഗ്ലണ്ട് തുടങ്ങിയവരെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. അതിനുശേഷമാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ കിരീടധാരണം. ഈ കിരീടനേട്ടം ഈ വര്‍ഷം നടക്കാനിരിക്കുന്ന വലിയ ടൂര്‍ണമെന്റുകളില്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ ടീമിനെ സഹായിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2018ലെ വെങ്കലം ഈ സെപ്തംബറില്‍ ചൈനയില്‍ അരങ്ങേറുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പൊന്നണിയിക്കുമെന്ന് പ്രതീക്ഷിക്കാം. അതിനുശേഷം ഒളിംപിക്‌സിലും.
ചാംപ്യന്‍സ് ട്രോഫിയിലെ വിജയക്കുതിപ്പില്‍ നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാംപ്യന്മാരായ ജപ്പാനും നിലവിലെ ചാംപ്യന്‍സ് ട്രോഫി ജേതാക്കളായ ദക്ഷിണ കൊറിയയും പാക്കിസ്ഥാനുമെല്ലാം ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങി എന്നത് നിസ്സാരകാര്യമല്ല. ഈ വിജയം രാജ്യത്തിന്റെ കായികരംഗത്തിനാകെ ഉത്തേജനമേകും.
അതുപോലെതന്നെയാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ കുതിപ്പും. ഈ വര്‍ഷം മൂന്ന് കിരീടങ്ങളാണ് സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഫുട്‌ബോള്‍ ടീം നേടിയത്. മാര്‍ച്ചില്‍ ത്രിരാഷ്‌ട്ര ടൂര്‍ണമെന്റിലും ജൂണില്‍ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിലും ചാമ്പ്യന്മാരായതിനു പിന്നാലെ ജൂലൈയില്‍ സാഫ് ചാമ്പ്യന്‍ഷിപ്പിലും കിരീടം ചൂടി. ഈ നേട്ടങ്ങള്‍ ഫിഫ റാങ്കിങ്ങില്‍ 99-ാം സ്ഥാനത്തെത്താനും ഇന്ത്യയെ സഹായിച്ചു. കൂടാതെ ഇത്തവണ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പങ്കെടുക്കും. ടീമിനെ അയക്കേണ്ടതില്ല എന്ന നിലപാട് ഇടയ്‌ക്ക് വന്നിരുന്നെങ്കിലും കേന്ദ്ര കായികമന്ത്രായം ഇടപെട്ട് ടീമിനെ അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം നടത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഹോക്കിയിലെയും ഫുട്‌ബോളിലെയും ഈ മിന്നും വിജയങ്ങള്‍ മറ്റ് കായികതാരങ്ങള്‍ക്കും പ്രചോദനമാകുമെന്ന് വിശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: