മല്ലപ്പള്ളി: കീഴ്വായ്പൂര് ആയുര്‍വേദ ആശുപത്രിക്കായി ഒരുകോടി നാല്‍പ്പത് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം കാടുകയറിയ അവസ്ഥയില്‍. 2020 ഓഗസ്റ്റ് 26-ന് ഉദ്ഘാടനം ചെയ്ത കെട്ടിടം ഇതേവരെ തുറന്നിട്ടില്ല.
ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ തസ്തിക അനുവദിക്കാത്തതാണ് തടസ്സത്തിന് കാരണം. ജില്ലയില്‍നിന്ന് ആരോഗ്യമന്ത്രി ഉണ്ടായിട്ടും ഇക്കാര്യത്തില്‍ നീക്കമുണ്ടായിട്ടില്ല.
രണ്ട് നിലകളിലായി 20 കിടക്കകള്‍ ഇടാവുന്ന വാര്‍ഡ്, പഞ്ചകര്‍മ തിയേറ്റര്‍, തിരുമ്മ്-ഉഴിച്ചില്‍ സൗകര്യം, പരിശോധനാമുറി, ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മുറികള്‍, ഫാര്‍മസി, സ്റ്റോര്‍, ഭക്ഷണശാല, സന്ദര്‍ശകമുറി, 12 ശൗചാലയങ്ങള്‍ എന്നിവ തയ്യാറാക്കിയിരുന്നു.
ഏഴായിരം ചതുരശ്രയടിയാണ് കെട്ടിടത്തിന്റെ വിസ്താരം. മുകള്നിലയുടെ ബാക്കിഭാഗംകൂടി പൂര്‍ത്തിയാകുമ്പോള്‍ മുപ്പത് കിടക്കകളോടെ താലൂക്ക് ആശുപത്രിയാകും എന്നാണ് പറഞ്ഞിരുന്നത്.
രണ്ടും മൂന്നും നിലകളും കോണ്‍ഫറന്‍സ് ഹാള്‍, ചുറ്റുമതില്‍ എന്നിവയും തീര്‍ക്കും. ആയുഷ് യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, തെറാപ്പിസ്റ്റ് പരിശീലനം, ഔഷധസസ്യകൃഷി എന്നിവ നടത്തും. ആയുഷ് മന്ത്രാലയത്തിന്റെ ബ്ലോക്ക് റിസോഴ്സ് സെന്ററാക്കും.-എന്നൊക്കെയായിരുന്നു പണി തുടങ്ങുമ്പോഴുള്ള മറ്റ് പ്രഖ്യാപനങ്ങള്‍.
എന്നാല്‍ കിടക്കകളും മറ്റ് ഉപകരണങ്ങളും പോലും എത്തിച്ചിട്ടില്ല. 1960 മുതല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്പെന്സറിക്കായി 1992-ല്‍ കീഴ്വായ്പൂര് വികസനസമിതി 40 സെന്റ് വാങ്ങി നല്‍കുകയായിരുന്നു. ഇപ്പോള്‍ ഇവിടെ കുന്നുപോലെ മണ്ണ് കൂട്ടിയിട്ടിരിക്കുകയാണ്. ഇത് നീക്കംചെയ്ത് ചുറ്റുമതില്‍ കൂടി നിര്‍മിച്ചാല്‍ മരുന്നുചെടികള്‍ നടാനും മറ്റ് കാര്യങ്ങള്‍ക്കും ഉപകരപ്പെടുത്തമെന്നാണ് നട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: