തിരുവനന്തപുരം: ബാങില്‍ നിന്നും വീടുപണിയാനും വണ്ടി വാങ്ങാനും വായ്‌പ എടുത്തവര്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ ആശ്വാസം. ഭവന, വാഹന വായ്‌പ പോലുള്ള വായ്‌പ യെടുത്ത് സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് കൂടുതല്‍ റിസ്കുള്ള ഫ്ലോട്ടിങ് പലിശനിരക്കിന് പകരം സ്ഥിരപലിശ നിരക്കിലേക്ക് മാറാൻ അനുവദിക്കുന്ന സംവിധാനം കൊണ്ടുവരുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
വായ്‌പാ കാലാവധി, പ്രതിമാസം നല്‍കേണ്ട തുക (ഇഎംഐ നിരക്ക്) എന്നിവയെക്കുറിച്ച് വായ്‌പയെടുത്തവരോട് ബാങ്കുകൾ കൃത്യമായു വിശദമായും കാര്യങ്ങൾ അറിയിക്കണമെന്നും ശക്തികാന്താദാസ് വ്യക്തമാക്കി. വായ്‌പയെടുത്തവരോട് കാര്യങ്ങൾ കൃത്യമായി അറിയിക്കാതെ വായ്‌പാകാലാവധി നീട്ടുകയും, ഫ്ലോട്ടിങ് നിരക്കുകൾ ഉയർത്തുകയും ചെയ്യുന്നതായുള്ള സംഭവങ്ങൾ നടന്ന പശ്ചാത്തലത്തിൽകൂടിയാണ് പുതിയ തീരുമാനമെന്നും ശക്തികാന്തദാസ് അറിയിച്ചു.
പുതിയ ചട്ടക്കൂട് അനുസരിച്ച്, വായ്‌പയെടുത്ത വ്യക്തിക്ക് ഫ്ലോട്ടിങ് പലിശനിരക്കിൽ നിന്ന് സ്ഥിര പലിശനിരക്കിലേക്ക് മാറാന്‍ ഇടപാടുകാരനെ അനുവദിക്കും. കൂടാതെ വായ്‌പാ കാലാവധി നീട്ടുക, ഇഎംഐ നിരക്കിൽ മാറ്റം വരുത്തുക പോലുള്ള കാര്യങ്ങൾ വായ്‌പാക്കാരനുമായി ബാങ്കുകൾ മുൻ കൂട്ടി സംസാരിച്ചു വ്യക്തതവരുത്തണം. പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ പുതിയ മാസ അടവും അടവിന്റെ കാലാവധിയും എന്തൊക്കെ എന്നത് സംബന്ധിച്ച് വായ്‌പയെടുത്തവരെ മുൻകൂട്ടി അറിയിക്കണമെന്നും ശക്തികാന്താദാസ് വ്യക്തമാക്കി. റിസർവ്വ് ബാങ്കിന്റെ ധനനയ വായ്‌പാ അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആർബിഐ ഗവർണർ ശക്തികാന്താദാസ് ഇക്കാര്യം വിശദീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: