വെല്ലിങ്ടണ്‍: പകരക്കാരിയായി ഇറങ്ങിയ വിജയഗോള്‍ സ്വന്തമാക്കിയ കൗമാരക്കാരി സല്‍മ പരല്ലുവേലോയെ ലോക വനിതാ കാല്‍പന്തില്‍ അടയാളപ്പെടുത്തേണ്ട ദിവസമായിരുന്നു ഇന്നലെ. അത് സംഭവിച്ചപ്പോള്‍ ക്വാര്‍ട്ടറില്‍ നിന്നും ഡച്ച് പട പുറത്തേക്ക് തെറിച്ചു.
റെഗുലര്‍ ടൈം മത്സരത്തില്‍ പന്തടക്കവും പാസിങ്ങും മുന്നേറ്റങ്ങളും എല്ലാംകൊണ്ടും നെതര്‍ലന്‍ഡ്‌സിന്റെ ഇരട്ടിമികവ് കാട്ടിയാണ് സ്‌പെയിന്‍ നിലകൊണ്ടത്. പക്ഷെ ഗോളടിക്കാന്‍ മാത്രം ഡച്ച് പട സമ്മതിച്ചില്ല. ഒരു ആശ്വാസമായി 81-ാം മിനിറ്റില്‍ കിട്ടിയ പെനല്‍റ്റി പിഴവുകളില്ലാതെ മരിയോന കാര്‍ഡെന്റി ലക്ഷ്യത്തിലെത്തിച്ചു.
സ്‌പെയിന്‍ ജയം ഉറപ്പിച്ചുനില്‍ക്കെ നെതര്‍ലന്‍ഡ്‌സ് ഇന്‍ജുറി ടൈമില്‍ സ്റ്റെഫാനി വാന്‍ ഡെറിലൂടെ തിരിച്ചടിച്ചു. സമനിലയെ തുടര്‍ന്ന് അധികസമയത്തിലേക്ക് പോയ മത്സരത്തില്‍ മാസ്മരിക മുന്നേറ്റവുമായെത്തിയ സല്‍മ ഇടംകാല്‍കൊണ്ട് പന്ത് വലയിലെത്തിച്ചു.
71-ാം മിനിറ്റില്‍ വലത് വിങ്ങര്‍ ആല്‍ബാ റെഡെന്റോയുടെ പകരക്കാരിയായാണ് സല്‍മ പരല്ലുവേലോ കളത്തിലെത്തിയത്. ക്വാര്‍ട്ടര്‍ അധിക സമയ മത്സരത്തിന്റെ രണ്ടാം പകുതി പുരോഗമിക്കവെ സ്പാനിഷ് ഹാഫില്‍ നിന്നും ആരംഭിച്ച ലോങ് പാസുകള്‍ക്കൊടുവില്‍ ഗോളില്‍ കലാശിക്കുകയായിരുന്നു.
ഇന്നലെ നടന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ജപ്പാനെ കരുത്തോടെ തോല്‍പ്പിച്ച സ്വീഡന്‍ ആണ് സെമിയില്‍ സ്‌പെയിന്റെ എതിരാളികള്‍. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 1.30ന് ന്യൂസിലാന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ ഇരുവരും തമ്മില്‍ സെമി പോരാട്ടത്തില്‍ ഏറ്റുമുട്ടും.
വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ ഇന്നത്തെ ക്വാര്‍ട്ടറുകളടക്കം ആറ് മത്സരങ്ങളാണ് ബാക്കിയുള്ളത്. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിക്കുള്ള ടീമുകള്‍ കൂടി ഇന്ന് ജയിച്ച് മുന്നേറും. രണ്ട് സെമി മത്സരങ്ങള്‍ക്ക് ശേഷം ജയിക്കുന്നവര്‍ 20ന് ഫൈനല്‍ കളിക്കും. തോല്‍ക്കുന്നവര്‍ ശനിയാഴ്ച ലൂസേഴ്‌സ് ഫൈനലില്‍ പോരടിക്കും.
പോരാട്ടം ഇന്ന്: ആതിഥേയര്‍ ഫ്രാന്‍സിനെതിരെ; ഇംഗ്ലണ്ട്-കൊളംബിയ
സിഡ്‌നി: ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ അവസാനിക്കും. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയ ഫ്രാന്‍സിനെ നേരിടും. ഉച്ചയ്‌ക്ക് 12.30ന് ബ്രിസ്‌ബേനിലെ സണ്‍കോര്‍പ്പ് സ്റ്റേഡിയത്തിലാണ് പോരാട്ടം.
വൈകീട്ട് നാലിന് നടക്കുന്ന രണ്ടാമത്തെ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടും കൊളംബിയയും തമ്മില്‍ ഏറ്റുമുട്ടും. തുല്യശക്തികളുടെ പോരാട്ടം കടുത്ത മത്സരമായിരിക്കുമെന്നുറപ്പ്. സിഡ്‌നിയിലെ സ്റ്റേഡിയം ഓസ്‌ട്രേലിയയിലാണ് മത്സരം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: