തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാര്‍ (34) കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാരെന്ന് വിചാരണ കോടതി കണ്ടെത്തി. ശിക്ഷാവിധി 16ന് പ്രഖ്യാപിക്കും. രണ്ടാം പ്രതി അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി കായംകുളം അപ്പുണ്ണി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാല് മുതല്‍ 12 വരെയുള്ള പ്രതികളെ തെളിവിന്റെ അഭാവത്തില്‍ വിട്ടയച്ചു. ക്വട്ടേഷന്‍ കൊടുത്ത ഒന്നാം പ്രതി അബ്ദുള്‍ സത്താര്‍ ഖത്തറില്‍ ജയിലില്‍ കഴിയുകയാണ്. അവിടെത്തെ ശിക്ഷ തീരുന്ന മുറയ്‌ക്ക് ഇന്ത്യയിലെത്തിച്ച് പ്രത്യേക വിചാരണ ചെയ്യും.
അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, കായംകുളം അപ്പുണ്ണി, കരുനാഗപ്പള്ളി തന്‍സീര്‍, സ്ഫടികം എന്ന കുണ്ടറ സ്വാതി സന്തോഷ്, വള്ളിക്കീഴ്‌സാനു എന്ന സുബാഷ്, ഓച്ചിറ യാസിന്‍, മുളവന എബി ജോണ്‍, ചെന്നിത്തല സുമിത്, വെണ്ണല സെബല്ലാമണി, കായംകുളം ഭാഗ്യശ്രീ, വര്‍ക്കല ഷിജിന ഷിഹാബ് എന്നിവരാണ് കേസില്‍ വിചാരണ നേരിട്ട നിലവിലുള്ള 11 പ്രതികള്‍. രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളായ അലിഭായി, അപ്പുണ്ണി, തന്‍സീര്‍ എന്നിവര്‍ ജാമ്യം ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു.
മടവൂര്‍ പടിഞ്ഞാറ്റേല ആശാ നിവാസില്‍ രാധാകൃഷ്ണ കുറുപ്പിന്റെയും വസന്ത കുമാരിയുടെയും മകനായ രാജേഷിനെ 2018 മാര്‍ച്ച് 27നു പുലര്‍ച്ചെ 2.30നാണു മടവൂര്‍ ജങ്ഷനില്‍ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റിക്കാര്‍ഡിങ് സ്റ്റുഡിയോയിലിരിക്കെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്ത് വെള്ളല്ലൂര്‍ സ്വദേശി കുട്ടന് (50) തോളിനും കൈയ്‌ക്കും വെട്ടേറ്റിരുന്നു. വിചാരണ വേളയില്‍ പ്രധാന സാക്ഷി കുട്ടന്‍ കൂറുമാറിയിരുന്നു.
10 വര്‍ഷത്തോളം സ്വകാര്യചാനലില്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷിന് 2016 ജൂണില്‍ ഖത്തറില്‍ ജോലി ലഭിച്ചിരുന്നു. പത്തു മാസം ഖത്തറില്‍ ജോലി ചെയ്തു. 2017 മേയില്‍ മടങ്ങിയെത്തിയ ശേഷമാണ് റിക്കാര്‍ഡിങ് സ്റ്റുഡിയോ ആരംഭിച്ചതും നാടന്‍പാട്ട് സംഘത്തില്‍ ചേര്‍ന്നതും. ഖത്തറിലായിരുന്നപ്പോള്‍ അബ്ദുള്‍ സത്താറുമായുള്ള അസ്വാരസ്യമാണ് രാജേഷിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. രാജേഷ് കൊല്ലപ്പെടുമ്പോള്‍ ഭാര്യ രോഹിണി എട്ടു മാസം ഗര്‍ഭിണിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: