ശ്രീനഗര്‍: ദാല്‍ തടാകത്തിന്റെ കരയില്‍ നിന്ന് ഭാരതവിജയ ഗാനങ്ങളുമായി ആയിരങ്ങള്‍ അണിനിരന്ന തിരംഗ വാക്കത്തോണ്‍. സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി കശ്മീരില്‍ സംഘടിപ്പിച്ച വാക്കത്തോണിന് പച്ചക്കൊടി വീശിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ യാത്രയ്ക്ക് മുന്നില്‍ നടന്നു.
ജമ്മുകശ്മീരിലെ ജനങ്ങളാകെ തിരംഗയാത്രയില്‍ അണിചേരുമെന്ന് മനോജ് സിന്‍ഹ പ്രഖ്യാപിച്ചു. ജനഹൃദയങ്ങളില്‍ അഭിമാനം നിറച്ച് തിരംഗ ആകാശത്തുയരെ പറക്കും, തെരുവുകളില്‍ ദേശഭക്തിയുടെ മുദ്രാവാക്യങ്ങള്‍ മുഴങ്ങും, സ്ത്രീപുരുഷന്മാരുടെ, യുവാക്കളുടെ, മുതിര്‍ന്ന പൗരന്മാരുടെയൊക്കെ വലിയ പങ്കാളിത്തം മുഴുവന്‍ ഭാരതത്തിന് പ്രേരണ പകരുമെന്ന് മനോജ് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
ഒരുമിച്ച് നടക്കാം, ഒരേ ഹൃദയത്തുടിപ്പാല് എല്ലാ ഭിന്നതകളും അവസാനിപ്പിക്കാം, അദ്ദേഹം പറഞ്ഞു. പുല്‍വാമ മുതല്‍ പൂഞ്ച് വരെ, കുല്‍ഗാം മുതല്‍ കത്വ വരെ, ജമ്മു മുതല്‍ ശ്രീനഗര്‍ വരെ ജമ്മുകശ്മീരിലെ ഇരുപത് ജില്ലകളിലെയും എല്ലാ വീടുകളിലും ത്രിവര്‍ണപതാക ഉയരുമെന്ന് മനോജ് സിന്‍ഹ പറഞ്ഞു.
തിളക്കമുള്ള ഭാവിയിലേക്കാണ് ജമ്മു കശ്മീര്‍ നടക്കുന്നത്. ബലിദാനികളുടെയും സ്വാതന്ത്ര്യസമരപോരാളികളുടെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് കശ്മീരിലെ തിരംഗ മഹോത്സവങ്ങള്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: