അഡ്വ.ആര്.പത്മകുമാര്‍
നമ്മുടെ ഭരണഘടനാജനാധിപത്യത്തിലെ ത്രിമൂര്‍ത്തികളാണ് പാര്‍ലമെന്റും, എക്സിക്യൂട്ടീവും, ജുഡീഷ്യറിയും. ഭരണഘടനയില്‍ നിന്നാണ് ഈ മൂന്നധികാരകേന്ദ്രങ്ങളും തങ്ങളുടെ അധികാരം നേടിയിട്ടുള്ളത്. താന്താങ്ങളുടെ സ്പേസിലാണ് ഇവയുടെ പ്രവര്‍ത്തനം. നിയമനിര്‍മ്മാണം ലെജിസ്ലേച്ചറും ഭരണനിര്‍വ്വഹണം എക്സിക്യൂട്ടീവുമാണ് നിര്‍വ്വഹിക്കുന്നത്. നിയമങ്ങളുടെ ഭരണഘടനാസാധുത പരിശോധിക്കുന്നത് ഹൈക്കോടതികളും സൂപ്രീംകോടതിയുമാണ്. രാജ്യഭരണം, ക്രമസമാധാനം, നയസമീപനങ്ങള്‍ ഇവയൊന്നും കോടതികളുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്നതല്ല. അതായത് ഭരണഘടനാനുസൃതം തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളാണ് ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുക. ഭരണഘടനയുമായി പൊരുത്തപ്പെടുന്നതാണോ നിയമങ്ങളെന്നതിലെ അന്തിമമായി തീര്‍പ്പ് സൂപ്രീംകോടതിയുടെതാണ്. ഇത്തരത്തില്‍ ഭരണഘടനാസാധുത പരിശോധിക്കുന്ന സ്ഥാപനത്തിന്റെ കസ്റ്റഡിയിലായിരിക്കും ഭരണഘടനയെന്നാണ് മുന്‍ അമേരിക്കന്‍ സെനറ്റംഗവും ഭരണഘടനാ വിശാരദനുമായ ഗ്രാന്‍വിലെ ആസ്റ്റിന്‍ പറയുന്നത്. ആ സ്ഥാപനത്തിന് ഭരണഘടനയെ സംരക്ഷിക്കുക മാത്രമല്ല നശിപ്പിക്കാനും കഴിയുമെന്ന് കൂടി അദ്ദേഹം സൂചിപ്പിക്കുന്നു. സുപ്രീംകോടതിയുടെ സമീപകാല നടപടികള്‍ പലതും ഇത്തരത്തിലുള്ള ആശങ്ക ഉയര്‍ത്തുന്നതാണെന്ന് പറയേണ്ടിവരുന്നതില്‍ പ്രയാസമുണ്ട്. പക്ഷെ, സത്യമതാണ്. പ്രത്യേകിച്ചും മണിപ്പൂര്‍ പ്രശ്നത്തിലെ ഇടപെടലില്‍.
മണിപ്പൂരിലെ പ്രശ്നങ്ങള്‍ക്ക് നീണ്ട ചരിത്രമുള്ളതാണ്. ആ വിഷയം ചരിത്രപരമായും ഗോത്രജനതയുടെ അവശതകളുടെ പശ്ചാത്തലത്തിലും പരിശോധിക്കപ്പെടേണ്ടതാണ്. നാല്പതുകളില് തന്നെ അവിടെ സങ്കീര്‍ണമായ വിഷയങ്ങളുണ്ടായിരുന്നു. ഭാരതത്തോട് ചേരുന്നതില്‍ പോലും എതിര്‍പ്പുകളുണ്ടായിരുന്നു.
മെയ്തികളാണ് തദ്ദേശഗോത്രജനത. ബര്‍മയില്‍ നിന്ന് കുടിയേറിയ കുക്കികളുമായി മെയ്തികള്‍ക്ക് സംഘര്‍ഷമുണ്ട്. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ ഇടയ്ക്കിടെ ഗോത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. 1993 ലെ നാഗാകുക്കി സംഘര്‍ഷത്തില്‍ 700 പേരാണ് മരിച്ചത്. 2004 ല്‍ 1700 പേര് കൊല്ലപ്പെട്ടിരുന്നു. ഏറെ കലാപങ്ങളും നടന്നത് മോദി ഗവണ്മെന്റിന് മുമ്പായിരുന്നു. 2014 മുതല്‍ മണിപ്പൂരിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും റോഡും, തൊഴില്‍ സാധ്യതയും വര്‍ദ്ധിച്ചു. മിക്കയിടങ്ങളിലും പുതിയ വിമാനത്താവളങ്ങളുമുണ്ടായി. 1958 മുതല്‍ കോണ്‍ഗ്രസ്സ് ഗവണ്മെന്റ് നടപ്പാക്കിയ അഎജടഅ എന്ന നിയമം വടക്ക് കിഴക്കന്‍ മേഖലകളില്‍ 1958 മുതല്‍ നിലവിലുണ്ടായിരുന്നു. ഈ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈറോം ശര്‍മിള ദീര്‍ഘകാലം നിരാഹാരം അനുഷ്ഠിച്ചു വന്നു. ഈ കരിനിയമം പിന്‍വലിച്ചത് മോദി സര്‍ക്കാരാണ്.
മണിപ്പൂരില്‍ ഇപ്പോഴത്തെ കലാപങ്ങള്‍ ആരംഭിക്കുന്നത് മെയ്തെയ്കള്ക്ക് ഷെഡ്യൂള്‍ഡ് ട്രൈബ് പദവി നല്‍കണമെന്ന് 2023 ഏപ്രിലിലുണ്ടായ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ്. കലാപത്തില്‍ മരണപ്പെട്ടത് മൊത്തം 152 പേരാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ മണിപ്പൂരിനെക്കുറിച്ച് നിറംപിടിപ്പിച്ച വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇരു വിഭാഗങ്ങളിലും ഹിന്ദുക്കളും ക്രിസ്ത്യാനികളുമുണ്ട്. അവിടെ വംശീയ സംഘര്‍ഷമാണ് നടക്കുന്നത്. ഒരിക്കലും വര്‍ഗീയമായിരുന്നില്ല.
2023 മെയ് 4 നാണ് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം ഉണ്ടായത്. എന്നാല്‍ അതിന്റെ വീഡിയോ പ്രചരിച്ചത് നടപ്പുപാര്‍ലമെന്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് മാത്രമായിരുന്നു. കുറ്റകൃത്യത്തിലുള്‍പ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റു ചെയ്തിട്ടുള്ളതുമാണ്. പക്ഷേ ഈ വിഷയത്തിലിടപെട്ട സുപ്രീംകോടതി യാഥാര്‍ത്ഥ്യബോധമില്ലാതെ നടത്തിയ വാക്കാലുള്ള പരാമര്‍ശങ്ങള്‍ വാര്‍ത്താ സ്ഫോടനങ്ങള്ക്കാണിടവരുത്തിയത്. തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവര്‍മെന്റ് രാജ്യത്തും മണിപ്പൂരിലുമുണ്ടെന്നു പോലും ജഡ്ജിമാര്‍ ആലോചിച്ചിരുന്നോയെന്നറിയില്ല. മലയാള പത്രങ്ങളിലടക്കം വന്ന വമ്പന്‍ വാര്‍ത്തകള്‍ സുപ്രീംകോടതി സര്‍ക്കാരിനെ അവിശ്വസിക്കുന്നുവെന്ന നിലയിലായിരുന്നു. ഡിജിപിയെ കോടതിയിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
മണിപ്പൂരിന്റെ സ്ഥാനവും അതിര്‍ത്തികളും തന്ത്രപ്രാധാന്യമുള്ളതാണ്. ചൈനയും, ബര്‍മയും മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. അവിടെ സൈന്യത്തെ വിന്യസിച്ചുവെങ്കിലും, അവര്‍ക്ക് ജനതയുടെ നേര്‍ക്ക് നിറയൊഴിക്കാനാവുകയില്ല, അത് വലിയ പ്രശ്നങ്ങള്‍ക്കിട വരുത്തുന്നതാണ്. സാഹചര്യം സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് സുപ്രീംകോടതിയുടെ നിയന്ത്രണമില്ലാത്ത ഇടപെടലുണ്ടായത്. സുപ്രീംകോടതി വാക്കാല്‍ നടത്തിയ നിരീക്ഷണങ്ങള്‍ നിയന്ത്രിക്കേണ്ടതായിരുന്നു. തങ്ങള്‍ക്കില്ലാത്ത അധികാര ങ്ങളാണ് ഇക്കാര്യത്തില്‍ പ്രയോഗിക്കുന്നതെന്ന് ജഡ്ജിമാര്‍ ഓര്‍മ്മിക്കേണ്ടതായിരുന്നു. കേസ്സുകള്‍ കൈകാര്യം ചെയ്യുന്ന കോടതികള്‍ക്ക് അവയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നതിന് മതിയായ അധികാരം ക്രിമിനല്‍ നടപടി നിയമം 173(8) നല്‍കുന്നുണ്ട്. അത്തരത്തിലുള്ള നിര്‍ദ്ദേശം കോടതിക്ക് നല്‍കാമായിരുന്നതാണ്. പക്ഷേ ജുഡീഷ്യറിയില്‍ നിന്ന് വിരമിച്ച മൂന്ന് വനിതാ ജഡ്ജിമാര്‍ക്ക് കേസുകളുടെ മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്. അവര്‍ക്ക് എന്തു ചെയ്യാനാവുമെന്ന് പിന്നീട് മാത്രമെ അറിയാനാവു. അതുപോലെ തന്നെയാണ് പ്രൊഫഷണല്‍ ഏജന്‍സിയായ സിബിഐക്ക് മുന്‍ മഹാരാഷ്ട്ര ഡിജിപിയുടെ നേതൃത്വം വേണമോയെന്നതും.
അവധാനതയോടെ മാത്രം സമീപിക്കേണ്ട വിഷയമാണ് മണിപ്പൂരിലേത്. പരമോന്നതകോടതി ഇത്തരം വിഷയങ്ങളില്‍ വിവേകപൂര്‍വമായ നിയന്ത്രണം പാലിക്കേണ്ടതായിരുന്നു. കേസ്സുമായി എത്തിയവരുടെ രാഷ്ട്രീയതാല്പര്യങ്ങള് പ്രകടമായിരുന്നതുമാണ്. നിയമപ്രശ്നങ്ങളോ ഭരണഘടനാ വിഷയങ്ങളോ കേസ്സിലുണ്ടോയെന്നതും ചീഫ് ജസ്റ്റീസിന്റെ ബഞ്ച് പരിഗണിച്ചിട്ടില്ലാത്തതുമാണ്. ഭരണകക്ഷിയുടെ തെറ്റായ പ്രവര്‍ത്തികള്‍ പരിഗണിച്ച് ഉപദേശം നല്‍കാനുള്ള വേദിയല്ല സുപ്രീംകോടതി. ഒന്നാമതായി കേന്ദ്രസര്‍ക്കാരിനെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു, അതുണ്ടായില്ല. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയുടെ വാദങ്ങള്‍ ചീഫ് ജസ്റ്റീസ് വിലനല്കുന്നതിന് കൂട്ടാക്കിയില്ല. ഭരണം നടത്തുന്ന സര്‍ക്കാരിനെ മോശപ്പെടുത്തുന്നത് പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ഗുണം ചെയ്യുന്നതാണ്. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. കോടതിക്ക് ഭരണം നടത്താന്‍ കഴിയുകയുമില്ലല്ലോ. ലോകമാകെ ശ്രദ്ധ നേടിയിട്ടുള്ള മണിപ്പൂര്‍ വിഷയത്തില്‍ പരിഹാരം കാണാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഈ ഇടപെടല്‍ മൂലം തിരിച്ചടി ഉണ്ടാവുകയാണുണ്ടായത്.
സുപ്രീംകോടതി വിവിധ കേസ്സുകളില്‍ വ്യത്യസ്തവും വിരുദ്ധവുമായി സമീപിക്കുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. മണിപ്പൂരിലെ ഗോത്രപ്പോരിലെ കുറ്റകൃത്യങ്ങള്‍ ഗൗരവമായി എടുത്ത കോടതി എന്താണ് കാശ്മീരിലെ പണ്ഡിറ്റുകളോട് ചെയ്ത്. ജഡ്ജിമാരടക്കമുള്ളവര്‍ ഹിന്ദുക്കളാണെന്നതിന്റെ പേരില്‍ മാത്രം കൊലചെയ്യപ്പെട്ട ലക്ഷണമൊത്ത വംശഹത്യയാണ് അവിടെയുണ്ടായത്. ഈ കൂട്ടക്കുരുതി കേസ്സെടുത്ത് അന്വേഷിക്കുന്നതിന് നടപടിയെടുക്കണമെന്ന കാശ്മീരി പണ്ഡിറ്റുകളുടെ ആവശ്യം സുപ്രീംകോടതി നിഷ്കരുണം തള്ളുകയാണുണ്ടായത്.
എന്തിന്, ടീസ്റ്റാസെതല്‍വാദ് മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ മറവില്‍ വിധ്വംസക പ്രവര്‍ത്തനം നടത്തിയതായി സുപ്രീംകോടതിയുടെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് കണ്ടെത്തിയത്. പക്ഷേ ടീസ്റ്റക്ക് രാത്രിയില്‍ സിറ്റിംഗ് നടത്തി ജാമ്യം നല്‍കുകയാണ് സുപ്രീംകോടതി ചെയ്തത്. രാത്രികാലബഞ്ചിന് രൂപം നല്‍കിയത്, ചീഫ് ജസ്റ്റീസ് സ്വകാര്യചടങ്ങിനിടയിലായിരുന്നു. നിയമത്തിന് മുന്നില്‍ ടീസ്റ്റാ കൂടുതല്‍ പരിഗണന അര്ഹിക്കുന്നോയെന്ന ചോദ്യമാണുയര്‍ന്നു വരുന്നത്. പക്ഷെ വനിതയായ നൂപുര്‍ശര്‍മക്ക് ഈ പരിഗണനയൊന്നും സുപ്രീംകോടതി നല്‍കിയതുമില്ല. പ്രവാചകനിന്ദയുടെ പേരില്‍ തനിക്കെതിരെ എടുത്തകേസ്സുകള് ഒരുമിച്ച് വിചാരണ നടത്തണമെന്ന അവരുടെ ആവശ്യം നിരാകരിക്കുകയും നൂപുര്‍ശര്‍മ്മക്കെതിരെ ആക്ഷേപമുന്നയിക്കലുമാണ് ജഡ്ജിമാര്‍ ചെയ്തത്. വിമര്‍ശനങ്ങളുടെ സാഹചര്യത്തിലാണ് ഉത്തരവ് തിരുത്തി, നൂപുര്‍ശര്‍മക്ക് ചുരുങ്ങിയ പരിഹാരങ്ങള്‍ നല്കാന് ജഡ്ജിമാര്‍ തയ്യാറായത്. നമ്മുടെ സുപ്രീംകോടതിക്ക് ഉയര്‍ന്ന സല്പ്പേരുണ്ടായിരുന്നതാണ്. ലോകപ്രശസ്തരായ നിരവധി പ്രഗത്ഭര്‍ അവിടെ ജഡ്ജിമാരായിരുന്നിട്ടുണ്ട്. പക്ഷേ ചരിത്രമിപ്പോള്‍ ദുരന്തവും പ്രഹസനവുമായി ഒടുങ്ങുകയാണെന്ന ആശങ്ക വ്യാപകവുമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: