തൃശൂര്‍: കണ്ടശ്ശാങ്കടവ് ജലോത്സവം രണ്ടോണ നാളായ ആഗസ്റ്റ് 30ന് നടക്കും. മണലൂര്‍ – വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിലാണ് വള്ളംകളി സംഘടിപ്പിക്കുന്നത്. ജലോത്സവത്തോടനുബന്ധിച്ച് വടംവലി, ഗാനമേള, പഞ്ചഗുസ്തി മത്സരം, ചെസ് മത്സരം, ഫുഡ് ഫെസ്റ്റ്, വാട്ടര്‍ ഷോ, നീന്തല്‍ മത്സരങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.
തൃശൂര്‍ പൂരം കഴിഞ്ഞാല്‍ ജനലക്ഷങ്ങളെ ആകര്‍ഷിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ മഹോത്സവമാണ് കണ്ടശ്ശാങ്കടവ് ജലോത്സവം. 1956ല്‍ കേരളപിറവി ദിനത്തോടനുബന്ധിച്ച് രണ്ട് ചുരുളന്‍ വള്ളങ്ങളുടെ മത്സരത്തോട് കൂടിയാണ് കണ്ടശ്ശാങ്കടവ് ജലോത്സവത്തിന് തുടക്കം കുറിച്ചത്.
1982 ല്‍ കണ്ടശ്ശാംകടവ് ജലോത്സവം ടൂറിസം മാപ്പില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഇന്ത്യന്‍ നാവിക സേനയുടെ ഹെലികോപ്റ്ററിലുള്ള സാഹസിക പ്രകടനങ്ങള്‍ ഉള്‍പ്പെടെ വിവിധ പരിപാടികളോടുകൂടി നടന്നിരുന്ന ഈ ജലോത്സവം 2011 ല്‍ കേരള സര്‍ക്കാര്‍ ചീഫ് മിനിസ്റ്റേഴ്സ് എവര്‍റോളിങ് ട്രോഫിയായി അംഗീകരിച്ചു. കേരളത്തില്‍ മുഖ്യമന്ത്രിയുടെ പേരില്‍ അറിയപ്പെടുന്ന ഏക ജലോത്സവമാണ് കണ്ടശ്ശാങ്കടവിലേത്. ജലോത്സവം 2023 സംഘാടക സമിതി യോഗം മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ തെക്കത്ത് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: