പൂനെ: ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂള്‍ കേസിലെ ആറാം പ്രതി ഷാമില്‍ സഖ്വിബ് നാച്ചന് അറസ്റ്റില്‍. വിദേശ ഭീകര സംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എന്‍ഐഎ നടപടി. ആറാമത്തെ അറസ്റ്റാണിത്. മഹാരാഷ്ട്രയിലെ താനെയിലായിരുന്നു ഷാമിലിന്റെ താമസം.
ഇയാള്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ സ്ഫോടകവസ്തുക്കളുടെ നിര്‍മാണം, പരിശീലനം, പരീക്ഷണം എന്നിവയില്‍ പങ്കാളിയായിരുന്നു. 2002-ല്‍ മുംബൈ സെന്‍ട്രല്‍, വിലെ പാര്‍ലെ, മുളുണ്ട് എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ നടന്ന സ്ഫോടന പരമ്പരകളില്‍ ഷാമിലിന്റെ പിതാവ് സാഖ്വിബ് നാച്ചന് ശിക്ഷ അനുഭവിച്ചിരുന്നു.
സുല്‍ഫിക്കര്‍ അലി ബറോദാവാല, മുഹമ്മദ് ഇമ്രാന് ഖാന്, മുഹമ്മദ് യൂനുസ് സാക്കി, സിമാബ് നസിറുദ്ദീന്‍ കാസി, അബ്ദുള്‍ ഖാദിര്‍ പത്താന് തുടങ്ങിയ അഞ്ച് പ്രതികളുമായി സഹകരിച്ചാണ് ഷാമിലിന്റെ പ്രവര്‍ത്തനം. പ്രതികളില്‍ രണ്ടുപേരായ ഇമ്രാന് ഖാനും മുഹമ്മദ് യൂനുസ് സാക്കിയും ‘സൂഫ ഭീകരസംഘ’ത്തിലെ അംഗങ്ങളാണ്. ഇവര്‍ ഒളിവിലാണ്. 2022 ഏപ്രിലില്‍ രാജസ്ഥാനിലെ കാറില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎ ഇവരെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്.
ഐഎസിന്റെ അജണ്ടയുടെ ഭാഗമായി ഇന്ത്യയില്‍ സ്ഫോടനം നടത്താനും ഇവര്‍ പദ്ധതി ഇട്ടിരുന്നുവെന്നാണ് വിവരം. രാജ്യത്തിന്റെ സമാധാനവും സാമുദായിക സൗഹാര്‍ദ്ദവും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതി ഇട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: