ന്യൂദല്‍ഹി: ഇന്ത്യൻ ക്രിമിനൽ നിയമങ്ങളിൽ അടിമുടി മാറ്റം വരുത്താനുദ്ദേശിച്ച് അമിത് ഷാ അവതരിപ്പിച്ച മൂന്ന് ബില്ലുകളില്‍ കൃത്യസമയത്ത് ഫലപ്രദമായ ശിക്ഷ കുറ്റവാളികള്‍ക്ക് നല്‍കുന്നത് ഉറപ്പാക്കുന്നു. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷലഭിക്കുന്നതിന്റെ അനുപാതം 90 ശതമാനത്തിന് മുകളിൽ എത്തിക്കുകയും ലക്ഷ്യമാണ്.
ഐപിസിയിൽ 511 വകുപ്പുകളാണ് ഉണ്ടായിരുന്നതെങ്കിൽ അതിന് പകരം ഭാരതീയ ന്യായ സംഹിത എന്ന പുതിയ പേരില്‍ അവതരിപ്പിക്കുന്ന ശിക്ഷാ നിയമത്തില്‍ 356 വകുപ്പുകളേ ഉണ്ടാകൂ.
12 വയസ്സില്‍ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കും. 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള തടവ് ശിക്ഷാകാലാവധി ഉയര്‍ത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളില്‍ ഫലപ്രദമായ ശിക്ഷകള്‍ ഇല്ലാത്തതിനാല്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സ്ഥിതിവിശേഷം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത് പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ ശക്തമായ ചുവടുവെയ്‌പാണ്.
ജീവപര്യന്തം തടവുശിക്ഷ എന്നാൽ ജീവിതകാലം മുഴുവൻ തടവുശിക്ഷ ആയിരിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി പണം നൽകുന്നവർക്ക് തടവുശിക്ഷ നല്‍കും.
പുതിയ നിയമ പ്രകാരം തീവ്രവാദം, ആൾക്കൂട്ടക്കൊല, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവയ്‌ക്ക് ശക്തമായ നിയമനടപടി ഉണ്ടാവും. രാജ്യദ്രോഹ പ്രവർത്തനത്തിനും കൂട്ടബലാത്സംഗത്തിനും 20 വർഷം തടവ് ഉറപ്പ്. ആൾക്കൂട്ട കൊലപാതകത്തിന് വധശിക്ഷ നൽകുന്ന നിബന്ധനകളും പുതിയ നിയമങ്ങളിലുണ്ട്.
ഏഴ് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കുന്ന കുറ്റമാണെങ്കിൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ പരിശോധന ഉറപ്പാക്കും. ഇത് അന്വേഷണത്തിന് സഹായകമാകും. 90 ദിവസത്തിനുള്ളിൽ പോലീ ഉദ്യോഗസ്ഥർ കുറ്റപത്രം സമർപ്പിക്കണം. കോടതിക്ക് മാത്രമാകും അത് നീട്ടാൻ സാധിക്കുക. അതും 90 ദിവസം കൂടി മാത്രമെ നീട്ടി നൽകൂ. കുറ്റ പത്രം സമർപ്പിക്കാനുള്ള പരമാവധി സമയം 180 ആണ്. ജഡ്ജിക്ക് പോലും വിചാരണയും ഉത്തരവും വൈകിപ്പിക്കാൻ സാധിക്കില്ല.
ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങള്‍ ഒരു ഭാരതീയ ടച്ച് നല്‍കുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) എന്നതിന് പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനൽ നടപടി ചട്ടത്തിന് (സിആർപിസി) പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യൻ എവിഡൻസ് ആക്ടിന് പകരം ഭാരതീയ സാക്ഷ്യ സംഹിത എന്നിങ്ങനെ പുതിയ മൂന്ന് പേരുകളിലാണ് മൂന്ന് ബില്ലുകളാണ് അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: