9447712326
മഴയുടെ കാല്‍പ്പനികഭാവം ഒപ്പിയെടുത്ത എത്രയോ രചനകള്‍ നമുക്ക് മുമ്പിലുണ്ട്. മഴയുടെ ഭംഗിയും ഭീകരതയും ഒരുപോലെ അറിഞ്ഞവരാണ് നമ്മുടെ പ്രിയ സാഹിത്യകാരന്മാര്‍. മഴയുടെ താളത്തിലുള്ള കവിതയും നമുക്ക് പരിചിതമാണ്. പെരുവെള്ളപ്പാച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കൊപ്പം പ്രസിദ്ധ ചിത്രഗ്രാഹകനുമുണ്ടായിരുന്നു. മഴയില്‍ നനഞ്ഞ് നിരവധി സര്‍ഗസൃഷ്ടികള്‍ വന്നിട്ടുണ്ട്.
ഞണ്ട്, കൊല്ലവര്‍ഷത്തിന്റെ അവസാനത്തെ മാസം, ഒരു ഹസ്തമുദ്ര, രാശി, വ്യാസാര്‍ദ്ധം, കൂവളം, കരിമ്പ്, കര്‍ക്കടവൃക്ഷം, പാല്‍ച്ചുര, മലങ്കാര, കാട്ടുനെല്ലി, കര്‍ക്കടകശൃംഗി, വരണ്ടപ്പക്ഷി, ഒരു ആയുധം, ഒരുതരം അസ്ഥിഭംഗം, അര്‍ബുദം എന്നിങ്ങനെയെല്ലാം കര്‍ക്കടകത്തെ നിഘണ്ടുക്കളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യമഹാകാവ്യങ്ങളിലൊന്നായ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയില്‍ ഇന്ദ്രനെയല്ല, പകരം നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്ന പശുക്കളെയാണ് പൂജിക്കേണ്ടത് എന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ വൃന്ദാവനത്തിലെ ജനങ്ങളോട് പറയുന്നുണ്ട്. ഇന്ദ്രശാപം പേമാരിയായി വൃന്ദാവനത്തിലുള്ളവരെ നശിപ്പിക്കുമെന്നായപ്പോഴാണല്ലോ ഭഗവാന്‍ ഗോവര്‍ദ്ധന പര്‍വ്വതം എടുത്തുയര്‍ത്തിയത്.
കര്‍ക്കടകമാസത്തിലെ രാമായണവായന ഒരു രസായനത്തിന്റെ ഫലമാണ് നല്‍കുക.
”കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ
അര്‍ക്കനുമത്യുച്ചസ്ഥനുദയം കര്‍ക്കടകം”
കര്‍ക്കടക ലഗ്‌നത്തിലാണ് ശ്രീരാമാവതാരമെന്ന തുഞ്ചത്തെഴുത്തച്ഛന്റെ വരികള്‍ ഭക്തിപൂര്‍വ്വം ചൊല്ലുന്ന നാളുകളാണ് കര്‍ക്കടകമാസം.
”അദ്ധ്യാത്മരാമായണമെന്നു പേരിതിന്നിദ-
മദ്ധ്യയനം ചെയ്യുന്നോര്‍ക്കദ്ധ്യാത്മജ്ഞാനമുണ്ടാം
പുത്രസന്തതി ധനസമൃദ്ധി ദീര്‍ഘായുസ്സും
മിത്രസമ്പത്തി കീര്‍ത്തിരോഗശാന്തിയുമുണ്ടാം.
ഭക്തിയും വര്‍ദ്ധിച്ചിടും മുക്തിയും സിദ്ധിച്ചീടു –
മെത്രയും രഹസ്യമിതെങ്കിലോ കേട്ടാലും നീ”
പാര്‍വ്വതീദേവിയോട് പരമേശ്വരന്‍ രാമായണകഥ കേട്ടാലുള്ള പുണ്യത്തെക്കുറിച്ച് പറയുന്നത്,
”ആയുഷ്യം പുഷ്ടിജനകംസര്‍വശ്രുതിമനോഹരം”
”ശ്രുത്വാരാമായണമിദം ദീര്‍ഘമായുശ്ചവിന്ദതി”
എന്നാണ്. വാത്മീകി മഹര്‍ഷി രാമായണ മഹത്വത്തെക്കുറിച്ച് ലവകുശന്മാര്‍ക്ക് ചൊല്ലി കേള്‍പ്പിക്കുന്നത് ഒരു കര്‍ക്കടകമാസത്തിലാണെന്ന അഭിപ്രായം പണ്ഡിതന്മാര്‍ക്കുണ്ട്. ഭക്തിയും യുക്തിയും വിഭക്തിയും ചേര്‍ന്ന് രാമായണപാരായണം ചെയ്യുന്നത് മനോബലവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന ഒരു രസായനം തന്നെയാണ്.
പ്രകൃതിയെ ആരാധിച്ചിരുന്ന മഹാകവി കാളിദാസന്റെ മേഘസന്ദേശം, ഋതുസംഹാരം എന്നീ കാവ്യങ്ങളിലെ വര്‍ഷകാല വര്‍ണ്ണനകള്‍ സഹൃദയരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ളതാണ്.
മഹാകവി വള്ളത്തോളിന്റെ ‘ഋതുവിലാസം’ എന്ന കവിത മാറിമാറിവരുന്ന കാലാവസ്ഥയെ വര്‍ണ്ണിക്കുന്നതാണ്. കേരള വാത്മീകി വര്‍ഷാംബികയെ വന്ദിക്കുന്നത് ഇങ്ങനെയാണ്.
”ഇരുളോടുമിടഞ്ഞടുത്തുകൂടി-
പ്പൊരുതും നിന്നുടെകൂന്തലെന്നപോലെ
പെരുതായകറുപ്പിയന്ന കാര്‍പ്പൂ-
ണ്ടൊരുകാലം കളവാണീ, കാണ്‍കെടോ നീ”
മഹാകവി കാളിദാസന്റെ ഋതുസംഹാരത്തെ അനുകരിച്ചു വള്ളത്തോള്‍ രചിച്ച ഖണ്ഡകൃതിയാണ് ഋതുവിലാസം. ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം, വസന്തം എന്നീ ആറു ഋതുക്കളിലുണ്ടാകുന്ന മാറ്റങ്ങള്‍, ചര്യകള്‍ എന്നിവ അഷ്ടാംഗസംഗ്രഹത്തെ അടിസ്ഥാനപ്പെടുത്തി രചിച്ച കൃതിയത്രേ ഋതുവിലാസം.
”മലരൊളിതിരളും മധുചന്ദ്രികയില്‍
മഴവില്‍ക്കൊടിയുടെ മുന മുക്കി,
എഴുതാനുഴറീ കല്‍പന ദിവ്യമൊ-
രഴകിനെ, എന്നെ മറന്നൂ ഞാന്‍!”
എന്ന് മനസ്വിനിയില്‍ സൗന്ദര്യാരാധകനായ ചങ്ങമ്പുഴ പാടിയത് ഇന്നും സഹൃദയര്‍ ഏറ്റുപാടുന്നു. പ്രണയഗീതങ്ങളും വിപ്ലവകവിതകളും നിരാശാകാവ്യങ്ങളുമെഴുതിയ ചങ്ങമ്പുഴയുടെ ആത്മസംഘര്‍ഷങ്ങള്‍ക്ക് മഴയുടെ മാസ്മരികശക്തിയില്‍ നിന്ന് കുതറിമാറാനായില്ല.
മേഘച്ഛായ എന്ന ജി. ശങ്കരക്കുറുപ്പിന്റെ വിവര്‍ത്തനത്തിലൂടെ കാളിദാസകാവ്യം മലയാളികള്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നുണ്ട്. വിരഹിയായ യക്ഷന്‍ മഴക്കാലമേഘത്തെയാണ് സന്ദേശവാഹകനാക്കിയിട്ടുള്ളത്.
”നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുന്നു. വെള്ളം! സര്‍വ്വത്രജലം! നാട്ടുകാരെല്ലാം കരതേടിപ്പോയി. വീട്ടുകാവലിന് ഒരാള്‍, വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നുമുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകള്‍, പട്ടി, പൂച്ച, ആട്, കോഴി മുതലായ വളര്‍ത്തുമൃഗങ്ങളും എല്ലാം ഐക്യമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല.” തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന പ്രസിദ്ധ കഥ (1935) ഇങ്ങനെയാണ്ആരംഭിക്കുന്നത്. 1924ലെ പ്രളയം തകഴിയുടെ മനസ്സില്‍ സൃഷ്ടിച്ച സങ്കടപ്പെരുമഴയും സഹജീവി സ്‌നേഹവും കഥയിലുണ്ട്. പ്രകൃതിയുമായി കൂടുതല്‍ ഇണങ്ങിജീവിക്കുന്ന ഒരുകാലഘട്ടത്തില്‍ സംഭവിക്കുന്ന ദുരന്തത്തിന്റെ ചിത്രമാണിത്.
2018 ലെ പ്രളയം കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കാനുള്ള ദുര്യോഗം ഇന്നത്തെ തലമുറയ്‌ക്കുണ്ടായി. പകര്‍ച്ചവ്യാധികള്‍, പനി, വയറിളക്കം, ഛര്‍ദ്ദി, എലിപ്പനി, ത്വക് രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ എന്നിവയുമായി ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയേണ്ടിവന്നു. സംയോജിത ചികിത്സാപദ്ധതിയിലൂടെ ജനങ്ങള്‍ ആരോഗ്യം വീണ്ടെടുത്തു.
ഖസാക്കിന്റെ ഇതിഹാസകാരനായ ഒ.വി. വിജയന്‍ മഴയെ മിഴിവോടെ വരച്ചിടുന്നത് ഇങ്ങനെയാണ്: ”മഴ പെയ്യുന്നു. മഴ മാത്രമേയുള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി, മഴ ചെറുതായി, രവി ചാഞ്ഞു കിടന്നു. അയാള്‍ ചിരിച്ചു. അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം. ചുറ്റും പുല്‍ക്കൊടികള്‍ മുളപൊട്ടി, രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു മുകളില്‍, വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി.”
വളരെ നേരിയ മഴയായും ചാറ്റല്‍മഴയായും മിതമായ വര്‍ഷമായും അതിതീവ്ര മഴയായും മലയാളസാഹിത്യത്തില്‍ വര്‍ഷകാലം പെയ്തിറങ്ങിയിട്ടുണ്ട്.
”മിഥുനം-കര്‍ക്കടകം കാലത്തെ മഴ അമ്മയെപ്പോലെയാണ്. ഓര്‍ക്കാതിരിക്കുമ്പോഴാണ്, നല്ല നേരമാണെന്നു വിചാരിച്ച് അടുക്കുമ്പോഴാണ്, പൊട്ടിച്ചാടുക. ഇടിയും മഴയും തുടങ്ങിയാല്‍ സ്‌കൂളില്‍ വരുന്നതും പോകുന്നതും മാത്രമല്ല വിഷമം, വിശപ്പും.” എം.ടി.വാസുദേവന്‍ നായരുടെ ‘കര്‍ക്കടകം’ എന്ന കഥ ഇങ്ങനെയാണ് ആരംഭിക്കുന്നത്. തറവാടിത്തം ഘോഷിക്കുന്നവരുടെ പഞ്ഞമാസത്തിന്റെ യഥാര്‍ത്ഥ ചിത്രം കര്‍ക്കടകമേഘം പോലെ ഉരുണ്ടുകൂടി വായനക്കാരുടെ മനസ്സില്‍ വിങ്ങലോടെ പെയ്തിറങ്ങുന്നു. മഴക്കാലം വന്നാല്‍ വിശപ്പു മാത്രമേയുള്ളൂ. ദാഹമില്ല. സ്‌കൂള്‍ വിട്ടുവരുന്ന ഉണ്ണിക്ക് ഭക്ഷണമില്ല. ബന്ധുവായ അതിഥിയെ സല്‍ക്കരിച്ചു കഴിഞ്ഞപ്പോള്‍ വീട്ടില്‍ ബാക്കിയൊന്നുമില്ല. അന്നമില്ല.
വള്ളുവനാടിന്റെ കഥാകാരനായ നന്തനാരുടെ ചെറുകഥയുടെ തലക്കെട്ടുതന്നെ ‘ഒരു വര്‍ഷകാല രാത്രി’ എന്നതാണ്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരവും വര്‍ഷകാലവും ആസ്വദിക്കാനാണ് ആത്മാന്വേഷണത്തിന്റെ അസ്വസ്ഥയാത്രികനായ, സൈനികോദ്യോഗസ്ഥനായിരുന്ന നന്തനാര്‍ എന്നും ഇഷ്ടപ്പെട്ടിരുന്നത്. തിരുവാതിര ഞാറ്റുവേലയ്‌ക്ക് മഴ പയ്യാത്തതിന്റെ ഖേദം കഥാനായകനുണ്ട്. ജൂണ്‍ അവസാനം മുതല്‍ ജൂലായ് ആദ്യ ആഴ്ചവരെയുള്ള കാലത്ത് മഴ തിരിമുറിയാതെ ചെയ്യും. കര്‍ക്കടകമെത്തുന്നതിനു മുമ്പ് തിരുവാതിര ഞാറ്റുവേല, കാര്‍ഷിക വിളവുകള്‍ നടാന്‍ പറ്റിയ സമയം. ഒരുകാലത്ത് കാര്‍ഷിക സമൃദ്ധിയുടെ നാടായിരുന്നുവല്ലോ കേരളം.
സുഗതകുമാരിയുടെ പ്രസിദ്ധ കവിതയാണ് ‘രാത്രിമഴ.’ മനുഷ്യനേയും പ്രകൃതിയേയും ഒരുപോലെസ്‌നേഹിച്ച കവയിത്രിക്ക് പ്രിയമായിരുന്നു രാത്രിമഴ. താളംതെറ്റിയവരുടെ മനസ്സിന്റെ ആര്‍ത്തനാദം പോലെ, മുറിച്ചുമാറ്റാനാവാത്ത അവയവം പോലെ മഴമുറിവുകളായി നമ്മെ നൊമ്പരപ്പെടുത്തുന്നു.
മഴപ്രയോഗങ്ങള്‍ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്.
”പെയ്താലും കുറ്റം ഇല്ലേലും കുറ്റം
മഴേടമ്മയ്‌ക്കെപ്പോഴും കുറ്റം
മഴേടച്ഛനുമെപ്പോഴും കുറ്റം” എന്ന കുഞ്ഞുണ്ണിമാഷിന്റെ ചെറിയ വലിയ അര്‍ത്ഥമുള്ള കവിത നമ്മുടെ സ്വഭാവത്തെ, പ്രതികരണത്തെ വെളിവാക്കുന്ന ലളിതമായ വരികളാണ്. നല്ല മഴ, ചീഞ്ഞമഴ, കോരിച്ചൊരിയുന്ന മഴ, പെരുമഴ, തിരിമുറിയാത്ത മഴ, തുള്ളിക്കൊരു കുടം, തുമ്പിക്കൈ വണ്ണത്തില്‍ എന്നിങ്ങനെ സംഭാഷണമധ്യേ പറയുന്നവര്‍ ഇക്കാലത്തുമുണ്ട്.
”രാത്രിവീണയുമായി, ഏകാകിയാം
യാത്രികന്‍ വന്നു വീണ്ടുമീകര്‍ക്കടം
എത്രയെത്രയോകാലമായെങ്കിലും
അല്‍പ്പനാള്‍ മുമ്പിലെന്ന പോല്‍ ജനാലില്‍
ഒറ്റമിന്നല്‍ വീണ്ടും പഴയ ഞാന്‍”
ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളെല്ലാം കവിതയാകുന്ന, ജീവിതവും സ്വപ്‌നവും കാവ്യമാകുന്ന വിജയലക്ഷ്മിയുടെ ‘മഴ’യിലെ വരികളാണിവ.
കേരളത്തിലെ കാലാവസ്ഥയെ, പ്രകൃതിയിലുള്ള മാറ്റങ്ങളെ, സസൂക്ഷ്മം കണ്ടറിഞ്ഞ് എഴുതിയിട്ടുള്ള ആദ്യകാലകൃതികളിലൊന്നാണ് കൊടുങ്ങല്ലൂര്‍ ചെറിയ കൊച്ചുണ്ണി തമ്പുരാന്റെ മലയാംകൊല്ലം എന്ന മഹാകാവ്യം. 1907 ല്‍ ‘രസികരഞ്ജിനി’ എന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പത്രാധിപത്യത്തിലുള്ള മാസികയിലാണ് ഈ മഹാകാവ്യം പ്രസിദ്ധീകരിച്ചത്. ഓരോ മലയാളമാസത്തിലുള്ള കാലാവസ്ഥയെയും വര്‍ണ്ണിക്കുന്ന കാവ്യമാണിത്.
”ധാരാധരങ്ങള്‍ ധരണീവലയത്തിലെല്ലാം
ധാരാളമായ് സലിലധാര പൊഴിക്കുമിപ്പോള്‍
പാരാതെ കണ്ടു പലരും പലമട്ടിലുള്ള
ധാരാദിയാകിയ ചികിത്സകള്‍ ചെയ്തിടുന്നു.
ആരോഗ്യസിദ്ധകരമായതു വൈദ്യശാസ്ത്ര-
സാരം നിനയ്‌ക്കുകിലഹോ! ബലമൊന്നുതന്നെ
പാരം ബലംകുറയുമിപ്പൊഴുതില്‍ ജനങ്ങള്‍-
ക്കാരംഭമുത്തമബലാനയനത്തിനല്ലോ.
മുക്കൂട്ടുകാച്ചിയതുകൊണ്ടു പിഴിഞ്ഞുവീഴ്‌ത്തല്‍,
ചൊല്‍ക്കൊണ്ടിടുന്ന നവരക്കിഴി, തേച്ചിരിപ്പ്,
തക്രാദിധാരകള്‍ ചികിത്സകളിപ്രകാരം –
മിക്കാലമിങ്ങും പലരും തുടരുന്നു കാന്തേ!
സമ്പത്തുകൊണ്ടു ധനനാഥനുമാദരേണ
കുമ്പിട്ടിടുന്നൊരു ജനങ്ങള്‍ തെളിഞ്ഞിദാനിം
വമ്പിച്ച വൈദ്യവരരേത്തരസാവരുത്തി
ക്കമ്പം വിനാ സുഖചികിത്സകള്‍ ചെയ്തിടുന്നു.’
പിഴിച്ചിലും നവരക്കിഴിയും നവരതേപ്പും തക്രധാരയും ചെയ്ത് കര്‍ക്കടകത്തില്‍ ആരോഗ്യസംരക്ഷണം നിര്‍വ്വഹിക്കണമെന്ന് വൈദ്യമറിയുന്ന കൊച്ചുണ്ണിതമ്പുരാന്‍ എഴുതുന്നു.
കൃഷിയും കന്നുകാലി വളര്‍ത്തലുമായി കഴിഞ്ഞിരുന്ന ഒരു കാര്‍ഷിക സമൂഹമാണ് പണ്ടുകാലത്ത് ഇവിടെയുണ്ടായിരുന്നത്. അവര്‍ക്ക് അനുഗ്രഹമായി കാലാകാലങ്ങളില്‍ പെയ്തിരുന്ന മഴയുണ്ടായിരുന്നു. മഴ പെയ്തുകിളിര്‍ത്ത ഓഷധികളുടെ ആരോഗ്യസംരക്ഷണവുമുണ്ടായിരുന്നു. ചില വര്‍ഷങ്ങളില്‍ ജനജീവിതം ദുസ്സഹമാക്കുന്ന കര്‍ക്കടകവും പകര്‍ച്ച വ്യാധികളും അതിജീവനവും ആയുര്‍വേദ ഔഷധങ്ങള്‍ കൊണ്ടുകൂടിയായിരുന്നു.
ശാരീരികവും മാനസികവും സാമൂഹികവുമായ പരിപൂര്‍ണ സ്വാസ്ഥ്യമാണ് ആരോഗ്യം. ഈ അവസ്ഥ ഉണ്ടാക്കാനും പരിരക്ഷിക്കാനും മനുഷ്യന്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാണ് ആയുര്‍വേദം പറയുന്നത്. ഇതിന്നുപുറമെ ആയുര്‍വേദം ഒരു തത്ത്വശാസ്ത്രവുമാണ്. മനുഷ്യനേയും അവന്റെ ജീവിതത്തേയും ബാധിക്കുന്ന അടിസ്ഥാന കാര്യങ്ങളാണ് ആയുര്‍വേദം. ”ആഹാരമാണ് ആദ്യം നേരെയാകേണ്ടത്. ആഹാരമാണ് ജീവന്റെ ആധാരം. മരുന്നല്ല. ചികിത്സ ആഹാരത്തില്‍ നിന്നു തുടങ്ങുക. ആഹാരത്തിന്റെ ക്വാളിറ്റി, ക്വാണ്ടിറ്റി, ടൈം എന്നിവയില്‍ ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യത്തിന്റെ അധിഷ്ഠാനം ബലമാണ്. ബലത്തിന്റെ അധിഷ്ഠാനം അഗ്‌നിയാണ്. അഗ്‌നിയെന്നാല്‍ രോഗപ്രതിരോധശേഷിയുണ്ടാക്കുന്ന ജൈവോര്‍ജ്ജമാണ്.” ആയുര്‍വേദകുലപതിയായിരുന്ന ഡോ.പി.കെ.വാരിയരുടേതാണ് ഈ ആരോഗ്യസൂക്തങ്ങള്‍. ആഹാരം, ശരീരബലം, ദഹനശക്തി, ദേശം, പ്രായം, മനോബലം എന്നു തുടങ്ങി പല ഘടകങ്ങളും രോഗത്തെ ഇല്ലാതാക്കുന്നതില്‍ പ്രധാനമാണ്.
കര്‍ക്കടകകാലത്തെ സംബന്ധിച്ച ഒരു പാര്‍ശ്വവീക്ഷണം മാത്രമാണിത്. പ്രകൃത്യുപാസകരായ നിരവധി കവികള്‍, കഥാകൃത്തുക്കള്‍, നോവലിസ്റ്റുകള്‍, പ്രബന്ധകാരന്മാര്‍ എന്നിവര്‍ ‘മഴ’ സാഹിത്യത്തെ പെരുമഴയും മധുരവര്‍ഷവുമാക്കിയിട്ടുണ്ട് എന്ന് വിസ്മരിക്കുന്നില്ല.
(കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെ സെന്റര്‍ ഫോര്‍ ടെക്സ്റ്റ്വല്‍ സ്റ്റഡീസ് ആന്‍ഡ് പബ്ലിക്കേഷന്‍സ് ചീഫ് സബ്എഡിറ്ററാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക