തിരുവനന്തപുരം: മെഡിക്കല്‍ കോളജ്, എസ്എറ്റി ആശുപത്രികളില്‍ അനധികൃത നിയമനത്തിന് കളമൊരുക്കി വികസനസമിതിയും സിപിഎം രാഷ്ട്രീയ നേതൃത്വവും. ബുധനാഴ്ച നടന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് അനധികൃത നിയമനത്തിന് വഴിയൊരുക്കുന്ന തീരുമാനം കൈക്കൊണ്ടത്. മന്ത്രിമാരായ ആന്റണിരാജു, ശിവന്‍കുട്ടി, വീണാജോര്‍ജ്, ജി.ആര്. അനില്‍ എന്നിവരുടെ പ്രതിനിധികളും എംഎല്‍എ കടകംപള്ളി സുരേന്ദ്രന്, കൗണ്‍സിലര്‍ ഡി.ആര്. അനില്‍ എന്നിവരുമുള്‍പ്പെടുന്ന സംഘമാണ് കളക്ടറെ നോക്കുകുത്തിയാക്കി ആള്‍ബലത്താല്‍ അനധികൃത നിയമനത്തിന് അംഗീകാരം ഐകകണ്ഠേന പാസാക്കിയത്. വികസനസമിയിലെ എക്സിക്യുട്ടീവ് അംഗമല്ലാത്ത കൗണ്‍സിലര്‍ ഡി. ആര്. അനിലിനെ യോഗത്തില്‍ പങ്കെടുപ്പിച്ചത് സിപിഎമ്മിന്റെ കര്‍ശന നിര്‍ദേശം മൂലമാണെന്ന് വിലയിരുത്തപ്പെടുന്നു. നിയമനക്കത്തുവിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നഗരസഭ മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സ്ഥാനത്തുനിന്ന് നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ആളാണ് ഡി.ആര്. അനില്‍. ഡി.ആര്. അനില്‍ യോഗത്തില്‍ പങ്കെടുത്തത് പാര്‍ട്ടിക്കാരെ തെരഞ്ഞുപിടിച്ച് നിയമിക്കാനാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
താല്‍ക്കാലിക നിയമനം എംപ്ലോയ്മെന്റ് വഴി ആക്കിയതോടെയാണ് പിരിച്ചുവിടപ്പെട്ട സിപിഎം പ്രവര്‍ത്തകരായവരെ വികസനസമിതിയുടെ പേരില്‍ വീണ്ടും തിരുകിക്കയറ്റുന്നത്. പിരിച്ചുവിട്ടവരുടെ പുനരധിവാസം ഉറപ്പിക്കലെന്ന പേരിലാണ് കുടുംബശ്രീയുടെ മറവിലുള്ള സിപിഎമ്മിന്റെ ജോലിക്കച്ചവടം. ഒഴിവാക്കപ്പെട്ട 140 പേരില്‍ 32 പേരെ ഇതിനകം തിരിച്ചെടുത്തിട്ടുണ്ട്. ബാക്കിയുള്ളവരെ തിരുകിക്കയറ്റാനാണ് ബുധനാഴ്ച നടന്ന വികസന സമിതി യോഗത്തില്‍ തീരുമാനമായത്.
വികസന സമിതിക്ക് കീഴില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് എല്ലാവരേയും നിയമിക്കാന്‍ കഴിയാത്തതിനാല്‍ വികസന സമിതിയുടെ നിയന്ത്രണത്തില്‍ വാഹനപാര്‍ക്കിംഗ്, ഡോര്‍മിറ്ററി, പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന്, കഫറ്റേരിയ നടത്തിപ്പ് എന്നിവിടങ്ങളില്‍ നിയോഗിച്ച് ഇവിടങ്ങളില്‍ നിന്നുള്ള വരുമാനത്തിലൂടെ ജീവനക്കാരുടെ വേതനം കണ്ടെത്തണമെന്ന നിര്‍ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന വരുമാനത്തില്‍ നിയമിക്കുന്ന മുഴുവന്‍ പേരുടേയും വേതനം ഉറപ്പാക്കാന്‍ കഴിയില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തിരികെ എടുത്തവര്‍ക്ക് മാത്രം വേതനം നല്‍കുന്നതിന് പ്രതിമാസം ഏഴു ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് വികസനസമിതിക്ക് വരുന്നത്. ഈ സാഹചര്യത്തില്‍ ബാക്കിയുള്ള 108 പേരെക്കൂടി നിയമിക്കുമ്പോള്‍ കൂടുതല്‍ ബാധ്യതയാകും വികസനസമിതിക്കുണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: